SOCIAL

1,24,832 രൂപയുടെ സ്വര്‍ണം അബദ്ധത്തില്‍ വിഴുങ്ങി പതിനൊന്നുകാരന്‍; മകനെ വീട്ടില്‍ നിന്നും പുറത്തുവിടാതെ അമ്മ

അഞ്ച് ദിവസം കാത്തിരുന്നിട്ടും സ്വർണം പുറത്തുവരാതായതോടെയാണ് ആശുപത്രിയിലെത്തിയത്

Author : ന്യൂസ് ഡെസ്ക്

ചൈനയില്‍ പതിനൊന്നു വയസുകാരന്‍ അബദ്ധത്തില്‍ സ്വര്‍ണം വിഴുങ്ങിയതായി വാര്‍ത്ത. 10,000 യുവാന്‍ (ഏകദേശം 1,24,832.20) മൂല്യം വരുന്ന സ്വര്‍ണമാണ് കുട്ടി വിഴുങ്ങിയത്. തെക്കുകിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലുള്ള കുന്‍ഷന്‍ എന്ന സ്ഥലത്താണ് സംഭവം.

സ്വര്‍ണം വിഴുങ്ങിയതോടെ, മകനെ പുറത്തുവിടാതെയിരിക്കുകയാണെന്ന് അമ്മ പറഞ്ഞതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

17 ഗ്രാമിന്റെ സ്വര്‍ണ മണിയാണ് കുട്ടി വിഴുങ്ങിയത്. ഒക്ടോബര്‍ 17 നാണ് കുട്ടിയുടെ അമ്മ സ്വര്‍ണ മണി വാങ്ങിയത്. ഇത് കൊണ്ട് കളിച്ച കുട്ടി വായിലേക്കിട്ടപ്പോള്‍ അബദ്ധത്തില്‍ വിഴുങ്ങിപ്പോകുകയായിരുന്നു.

സ്വര്‍ണം വിഴുങ്ങിയ കാര്യം മകന്‍ തന്നെയാണ് അമ്മയോട് പറഞ്ഞത്. വായിലിട്ടപ്പോള്‍ അബദ്ധത്തില്‍ വിഴുങ്ങിപ്പോകുകയായിരുന്നുവെന്നാണ് കുട്ടി പറഞ്ഞത്. മകന്‍ തമാശ പറഞ്ഞതാണെന്നാണ് അമ്മ ആദ്യം കരുതിയത്. എന്നാല്‍, സ്വര്‍ണം കാണാതായതോടെ ശരിക്കും വിഴുങ്ങിയതാണെന്ന് ബോധ്യമായി. ഇതോടെ അമ്മയും പരിഭ്രാന്തയായി. മകന് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമോ എന്നായിരുന്നു ആശങ്ക.

മുമ്പൊരിക്കല്‍ തന്റെ അനന്തരവളും ഇതുപോലെ സ്വര്‍ണം വിഴുങ്ങിയിരുന്നതായി സ്ത്രീ പറഞ്ഞു. അന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ പേടിക്കേണ്ടതില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. വിസര്‍ജ്യത്തിനൊപ്പം സ്വര്‍ണം പുറത്തുവരുമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു.

ഇതോടെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് അടുത്തതായി എന്ത് ചെയ്യണമെന്ന് മനസ്സിലാക്കി. വിലകൂടിയ വസ്തു അകത്തിരിക്കുന്നതിനാല്‍ മകനെ അധികം പുറത്തേക്ക് വിട്ടില്ലെന്നും അമ്മ പറയുന്നു. ഓരോ തവണയും ടോയ്‌ലറ്റില്‍ പോകുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മകനോട് നിര്‍ദേശിച്ചു. അഞ്ച് ദിവസം തുടര്‍ച്ചയായി നിരീക്ഷിച്ചിട്ടും സ്വര്‍ണം ലഭിക്കാതായതോടെ അമ്മയ്ക്ക് ആശങ്കയായി.

ഓക്ടോബര്‍ 26 ന് മകനേയും കൂട്ടി അമ്മ ആശുപത്രിയിലെത്തി. സ്‌കാനിങ്ങില്‍ സ്വര്‍ണം വയറ്റില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് കണ്ടെത്തി. കുട്ടിക്ക് വേദനയോ ശര്‍ദലോ മറ്റ് അസ്വസ്ഥതകളോ ഉണ്ടായിരുന്നില്ല. വൈകുന്നേരത്തോടെ സ്വര്‍ണം പുറത്തെടുത്തു.

SCROLL FOR NEXT