ക്രിസ്റ്റിന്‍ കബോട്ടിനെയും ആന്‍ഡി ബൈറണിനേയും ഓര്‍ക്കുന്നുണ്ടോ? അല്‍പനാള്‍ മുമ്പ് സോഷ്യല്‍മീഡിയയില്‍ വൈറലായ വ്യക്തികളായിരുന്നു ഇരുവരും. അപ്രതീക്ഷിതമായി ലഭിച്ച പ്രശസ്തിക്ക് ഇരുവരും വലിയ വിലയും നല്‍കേണ്ടി വന്നിരുന്നു. ഇനിയും തിരിച്ചറിഞ്ഞില്ലെങ്കില്‍ കോള്‍ഡ് പ്ലേ കണ്‍സേര്‍ട്ടിനിടയില്‍ വൈറലായ ആ ചിത്രത്തെ കുറിച്ച് ഓര്‍ക്കുക.
അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ഇരുവരുടേയും ചിത്രങ്ങള്‍ വാര്‍ത്തയായിരുന്നു. അമേരിക്കയിലെ ബോസ്റ്റണില്‍ നടന്ന കോള്‍ഡ് പ്ലേയുടെ സംഗീത നിശയ്ക്കിടെയായിരുന്നു ആന്‍ഡി ബൈറണും ക്രിസ്റ്റിന്‍ കബോട്ടും ചേര്‍ന്നു നില്‍ക്കുന്നത് സ്‌റ്റേഡിയത്തിലെ സ്‌ക്രീനില്‍ തെളിഞ്ഞത്. ആസ്‌ട്രോണമര്‍ എന്ന കമ്പനിയുടെ സിഇഒ ആയിരുന്നു ആന്‍ഡി ബൈറണ്‍. ക്രിസ്റ്റിന്‍ കബോട്ട് ആകട്ടെ സ്ഥാപനത്തിലെ എച്ച് ആര്‍ വിഭാഗം മേധാവിയും.
ഇരുവരും പരസ്പരം ആലിംഗനം ചെയ്ത് നില്‍ക്കുന്ന ദൃശ്യങ്ങളില്‍ പതിഞ്ഞ ഉടനെ ബൈറണ്‍ ക്യാമറയില്‍ നിന്ന് മറഞ്ഞു നിന്നു, ക്രിസ്റ്റിന്‍ മുഖം കൈകള്‍ കൊണ്ട് മറച്ചു. അതായിരുന്നു പ്രശ്‌നവും. രണ്ട് പേരും തമ്മിലുള്ള ബന്ധം അതുവരെ രഹസ്യമായിരുന്നു, ആ ബന്ധമാണ് ഒറ്റ നിമിഷത്തിനുള്ളില്‍ ലോകം മുഴുവന്‍ അറിഞ്ഞത്. ആന്‍ഡി ബൈറണ്‍ വിവാഹിതനായിരുന്നു എന്നതും ക്രിസ്റ്റിന്‍ കബോട്ട് അദ്ദേഹത്തിന്റെ കീഴിലുള്ള ജീവനക്കാരിയായിരുന്നു എന്നതും സംഭവത്തെ വിവാദമാക്കിയത്.
വീഡിയോ വൈറലായതോടെ ഇരുവര്‍ക്കും വ്യക്തി ജീവിതത്തിലും കരിയറിലും വലിയ വില നല്‍കേണ്ടി വന്നു. ആന്‍ഡി ബൈറണും ക്രിസ്റ്റിന്‍ കബോട്ടും തങ്ങളുടെ ഉന്നത പദവികളില്‍ നിന്ന് രാജിവെക്കേണ്ടി വന്നു. ആന്‍ഡി ബൈറണിന്റെ ഭാര്യ വിവാഹമോചനത്തിന് ഒരുങ്ങുന്നതായും വാര്‍ത്തകള്‍ വന്നു.
മാസങ്ങള്‍ക്കുശേഷം ക്രിസ്റ്റിന്‍ കബോട്ട് ഒരു അഭിമുഖത്തില്‍ പറഞ്ഞത്, ആ ഒരു നിമിഷം തന്റെ കരിയറും ജീവിതവും തകര്‍ത്തുവെന്നാണ്. ആ സമയത്ത് താന്‍ മദ്യപിച്ചിരുന്നെന്നും അതൊരു തെറ്റായ തീരുമാനമായിരുന്നുവെന്നും ക്രിസ്റ്റിന്‍ സമ്മതിച്ചു.
ഇപ്പോള്‍, വീണ്ടും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ് ക്രിസ്റ്റിന്‍. വാഷിങ്ടണില്‍ ഏപ്രില്‍ 16 ന് നടക്കുന്ന പിആര്‍ വീക്കിന്റെ 2026 ക്രൈസിസ് കോംസ് കോണ്‍ഫറന്‍സില്‍ സംസാരിക്കാന്‍ ഒരുങ്ങുകയാണ് ക്രിസ്റ്റിന്‍. തന്റെ ഭാഗം വ്യക്തമാക്കാന്‍ ക്രിസ്റ്റഇന്‍ കബോട്ട് എത്തുന്നു എന്ന പേരില്‍ പിആര്‍ വീക്കിന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കപ്പെട്ട പോസ്റ്റും ഈ സമയം കൊണ്ട് ചര്‍ച്ചയായിക്കഴിഞ്ഞു.
കൗതുകകരമായ കാര്യം എന്തെന്നാല്‍, ക്രിസ്റ്റിന്‍ പങ്കെടുക്കുന്ന സെഷന്റെ ടിക്കറ്റുകളെല്ലാം ഇതിനകം വിറ്റുകഴിഞ്ഞു എന്നതാണ്. ഒരു ടിക്കറ്റിന്റെ വില 875 ഡോളറായിരുന്നു. ഏകദേശം 78,990 രൂപ വരും ഇത്. അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സെഷനില്‍ ജീവിതവും കരിയറും മാറ്റിമറിച്ച വിവാദത്തെ കുറിച്ച് മനസ്സ് തുറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.