വീഡിയോയിൽ നിന്ന് Source: X/ @Abhishekkkk10
SOCIAL

തന്നേക്കാൾ വലിയ പാഴ്സലുമായി ഡെലിവറി ബോയ് നടന്നുകയറിയത് ആറ് നില; വീഡിയോ വൈറലായതിന് പിന്നാലെ വ്യാപക പ്രതിഷേധം

വീഡിയോ വൈറലായതിന് പിന്നാലെ ഡെലിവറി ബോയ്സിന് ലിഫ്റ്റ് നിഷേധിക്കുന്ന ഹൗസിംഗ് സൊസൈറ്റികൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്.

Author : ന്യൂസ് ഡെസ്ക്

ഭാരമേറിയ ഒരു വലിയ പാഴ്സലുമായി ആറ് നിലകളുടെ പടികൾ നടന്നുകയറുന്ന ഒരു ഡെലിവറി ബോയിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇതിന് പിന്നാലെ ഡെലിവറി ബോയ്സിന് ലിഫ്റ്റ് നിഷേധിക്കുന്ന ഹൗസിംഗ് സൊസൈറ്റികൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്.

വീഡിയോയിൽ ഒരു ഡെലിവറി ബോയ് തന്നേക്കാൾ വലിയ ഒരു പാഴ്സൽ ചുമന്ന് പടികൾ കയറുന്നത് കാണാം. ഹൗസിംഗ് സൊസൈറ്റിയിലെ ലിഫ്റ്റ് ഉപയോഗിക്കാൻ അദ്ദേഹത്തെ അനുവദിക്കാതിരുന്നതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആറ് നിലകളാണ് ഇത്തരത്തിൽ ഭാരമേറിയ പാഴ്സലുമായി അദ്ദേഹത്തിന് നടന്ന് കയറേണ്ടി വന്നത്. @Abhishekkkk10 എന്നയാൾ പങ്കുവച്ച വീഡിയോയിൽ ഡെലിവറി ഏജൻ്റ് നടക്കുന്നതിനിടയിൽ അയാളുടെ ബാലൻസ് നഷ്ടപ്പെടുന്നത് കാണാം. സൊസൈറ്റിയിലെ ലിഫ്റ്റ് ഉപയോഗിക്കാൻ ഡെലിവറി ഏജൻ്റുമാരെ അനുവദിക്കില്ലെന്നും ആറാം നിലയിലേക്ക് ഭാരമുള്ള സാധനങ്ങൾ കൊണ്ടുവരാൻ ഡെലിവറി ഏജൻ്റിന് പടികൾ കയറേണ്ടി വന്നുവെന്നും കുറിച്ചുകൊണ്ടാണ് വീഡിയോ എക്സിൽ പങ്കുവച്ചത്.

നിരവധി പേരാണ് വീഡിയോക്ക് രൂക്ഷ പ്രതികരണവുമായി എത്തിയത്. മനുഷ്യത്വരഹിതവും വിവേചനപരവുമായ രീതിയെന്ന് ഒരാൾ കമന്റ് ചെയ്തു. പലരും ഡെലിവറി തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി. ചിലർ ലിഫ്റ്റിൽ അറ്റകുറ്റപ്പണി നടക്കുകയായിരിക്കുമെന്നും സർവീസ് എലിവേറ്ററുകളുടെ അഭാവമാകുമെന്നും പറഞ്ഞ് അധികൃതരെ ന്യായീകരിച്ചു. ഇന്ത്യയിൽ തൊഴിലാളികൾക്ക് വില കുറവാണ്, വിലകുറഞ്ഞ എന്തിനും ബഹുമാനമോ മനുഷ്യത്വപരമായ പരിഗണനയോ ലഭിക്കില്ലെന്ന് മറ്റൊരാൾ കമന്റ് ചെയ്തു.

ഡെലിവറി ബോയ്സ് അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ച് വ്യാപകമായ ചർച്ചയ്ക്കാണ് വീഡിയോ വഴി തുറന്നിരിക്കുന്നത്. ലിഫ്റ്റ് നിഷേധിക്കുന്ന ഹൗസിംഗ് സൊസൈറ്റികൾക്കെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്.

SCROLL FOR NEXT