Source: X
SOCIAL

ശൈത്യത്തെ തുരത്താൻ 'ദീദി എസ് കമെസ്‌നിക്ക'; ക്രൊയേഷ്യയിലെ വേറിട്ട ആചാരം

ആട്ടിൻ തോലണിഞ്ഞും മണികൾ മുഴക്കിയും വയോധികർ വീടുകൾ തോറും കയറിയിറങ്ങുന്നതാണ് ആചാരം...

Author : ന്യൂസ് ഡെസ്ക്

ക്രൊയേഷ്യ: യൂറോപ്പിലെ ശൈത്യകാലം അവസാനിക്കാറായതോടെ ക്രൊയേഷ്യയിലെ ഗ്രാമങ്ങൾ ഉത്സവലഹരിയിലാണ്. ഐശ്വര്യപൂർണമായി വസന്തത്തെ വരവേൽക്കുന്നതാണ് 'ദീദി എസ് കമെസ്‌നിക്ക' എന്ന വിചിത്രമായ ആചാരം. ആട്ടിൻ തോലണിഞ്ഞും മണികൾ മുഴക്കിയും വയോധികർ വീടുകൾ തോറും കയറിയിറങ്ങുന്നതാണ് ആചാരം.

വടക്കൻ ക്രൊയേഷ്യയിലെ ശാന്തമായ ഗ്ലെവ് ഗ്രാമത്തിലെങ്ങും ഇപ്പോൾ മണി കിലുക്കമാണ്. വർണാഭമായ റിബണുകളും മുട്ടനാടിന്റെ രോമങ്ങൾ കൊണ്ടുള്ള വലിയ തൊപ്പികളും ധരിച്ച വയോധികർ വീടുതോറും നൃത്തം ചവിട്ടി കയറി ഇറങ്ങും. ഇവർക്കൊപ്പം ഗർഭിണിയായ ഒരു മണവാട്ടിയുമുണ്ടാകും. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ആചാരത്തിന് പിന്നിൽ ഒരു കഥയുണ്ട്. ഈ മണവാട്ടിക്ക് വേണ്ടിയുള്ള മണവാളനെ തിരഞ്ഞാണ് സംഘം ഓരോ വീടുകളിലും എത്തുന്നത്.

ഓരോ വീട്ടിലും എത്തുമ്പോൾ വീട്ടുകാർ ഇവരെ ഭക്ഷണവും പാനീയങ്ങളും നൽകി സ്വീകരിക്കും. മണവാളൻ അവിടെയുണ്ടോ എന്ന ചോദ്യത്തിന് 'ഇല്ല' എന്ന മറുപടി കിട്ടുന്നതോടെ സംഘം അടുത്ത വീട്ടിലേക്ക് നീങ്ങും. ഗ്രാമത്തിലെ അവസാന വീട് വരെ തിരച്ചിൽ തുടരുമെങ്കിലും മണവാളനെ കണ്ടെത്താനാകില്ല. അതുകൊണ്ട് തന്നെ എല്ലാ വർഷവും ഈ തിരച്ചിൽ തുടരും. കഠിനമായ മഞ്ഞുകാലം ഗ്രാമീണർക്ക് പണ്ട് ദുരിതങ്ങൾ സമ്മാനിച്ചിരുന്നു. ആ കഷ്ടപ്പാടുകളിൽ നിന്ന് മോചനം നേടാനും വസന്തത്തെ വരവേൽക്കാനും വേണ്ടിയാണ് ഈ വിചിത്രമായ ആഘോഷം നടത്തുന്നത്.

മണികൾ കിലുക്കിയുള്ള ഇവരുടെ ഓട്ടം ഗ്രാമത്തിന് പുത്തൻ ഉണർവ് നൽകുന്നു. പാരമ്പര്യത്തിന്റെ ഓർമകൾ നിലനിർത്തി ഇന്നും ഈ ആചാരം കാത്തുസൂക്ഷിക്കുകയാണ് ഗ്രാമവാസികൾ.

SCROLL FOR NEXT