മിക്കവാറും എല്ലാ കമ്പനികളും ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാരെ അഭിനന്ദിക്കുകയും ചെറിയ സമ്മാനങ്ങളുമൊക്കെ കൊടുക്കുന്നത് പതിവാണ്. കമ്പനിക്ക് വലിയ നേട്ടമുണ്ടാക്കാന്‍ അക്ഷീണം പ്രയത്‌നിക്കുന്ന ജീവനക്കാര്‍ക്ക് ഈ അംഗീകാരം വലിയ പ്രോത്സാഹനവുമാണ്.
ദുബായില്‍ ഒരു റിയല്‍ എസ്‌റ്റേറ്റ് കമ്പനി അവരുടെ ഏറ്റവും മികച്ച ജീവനക്കാരിക്ക് ഗംഭീരമായൊരു സമ്മാനം നല്‍കിയിരിക്കുന്നതാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച. റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനമായ റിച്ച്കീ പ്രോപ്പര്‍ട്ടീസാണ് വമ്പന്‍ നേട്ടമുണ്ടാക്കിയ ജീവനക്കാരിക്ക് വമ്പന്‍ ഉപഹാരം നല്‍കിയത്.
റിച്ച്കീ പ്രോപ്പര്‍ട്ടീസിലെ സൂപ്പര്‍ ഏജന്റായ നതാലിയ ഷാവേസിനാണ് കമ്പനിയില്‍ നിന്ന് അര്‍ഹിച്ച അംഗീകാരം ലഭിച്ചത്. രണ്ട് വര്‍ഷത്തിനുള്ളില്‍ 500 ദശലക്ഷം ഡോളറിലധികം വില്‍പ്പനയാണ് നതാലിയ ഷാവേസ് എന്ന ഏജന്റ് നേടിയത്.
കമ്പനിയുടെ മൂന്നാം വാര്‍ഷികാഘോഷത്തില്‍ നതാലിയയെ അര്‍ഹിക്കുന്ന രീതിയില്‍ തന്നെ റിച്ച്കീ പ്രോപ്പര്‍ട്ടീസ് ആദരിച്ചു. കമ്പനിയുടെ ടോപ് പെര്‍ഫോമറായ നതാലിയയെ വേദിയിലേക്ക് ക്ഷണിച്ചത് സിഇഒ തന്നെയാണ്. മികച്ച പെര്‍ഫോര്‍മര്‍ക്കുള്ള ട്രോഫി ഏറ്റുവാങ്ങിയ ശേഷം തിരിച്ചു പോകുന്നതിനിടയിലായിരുന്നു നതാലിയയെ അമ്പരപ്പിച്ച ആ സര്‍പ്രൈസ് എത്തിയത്.
ട്രോഫിയുമായി മടങ്ങാനിരുന്ന നതാലിയയെ സിഇഒ ആയ ദബന്‍ ഒത്ത്മാന്‍ സമ്മാനം കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞ് തടഞ്ഞു നിര്‍ത്തി. മറ്റൊരു കാര്യം കൂടി കാണിച്ചു തരാനുണ്ടെന്ന് പറഞ്ഞ് നതാലിയയുടെ കൈപിടിച്ച് നടന്നു.
പിന്നെ ആ സര്‍പ്രൈസ് കാണിച്ചു, നാല് കോടി വിലയുള്ള ബ്രാന്‍ഡ് ന്യൂ ലംബോര്‍ഗിനി ഉറുസ്! കമ്പനിക്കു വേണ്ടി ആത്മാര്‍ത്ഥമായി ജോലി ചെയ്താല്‍ ഇതുപോലെ വലിയ പ്രതിഫലങ്ങള്‍ ലഭിക്കുമെന്ന് എല്ലാവര്‍ക്കും ഒരു ഉറപ്പും സിഇഒ നല്‍കി.
നതാലിയയുടെ വിജയം കമ്പനിയുടെ ആദ്യ മൂന്ന് പാദങ്ങളിലും ആവര്‍ത്തിക്കപ്പെട്ടിരുന്നു. ഒന്നാം പാദത്തില്‍ മൂന്നാം സ്ഥാനവും Q2, Q3 എന്നിവയിലും 2026-ലെ മൊത്തത്തിലുള്ള ടോപ്പ് പെര്‍ഫോമര്‍ പദവിയും നതാലിയ സ്വന്തമാക്കി. ഇതിന് പുറമെ നാല് പ്രധാന പുരസ്‌കാരങ്ങള്‍ നേടിയതും നതാലിയ തന്നെ.
ദുബായില്‍ ലാംബോര്‍ഗിനി ഉറുസിന് ഏകദേശം 9,00,000 ദിര്‍ഹം മുതല്‍ 15,50,000 ദിര്‍ഹം വരെയാണ് വില (ഏകദേശം 2.3 കോടി മുതല്‍ 4 കോടി ഇന്ത്യന്‍ രൂപ).