വിരാട് കോഹ്ലി, അനുഷ്ക ശർമ  Source : X / Shreyas Media
SOCIAL

"അനുഷ്‌കയോട് ട്രോളന്മാര്‍ മാപ്പ് പറയണം"; കോഹ്‌ലിയുടെയും ആര്‍സിബിയുടെയും ഐപിഎല്‍ കിരീട നേട്ടത്തിന് പിന്നാലെ ആരാധകര്‍

നിരന്തരം സൈബര്‍ ആക്രമണവും ട്രോളുകളും നേരിടേണ്ടി വന്നിട്ടും അനുഷ്‌ക വിരാടിനെ പിന്തുണയ്ക്കുന്നത് അവസാനിപ്പിച്ചില്ല. അവര്‍ ഗ്യാലറിയില്‍ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ടു. കോഹ്‌ലി പരാജയപ്പെടുമ്പോള്‍ നിരാശയായി. വിജയങ്ങളില്‍ സന്തോഷിച്ചു.

Author : ന്യൂസ് ഡെസ്ക്

ഐപിഎല്‍ കിരീടത്തിനായുള്ള ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ 18 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനലില്‍ ആര്‍സിബി പഞ്ചാബ് കിംഗ്‌സിനെ പരാജയപ്പെടുത്തി കിരീടം നേടി. വിജയത്തിന് പിന്നാലെ ആര്‍സിബിയുടെ പ്രിയ താരം വിരാട് കോഹ്‌ലി കണ്ണീരോടെ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു.

സന്തോഷത്തോടെ കോഹ്‌ലി തന്റെ ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയെ കെട്ടിപിടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്. കോഹ്‌ലി അനുഷ്‌കയെ കെട്ടിപിടിച്ചുകൊണ്ട് കരയുന്ന ചിത്രങ്ങളും വീഡിയോയും ആരാധകര്‍ സന്തോഷത്തോടെ സമൂഹമാധ്യമത്തില്‍ പങ്കിട്ടു. ആര്‍സിബിയുടെ ആദ്യ കിരീട നേട്ടം ആഘോഷിക്കുന്ന താര ദമ്പതികളുടെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമത്തില്‍ നിറയുകയാണ്.

വിരാട് കോഹ്ലി, അനുഷ്ക ശർമ

ഐപിഎല്‍ ട്രോഫി പിടിച്ചുകൊണ്ട് വിരാട് കോഹ്‌ലിക്കൊപ്പം നില്‍ക്കുന്ന അനുഷ്‌കയെ നമുക്ക് ചിത്രങ്ങളില്‍ കാണാം. അവര്‍ക്കൊപ്പം ആരാധകരും വികാരഭരിതരായിരിക്കുകയാണ്. ആര്‍സിബിയുടെ വിജയത്തിന് പിന്നാലെ ട്രോളന്മാരോട് കാലങ്ങളായുള്ള കളിയാക്കലുകള്‍ക്ക് അനുഷ്‌ക ശര്‍മയോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ആരാധകര്‍.

ആര്‍സിബി കളികളില്‍ പരാജയപ്പെടുമ്പോഴും കോഹ്‌ലി ഫോം ഔട്ടാകുമ്പോഴും നിരന്തരം അനുഷ്‌കയെ ആളുകള്‍ ട്രോളിക്കൊണ്ടിരുന്നിരുന്നു. ഭര്‍ത്താവിനെ പിന്തുണയ്ക്കാനായി ഗ്യാലറിയില്‍ എത്തുന്നതിന്റെ പേരിലാണ് ഈ സൈബര്‍ ആക്രമണങ്ങള്‍. എന്നാല്‍ കോഹ്‌ലിയും സംഘവും ഐപിഎല്‍ കിരീടം നേടിയതോടെ 'പഴയ ട്രോളുകളെ' വിമര്‍ശിച്ചെത്തിയിരിക്കുകയാണ് ഒരു കൂട്ടം ആരാധകര്‍. ഇനിയെങ്കിലും അനുഷ്‌കയ്ക്ക് കുറച്ച് ക്രെഡിറ്റ് നല്‍കണം എന്നാണ് ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നത്.

"ഇപ്പോഴെങ്കിലും അനുഷ്‌ക ശര്‍മയ്ക്ക് കുറച്ച് ക്രെഡിറ്റ് നല്‍കുക. കോഹ്‌ലിയുടെ പരാജയങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും അവരെ ട്രോളാന്‍ തയ്യാറായിരുന്നെങ്കില്‍ ഇപ്പോള്‍ അനുഷ്‌കയെ ആഘോഷിക്കുകയും വേണം. അതാണ് ന്യായം", എന്ന് ഒരു ആരാധകന്‍ എക്‌സില്‍ കുറിച്ചു.

"അനുഷ്‌ക ശര്‍മയെ ക്രൂരമായി ട്രോളിയ എല്ലാവരും അവരോട് മാപ്പ് ചോദിക്കണം. ആര്‍സിബി ആരാധകരുടെ യഥാര്‍ത്ഥ വിജയമാണിത്", എന്നായിരുന്നു മറ്റൊരു കമന്റ്. "ഓരോ ആര്‍സിബി ആരാധകരുടെയും സ്വപ്‌നമായിരുന്നു ഇത്. എപ്പോഴും നമ്മുടെ കിംഗിന്റെ പക്ഷത്ത് നിന്ന അനുഷ്‌കയ്ക്ക് നന്ദി. ഇത്രയും ട്രോളുകളും അപമാനവും ഏറ്റുവാങ്ങിയിട്ടും നിങ്ങള്‍ അദ്ദേഹത്തിനൊപ്പമായിരുന്നു", എന്നാണ് മറ്റൊരു ആരാധകന്റെ എക്‌സ് പോസ്റ്റ്.

ആര്‍സിബിയുടെ വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ വിരാട് അനുഷ്‌കയെ പ്രശംസിച്ചിരുന്നു. "നിങ്ങളുടെ ജീവിത പങ്കാളി നിങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന ത്യാഗങ്ങള്‍, പ്രതിബദ്ധത, പിന്തുണ എന്നിവ വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയില്ല. പ്രൊഫഷണലി കളിക്കുമ്പോള്‍ മാത്രമെ അതിന് പിന്നിലുള്ള കാര്യങ്ങള്‍ കൂടി നിങ്ങള്‍ക്ക് മനസിലാവുകയുള്ളൂ. ഗെയിം കാണാന്‍ വരുന്നതിലൂടെ കുടുംബം എന്തിലൂടെയാണ് കടന്ന് പോകുന്നത്. അനുഷ്‌ക വൈകാരികമായി എന്തൊക്കെയാണ് അനുഭവിച്ചത്. ബെംഗളൂരുവുമായി അവള്‍ക്കും അടുത്ത ബന്ധമുണ്ട്. അവള്‍ ശരിക്കും ബെംഗ്ലൂരു പെണ്‍കുട്ടിയാണ്. ആര്‍സിബിയുമായി അടുത്ത ബന്ധമുണ്ട്. ഈ നിമിഷത്തില്‍ അനുഷ്‌കയും വളരെ അധികം അഭിമാനിക്കുന്നുണ്ട്", കോഹ്‌ലി പറഞ്ഞു.

വിരാട് കോഹ്ലി, അനുഷ്ക ശർമ

വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മയും അവരുടെ ബന്ധം ആരംഭിച്ചതു മുതല്‍ തുടങ്ങിയതാണ് നടിക്കെതിരെയുള്ള സൈബര്‍ ആക്രമണം. 2015ലെ ലോകകപ്പില്‍ ഇന്ത്യയുടെ തോല്‍വിയുടെ ഉത്തരവാദിത്തം അനുഷ്‌കയ്ക്കാണെന്ന് പറഞ്ഞ് ആരാധകര്‍ അവരുടെ കോലം കത്തിച്ചിരുന്നു. 2018ല്‍ ഇരുവരുടെയും വിവാഹത്തിന് ശേഷം കേപ് ടൗണില്‍ നടന്ന ദക്ഷിണാഫ്രിക്ക - ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ ആദ്യ ഇന്നിംഗ്‌സില്‍ വിരാടിന് റണ്‍സ് നേടാനായില്ല. അതിനും ഉത്തരവാദിയായി ട്രോളന്മാര്‍ കണ്ടെത്തിയത് അനുഷ്‌ക ശര്‍മയെയാണ്. സൈബര്‍ ഇടങ്ങളില്‍ അനുഷ്‌ക ശര്‍മ ക്രൂരമായ ട്രോളിംഗിന് ഇരയായി. ഈ അവസരങ്ങളിലെല്ലാം അനുഷ്‌കയെ പിന്തുണച്ചുകൊണ്ട് വിരാട് സംസാരിച്ചിരുന്നു. എന്നാല്‍ അതും ട്രോളുകളായി.

നിരന്തരം സൈബര്‍ ആക്രമണവും ട്രോളുകളും നേരിടേണ്ടി വന്നിട്ടും അനുഷ്‌ക വിരാടിനെ പിന്തുണയ്ക്കുന്നത് അവസാനിപ്പിച്ചില്ല. അവര്‍ ഗ്യാലറിയില്‍ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ടു. കോഹ്‌ലി പരാജയപ്പെടുമ്പോള്‍ നിരാശയായി. വിജയങ്ങളില്‍ സന്തോഷിച്ചു. ആര്‍സിബിയുടെ കിരീടനേട്ടത്തിന് പിന്നാലെ സംസാരിക്കുമ്പോഴും വിരാട് എടുത്ത് പറഞ്ഞത് അനുഷ്‌ക നേരിട്ട സൈബര്‍ ആക്രമണങ്ങളെ കുറിച്ചാണ്.

SCROLL FOR NEXT