പാലത്തിൻ്റെ ദൃശ്യങ്ങൾ Source: X/ @Benarasiyaa, Instagram/ tarun.lucknowi
SOCIAL

'ലോകത്തിലെ എട്ടാമത്തെ മഹാത്ഭുതം'; മേൽപ്പാലം അവസാനിക്കുന്നത് കെട്ടിടത്തിന് മുകളിൽ; ട്രോളുമായി സോഷ്യൽ മീഡിയ

പാലത്തിൻ്റെ ഇരുമ്പുകമ്പികൾ കെട്ടിടത്തിനകത്തേക്ക് കയറി നിൽക്കുന്നതായും വീഡിയോയിൽ കാണാം

Author : ന്യൂസ് ഡെസ്ക്

കൊല്ലം അഷ്ടമുടി കായലിൽ ചെന്ന് അവസാനിക്കുന്ന ഓലയിൽ കടവ് പാലം കേരളത്തിലെ 'ഒരത്ഭുത പ്രതിഭാസ'മാണ്. ഉദ്ഘാടനം കഴിഞ്ഞെങ്കിലും പാലത്തിൻ്റെ ഒരറ്റം ഇന്നും കരയിൽ മുട്ടിയിട്ടില്ല. അതുപോലെ മറ്റൊരു അത്ഭുതപാലത്തിൻ്റെ വാർത്തയാണ് ഇൻ്റർനെറ്റിൽ ഇപ്പോൾ വൈറലാവുന്നത്. ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ പൊതുജനങ്ങളുടെ യാത്ര സുഖകരമാക്കാനായി നിർമിച്ച പാലം എത്തിനിൽക്കുന്നത് ഒരു കെട്ടിടത്തിന് മുകളിലാണ്. നിർമാണം നടന്നുകൊണ്ടിരിക്കുന്ന മേൽപ്പാലത്തിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ്.

'ലോകത്തിലെ എട്ടാം മഹാത്ഭുതം' എന്ന തലക്കെട്ടോടെയാണ് സോഷ്യൽ മീഡിയയിൽ പാലത്തിൻ്റെ വീഡിയോ പ്രചരിക്കുന്നത്. പാലത്തിൻ്റെ ഇരുമ്പുകമ്പികൾ കെട്ടിടത്തിനകത്തേക്ക് കയറി നിൽക്കുന്നതായും വീഡിയോയിൽ കാണാം. കെട്ടിടവും പാലവും തമ്മിൽ ബന്ധിപ്പിക്കുന്നത് പോലെ വിചിത്രമായ രീതിയിലാണ് പാലത്തിൻ്റെ നിർമാണം. സ്റ്റാൻഡ്-അപ്പ് കോമിക് താരമായ തരുൺ ലഖ്‌നൗവിയാണ് ഫ്ലൈഓവറിന്റെ വീഡിയോ പങ്കുവെച്ചത്. രണ്ട് മില്ല്യണിലധികം ആളുകൾ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു.

മാസങ്ങളോളമായി തുടരുന്ന ഭൂമിതർക്കമാണ് പാലത്തിൻ്റെ ഒരറ്റം കെട്ടിടത്തിൽ ചെന്നെത്താൻ കാരണം. റോഡിലെ ട്രാഫിക് ബ്ലോക്ക് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മേൽപ്പാലത്തിൻ്റെ നിർമാണം. ഫ്ലൈഓവർ നിർമിക്കാനായി ചില വീടുകളും കടകളും പൊളിച്ചുനീക്കേണ്ടതായി വന്നിരുന്നു. എന്നാൽ അവയുടെ ഉടമകൾക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഇതോടെയാണ് കെട്ടിടം പൊളിച്ചുമാറ്റുന്നതിൽ അനിശ്ചിതത്വം ഉണ്ടായത്.

പ്രദേശിക റിപ്പോർട്ടുകൾ അനുസരിച്ച് പ്രശ്നം പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) ഇടപെട്ടിട്ടുണ്ട്. അർഹമായ നഷ്ടപരിഹാരം നൽകി, കെട്ടിട സമുച്ചയം പൊളിച്ചുമാറ്റാനുള്ള നടപടികൾ ആരംഭിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. കെട്ടിടം പൂർണമായി നീക്കം ചെയ്യുന്നതോടെ മേൽപ്പാലത്തിന്റെ ശേഷിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ തുടരും.

SCROLL FOR NEXT