Source: Instagram/
SOCIAL

വിദ്യാർഥികളെ മാലിന്യ സംസ്കരണം പഠിപ്പിക്കാൻ കച്ച കെട്ടി അധ്യാപകർ; വൈറലായി ചോലക്കുളം സ്കൂളിലെ 'ഫ്രീ പ്ലാസ്റ്റിക് ചലഞ്ച്'

മലപ്പുറം ചോലക്കുളം ടിഎംജെഎം എല്‍പി സ്‌കൂളിലെ അധ്യാപകർ വിദ്യാർഥികൾക്ക് വേണ്ടി ഏർപ്പെടുത്തിയ ചലഞ്ചിൻ്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: ജീവിതത്തിൽ മാതാപിതാക്കളെപോലെ തന്നെ നമുക്ക് വെളിച്ചം പകർന്നു തരുന്നവരാണ് അധ്യാപകർ. ക്ലാസ് മുറിയെന്ന ചട്ടക്കൂടിന് പുറത്തേക്ക് വിദ്യാർഥികൾ സ്വയം തത്‌പരരാകേണ്ടതിൻ്റെയും നല്ല ശീലങ്ങൾ വളർത്തിയെടുക്കേണ്ടതിൻ്റെയും പാഠമാണ് മലപ്പുറം ചോലക്കുളം ടിഎംജെഎം എല്‍പി സ്‌കൂളിലെ അധ്യാപകർ വിദ്യാർഥികൾക്ക് പകർന്നു കൊടുക്കുന്നത്. കഴിഞ്ഞ ദിവസം സ്കൂളിലെ അധ്യാപകർ വിദ്യാർഥികൾക്ക് വേണ്ടി ഏർപ്പെടുത്തിയ ഒരു ചലഞ്ചിൻ്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

നമ്മുടെ വീടും പരിസരവും പോലെ തന്നെ സമൂഹവും വൃത്തിയാക്കി സൂക്ഷിക്കേണ്ടതിൻ്റെ ചുമതല നമുക്ക് തന്നെയാണെന്ന നല്ല പാഠമാണ് അധ്യാപകർ ഒരു ചലഞ്ചിലൂടെ വിദ്യാർഥികൾക്ക് പകർന്ന് നൽകിയത്. സ്കൂൾ പരിസരത്ത് വിദ്യാർഥികളുടെ നടപ്പാതയിൽ പ്ലാസ്റ്റിക് കവർ നിക്ഷേപിച്ച അധ്യാപകർ അത് ആരാണ് എടുത്ത് കൊണ്ടുപോയി ഡസ്റ്റ് ബിന്നിൽ നിക്ഷേപിക്കുന്നത് എന്ന് നിരീക്ഷിക്കുകയും അതിൻ്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്തു. പല വിദ്യാർഥികളും പ്ലാസ്റ്റിക് കവർ ശ്രദ്ധിക്കാതെ പോകുകയും മറ്റും ചെയ്തപ്പോൾ, രണ്ടാം ക്ലാസ് വിദ്യാർഥികളായ ഇനയയും മിഷ്ഹലും ആ പ്ലാസ്റ്റിക് കവർ എടുത്ത് കൊണ്ടുപോയി ഡസ്റ്റ് ബിന്നിൽ നിക്ഷേപിച്ചു.

വെറുതെ ഒരു ചലഞ്ച് എന്നതിന് പകരം മറ്റുള്ള വിദ്യാർഥികളും ഇനയയുടെയും മിഷ്ഹലിൻ്റെയും പ്രവർത്തി മാതൃകയാക്കേണ്ടതിൻ്റെ ആവശ്യകത പ്രധാനാധ്യാപിക സ്കൂൾ അസംബ്ലിയിൽ ഓർമിപ്പിച്ചു. ആ മിടുക്കനെയും മിടുക്കിയെയും എല്ലാവരുടെയും മുന്നിൽ അനുമോദിച്ച സ്കൂൾ അധികൃതർ നല്ലൊരു സമ്മാനവും ഇവർക്ക് പ്രഖ്യാപിച്ചു.

SCROLL FOR NEXT