ഇടുക്കി: വെള്ളം അണപ്പൊട്ടിയൊഴുകിയാൽ കൂടെ ചില സ്വപ്നങ്ങളും ഒലിച്ചുപോകാറുണ്ട്. അത്തരത്തിലൊരു കാഴ്ചയായിരുന്നു ഒക്ടോബർ 18ന് മലയാളികൾ കണ്ടത്. ഇടുക്കി കൂട്ടാര്‍ പുഴയിലൂടെ ഒഴുക മറഞ്ഞ ഒരു ട്രാവലറിൻ്റെ ദൃശ്യങ്ങൾ. കൂട്ടാര്‍ കേളംതറയില്‍ ബി. റെജിമോൻ്റെയും ഡ്രൈവര്‍മാരായ സന്തോഷ്, രാജ കൃഷ്ണമേനോന്‍ എന്നിവരുടെയും സ്വപ്നവും സന്തോഷവും അന്ന് പെയ്ത മഴയിൽ കുത്തിയൊലിച്ചുപോയി. എന്നാൽ റെജിമോൻ്റെ സുഹൃത്തുക്കൾ അയാളെ കൈവിട്ടില്ല. റെജിമോനെ ചേർത്ത് നിർത്തി ആശ്വാസമേകിയിരിക്കുകയാണ് അവർ.
വിനായക ട്രാവൽസ് എന്നായിരുന്നു റെജിമോൻ്റെ ട്രാവലറിൻ്റെ പേര്. വാഹനം നഷ്ടപ്പെട്ടതിന് പിന്നാലെ വലിയ സാമ്പത്തികബാധ്യതയിലായിരുന്നു റെജിമോൻ. ഇത് മനസിലാക്കിയ റെജിമോൻ്റെ സുഹൃത്തുക്കൾ അയാളെ ചേർത്തുനിർത്തി. കുത്തിയൊലിച്ച് തകർന്ന് പോയ പഴയ വാഹനത്തിന് പകരം അതേ പേരിൽ പുതിയൊരു ട്രാവലർ സമ്മാനിച്ചിരിക്കുകയാണ് ഇവർ.
വാഹനം നഷ്ടപ്പെട്ട അതേ കൂട്ടാർ പാലത്തിന് സമീപത്ത് നിന്നായിരുന്നു റെജിമോൻ പുതിയ വാഹനത്തിൻ്റെ താക്കോൽ ഏറ്റുവാങ്ങിയത്. 14.5 ലക്ഷം രൂപ മുടക്കി റെജിയുടെ സുഹൃത്തുക്കൾ തന്നെയാണ് വാഹനം വാങ്ങി നൽകിയത്. ബെംഗളൂരുവിൽ ഐടി എന്‍ജിനീയര്‍മാരുമായ അഞ്ജിത, സുബിന്‍ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മറ്റൊരാള്‍ എന്നിവര്‍ ചേര്‍ന്നാണ് വാഹനം വാങ്ങിയത്.
എട്ടു വര്‍ഷമായുള്ള സൗഹൃദമാണ് തമ്മിലുള്ളതെന്ന് റെജിമോന്‍ പറയുന്നു. ആദ്യം കണ്ണൂർ സ്വദേശികളുടെ ഡ്രൈവറായി എത്തിയായിരുന്നു ബന്ധം ആരംഭിച്ചത്. പിന്നീട് ആ ബന്ധം ആഴമുള്ള സൗഹൃദമായി തീർന്നെന്നും അവരോടുള്ള കടപ്പാട് തീര്‍ത്താല്‍ തീരില്ലെന്നും റെജിമോന്‍ പറഞ്ഞു. പഴയ വാഹനത്തിന് 17 സീറ്റ് ആയിരുന്നെങ്കില്‍ പുതിയതിന് 19 സീറ്റാണ്.