SOCIAL

UTOPIA | അന്ന് പാത്രം കൊട്ടി കൊറോണയെ ഓടിച്ചു; ഇന്ന് AI 'പട്ടി ഷോ'

ഗ്രേറ്റര്‍ നോയിഡ ആസ്ഥാനമായുള്ള ഗൽഗോട്ടിയാസ് സർവകലാശാലയുടേതാണ് ഈ പറഞ്ഞ നേട്ടങ്ങള്‍

Author : എസ്. ഷാനവാസ്

കൊറോണ വൈറസ് ലോകമെങ്ങും പടര്‍ന്നു പിടിച്ച കാലം. വൈറസിനെ പിടിച്ചുകെട്ടാന്‍ ലോകമെങ്ങും പഠനങ്ങളും ഗവേഷണങ്ങളും ഊര്‍ജിതമായ കാലം. ശാസ്ത്ര സാങ്കേതിക വിദ്യയുടെ സകല സാധ്യതകളും പയറ്റി, വൈറസിനെതിരെ ലോകം യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ ചില കൂട്ടര്‍ മറ്റൊരു വഴിയിലായിരുന്നു. ലോക്ക് ഡൗണ്‍ നാളുകളില്‍ അവര്‍ ധൂപം കത്തിച്ചും, പാത്രം കൊട്ടിയും വൈറസിനെ ഇഞ്ചിഞ്ചായി കൊന്നൊടുക്കുകയായിരുന്നു. ഒരു കൊതുക് കുത്താന്‍ വന്നാല്‍ നമ്മളെന്തും ചെയ്യും? വലിയ ഗവേഷണത്തിനൊന്നും പോകുകയില്ല, കൈവീശി ഒന്നു കൊടുക്കും. അവിടെ തീരും കൊതുകിന്റെ കുത്തല്‍. അതുപോലെ, വൈറസിനെയും കെട്ടുകെട്ടിച്ചു, അതിഭയാനക ശബ്ദതരംഗങ്ങളിലൂടെ. അസൂയയും കുശുമ്പും മൂത്ത ലോകാരോഗ്യ സംഘടന ഇതൊന്നും അംഗീകരിക്കില്ല. അതുകൊണ്ട് നമ്മള്‍ തന്നെ പ്രബന്ധമെഴുതി, പ്രസിദ്ധീകരിച്ചു. അരേ.. വാ... കൊറോണക്കാലത്ത് ആ പ്രബന്ധം എഴുതി പ്രസിദ്ധീകരിച്ചവര്‍ ഈ എഐ കാലത്ത് വീണ്ടുമെത്തി. ഇക്കുറി പട്ടി ഷോ ആയിരുന്നു. വെറും പട്ടി ഷോ അല്ല ഒരു എഐ പട്ടി ഷോ.

ഗ്രേറ്റര്‍ നോയിഡ ആസ്ഥാനമായുള്ള ഗൽഗോട്ടിയാസ് സർവകലാശാലയുടേതാണ് (Galgotias University) ഈ പറഞ്ഞ നേട്ടങ്ങള്‍. സ്‌കൂൾ ഓഫ് മെഡിക്കൽ ആൻഡ് അലൈഡ് സയൻസസിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഫാർമസിയില്‍ ഗവേഷകനായിരുന്ന ധർമേന്ദ്ര കുമാറായിരുന്നു വാക്‌സിന്‍ കണ്ടെത്തും മുന്‍പേ, പാത്രം കൊട്ടി വൈറസിനെ തുരത്താന്‍ ബുദ്ധി ഉപദേശിച്ചത്. ചെറിയ സ്പൂണും പാത്രവും മണിയുമൊക്കെ കൂട്ടിമുട്ടുമ്പോള്‍ ഉണ്ടാകുന്ന ശബ്ദതരംഗങ്ങള്‍ കൊറോണ വൈറസിനെ ഇല്ലാതാക്കുമെന്നായിരുന്നു മഹാന്റെ കണ്ടെത്തല്‍. വെറുതെയങ്ങ് പറയുക മാത്രമായിരുന്നില്ല, ഒരു സാധ്യതാ സിദ്ധാന്തം എന്ന നിലയില്‍ ഇക്കാര്യം പ്രബന്ധമായി പ്രസിദ്ധീകരിക്കുകയും ചെയ്തു.

2020 മാര്‍ച്ച് 22ന് കൊറോണയ്ക്കെതിരെ ശബ്ദം ഉണ്ടാക്കാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം, ഇത്തരമൊരു ശാസ്ത്രവശം ഉള്‍ക്കൊള്ളുന്നതാണ് എന്നൊക്കെ പ്രബന്ധത്തില്‍ പറഞ്ഞിരുന്നു. (യഥാര്‍ഥത്തില്‍ വൈറസിനെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യമെന്ന നിലയിലായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. പക്ഷേ, കാര്യങ്ങള്‍ അവിടം വിട്ടുപോയിരുന്നു.) ഇപ്പോള്‍ ആ പ്രബന്ധം സര്‍വകലാശാല സൈറ്റില്‍ ലഭ്യമില്ല. പക്ഷേ, ചില നന്മമരങ്ങള്‍ അന്നു തന്നെ ഇതൊക്കെ ഡൗണ്‍ലോഡ് ചെയ്തും, സ്ക്രീന്‍ ഷോട്ടെടുത്തും സൂക്ഷിച്ചിരുന്നു. അതൊക്കെ വീണ്ടും പ്രചരിക്കുകയാണ്. അതിനൊരു കാരണമുണ്ട്. അതാണ് പുതിയ കഥ.

ആഗോള സാങ്കേതിക വിദ്യയുടെ തന്നെ തലേലെഴുത്ത് മാറ്റിയെഴുതുന്ന പരിപാടിയായിരുന്നു ഇന്ത്യ എഐ ഇംപാക്ട് (India AI Impact Summit 2026). ഡല്‍ഹി ആയിരുന്നു വേദി. ഗ്ലോബല്‍ സൗത്തില്‍ ആദ്യത്തെ സുപ്രധാന എഐ ഒത്തുചേരല്‍ എന്ന നിലയില്‍ പരിപാടി ലോകശ്രദ്ധ നേടി. 70,000 ചതുരശ്ര മീറ്ററിലായിട്ടായിരുന്നു വേദികള്‍. 13 രാജ്യങ്ങളുടെ പവലിയനും, മൂന്നൂറോളം സ്റ്റാളുകളും. അഞ്ച് ദിവസമായി അഞ്ഞൂറിലേറെ സെഷനുകള്‍, 3200ലധികം സ്പീക്കര്‍മാര്‍, 20 രാഷ്ട്രങ്ങളുടെ തലവന്മാര്‍, 45 രാജ്യങ്ങളില്‍നിന്ന് മന്ത്രിതല പ്രതിനിധികള്‍, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, ഓപ്പൺഎഐ സ്ഥാപകൻ സാം ഓൾട്ട്മാൻ, എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്, ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡേയ്, മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് എന്നിങ്ങനെ പ്രമുഖര്‍... ആകെ മൊത്തം കളര്‍ഫുള്‍.

പക്ഷേ, ലോകമെങ്ങുമുള്ള ഫ്രണ്ട്സിനെയെല്ലാം പങ്കെടുപ്പിച്ച പരിപാടിയില്‍ ചെറിയൊരു പണി കിട്ടി. നമ്മുടെ സ്വന്തം എഐ വീട്ടില്‍ വളര്‍ത്തിയെന്ന് പറഞ്ഞൊരു നായ്ക്കുട്ടിയുടെ തുടല്‍ ഈരിവിട്ടു. അത് വന്നവരെയും പോയവരെയും നോക്കി... ചിങ്ഹായി... കുങ്ഹായി... ഹീ... ഹീ... എന്നൊക്കെ കുരച്ചതോടെ, ആ നഗ്നസത്യം പുറത്തുചാടി. ചൈനയില്‍ സൃഷ്ടിച്ച മുതലിനെ ഇവിടെ കൊണ്ടുവന്ന് മേഡ് ഇന്‍ ഇന്ത്യ അഥവാ ആത്മനിര്‍ഭര്‍ ഭാരത് എന്ന് പേരിട്ട് നാട്ടാരെ പറ്റിക്കുകയായിരുന്നത്രേ. പാത്രം കൊട്ടി വൈറസിനെ ഓടിക്കാമെന്ന് പറഞ്ഞ അതേ സര്‍വകലാശാല തന്നെയായിരുന്നു റോബോ ഡോഗിനെ പ്രദര്‍ശിപ്പിച്ചത്. ഇന്ത്യന്‍ നിര്‍മിതം എന്ന നിലയിലാണ് റോബോ ഡോഗിനെ ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിച്ചത്.

സര്‍വകലാശാല 350 കോടി രൂപ ചെലവിട്ട് നിര്‍മിച്ച എഐ ഡോഗ് എന്നായിരുന്നു കമ്മ്യൂണിക്കേഷൻസ് പ്രഫസറായ നേഹ സിങ്ങിന്റെ അവകാശവാദം. സെന്റര്‍ ഓഫ് എക്സലന്‍സാണ് റോബോഡോഗിനെ വികസിപ്പിച്ചതെന്നും, ഓറിയോണ്‍ (Orion) എന്നാണ് പേരെന്നും നേഹ ക്യാമറയില്‍ നോക്കി തന്നെ പറഞ്ഞു. പക്ഷേ, ആളുകള്‍ വെറുതെ ഇരിക്കുമോ? കൗതുകം ലേശം കൂടുതലുള്ള ചിലര്‍ വെറുതെ സൈറ്റിലൊന്ന് പരതി. ദേ കിടക്കുന്നു, വെറും 2800 ഡോളറിന് അതായത് രണ്ടര ലക്ഷത്തോളം രൂപയ്ക്ക് റോബോഡോഗ്. ഡിറ്റോ സാധനം. മേഡ് ഇന്‍ ചൈന. ചൈനീസ് കമ്പനിയായ യൂണിട്രീ റോബോട്ടിക്സ് (Unitree Robotics) നിർമിച്ച 'യൂണിട്രീ ഗോ2' (Unitree Go2) ആണ് മാമോദീസ മുങ്ങി ഓറിയോണ്‍ ആയി മാറിയത്. പിന്നെ ചിരിയായി... കൂവലായി... ട്രോളായി...

ആവേശം കൂടിയപ്പോള്‍ സംഭവിച്ച തെറ്റാണെന്നൊക്കെ നേഹ സിങ് പറഞ്ഞെങ്കിലും, നെറ്റിസണ്‍സ് ഒരു സ്നേഹവും കാണിച്ചില്ല ട്രോളി പൊളിച്ചടുക്കി. റോബോട്ട് നിര്‍മിച്ചത് തങ്ങളാണെന്ന് അവകാശപ്പെട്ടിട്ടില്ലെന്നായിരുന്നു സര്‍വകലാശാലയുടെ വിശദീകരണം. വിദ്യാര്‍ഥികള്‍ക്ക് എഐ പ്രോഗ്രാമിങ്ങില്‍ പ്രായോഗിക പരിശീലനം നല്‍കുന്നതിനായി റോബോട്ടിനെ വാങ്ങാറും ഉപയോഗിക്കാറുമുണ്ട്. റോബോഡോഗിനെ തങ്ങള്‍ നിര്‍മിച്ചതല്ലെങ്കിലും ഭാവിയില്‍ ഇതിനേക്കാള്‍ വമ്പനെ നിര്‍മിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.

എന്നാൽ, ആക്ഷേപം കനത്തതോടെ കോഴി മൂന്നുവട്ടം കൂവുന്നതൊന്നും നോക്കിയിരിക്കാതെ സർവകലാശാല പ്രഫസറെ തള്ളിപ്പറഞ്ഞു. നേഹ സിങ്ങിന് സാങ്കേതിക കാര്യങ്ങളിൽ അറിവില്ലായിരുന്നെന്നും, മാധ്യമങ്ങളോട് സംസാരിക്കാൻ അധികാരം നൽകിയിരുന്നില്ലെന്നും സര്‍വകലാശാല വ്യക്തമാക്കി. സംഭവത്തിൽ സര്‍വകലാശാല ക്ഷമാപണവും നടത്തിയതോടെ കാര്യങ്ങള്‍ ഒരുവിധം കഴിഞ്ഞു. പക്ഷേ, നേഹ സിങ്ങിന്റെ കാര്യം എന്താണോ എന്തോ? ലിങ്ക്ഡ് ഇന്നില്‍ ഓപ്പണ്‍ ടു വര്‍ക്ക് ആണത്രേ.

SCROLL FOR NEXT