മായയുമല്ല, ജെമിനിയുമല്ല... ഇന്ത്യന്‍ നിര്‍മിത സ്വദേശി മെസ്സേജിങ് ആപ്പ് 'അറട്ടൈ'യാണ് (Arattai) ഇപ്പോള്‍ താരം. ആപ്പ് സ്റ്റോറില്‍ സാക്ഷാല്‍ വാട്സ്ആപ്പിനെ കടത്തിവെട്ടിയാണ് ഇന്ത്യന്‍ ആപ്പിന്റെ തേരോട്ടം. കമ്പനി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. പുതിയ യൂസേഴ്സിന്റെ എണ്ണത്തില്‍ പ്രതിദിനം 3000 മുതല്‍ 350,000 വരെ വര്‍ധനയാണ് അറട്ടൈയ്ക്ക് ഉണ്ടായത്.
ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സോഹോ കോര്‍പ്പറേഷന്‍ ഡെവലപ് ചെയ്ത മെസേജിങ് ആപ്പാണ് അറട്ടൈ. വാട്സ്ആപ്പ് പ്രൈവസി പോളിസികളിൽ മാറ്റം വരുത്തിയ 2021 ജനുവരിയിലായിരുന്നു 'അറട്ടൈ' ലോഞ്ച് ചെയ്തത്. 'സ്വദേശി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ' പ്രോത്സാഹിപ്പിക്കണമെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ഉൾപ്പെടെയുള്ളവരുടെ ആഹ്വാനത്തെത്തുടര്‍ന്നാണ് അറട്ടൈയ്ക്ക് വലിയ പ്രചാരം ലഭിച്ചത്. മെയ്ഡ് ഇൻ ഇന്ത്യ, സ്വദേശി ആപ്പ്, ഉപയോഗിക്കാൻ എളുപ്പം, സുരക്ഷിതം എന്നീ സവിശേഷതകളാണ് ഉപയോക്താക്കളെ ആകര്‍ഷിച്ചത്.
എന്താണ് അറട്ടൈ?
തമിഴിൽ കാഷ്വലായ ചാറ്റിനെയാണ് 'അറട്ടൈ' എന്ന് പറയുന്നത്. വാട്സ്ആപ്പിലെ എല്ലാ ഫീച്ചറുകളും അറട്ടൈയിലുമുണ്ട്. ഒരേ സമയം അഞ്ച് ഡിവൈസുകളിൽ ഉപയോഗിക്കാനാകും. മറ്റുള്ള മെസ്സഞ്ചർ ആപ്പുകളിൽ നിന്ന് ചാറ്റുകൾ ഇംപോർട്ട് ചെയ്യാനുമാകും.
സെക്യൂരിറ്റി
വാട്‌സാപ്പിലെ പോലെ തന്നെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സേഫ്റ്റി ഫീച്ചറാണുള്ളത്. മെസേജ് അയച്ചയാൾക്കും റിസീവ് ചെയ്ത ആൾക്കും മാത്രമേ ചാറ്റുകളുടെയും കണ്ടന്റുകളുടെയും ആക്സസ് ലഭിക്കുകയുള്ളൂ. ഇത് തേർഡ് പാർട്ടി ഇടപെടലുകളെ പൂര്‍ണമായും തടയുന്നു.
ആർക്കൊക്കെ ഉപയോഗിക്കാം
മൊബൈൽ നമ്പറിലൂടെ രജിസ്റ്റർ ചെയ്ത് ഉപയോഗിക്കാം. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ആപ്പ് ലഭ്യമാണ്.
സോഹോ
1996ല്‍ ചെന്നൈ ആസ്ഥാനമായി ആരംഭിച്ച ഇന്ത്യൻ സോഫ്റ്റ്‌വെയര്‍ കമ്പനിയാണ് സോഹോ കോർപ്പറേഷൻ. ശ്രീധർ വെമ്പു, ടോണി തോമസ് എന്നിവർ ചേർന്നാണ് കമ്പനിക്ക് തുടക്കമിട്ടത്. ക്ലൗഡ് അധിഷ്ഠിത സോഫ്റ്റ്‌വെയര്‍ സേവനങ്ങളാണ് കമ്പനി നല്‍കുന്നത്. 55ലധികം ബിസിനസ് ആപ്ലിക്കേഷനുകളും 13 കോടി ഉപയോക്താക്കളുമുണ്ട്. 150ലധികം രാജ്യങ്ങളിലായി കമ്പനിയുടെ സേവനം ലഭ്യമാണ്.