ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഐഎഎസ് ഉദ്യോഗസ്ഥയാണ് നേഹ Source: Instagram/ nehabyadwal
SOCIAL

യുപിഎസ്‌സി സ്വപ്നത്തിനായി 3 വർഷത്തേക്ക് മൊബൈൽ ഫോൺ ഉപേക്ഷിച്ചു; ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഐഎഎസ് ഉദ്യോഗസ്ഥയുടെ കഥ വൈറൽ

എന്നാൽ ഇന്ത്യയുടെ യഥാർഥ സ്ഥിതിയെന്തെന്ന് അറിയാതെ, നോട്ടുകൾ മനഃപാഠമാക്കുന്നതുകൊണ്ട് മാത്രം ഒരു മികച്ച യുപിഎസ്‌സി ഉദ്യോഗസ്ഥയാവാൻ കഴിയില്ലെന്ന വിമർശനവും ഉയരുന്നുണ്ട്

Author : ന്യൂസ് ഡെസ്ക്

ഇന്ത്യയിലെ ഏറ്റവും കടുപ്പമേറിയ പരീക്ഷകളിലൊന്നാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷ. വർഷങ്ങളോളം പ്രയത്നിച്ചാണ് പലരും ആ ലക്ഷ്യം നേടിയെടുക്കുന്നത്. യുപിഎസ്‌സി ഉദ്യോഗാർഥികളുടെ നിശ്ചയദാർഢ്യത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും പല കഥകളും നമ്മൾ കേൾക്കാറുമുണ്ട്. അത്തരത്തിൽ 24ാം വയസിൽ ഐഎഎസ് എന്ന സ്വപ്നം നേടിയെടുത്ത, ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഐഎഎസ് ഉദ്യോഗസ്ഥ നേഹ ബ്യാദ്വാളിൻ്റെ കഥയാണ് ഇൻ്റർനെറ്റിൽ വൈറലാവുന്നത്.

ഛത്തീസ്ഗഡ് സ്വദേശി നേഹ ബ്യാദ്വാളാണ് കഥാനായിക. യുപിഎസ്‌സി സ്വപ്നം നേടിയെടുക്കാനായി നേഹ മൂന്ന് വർഷത്തേക്ക് മൊബൈൽ ഫോൺ ഉപയോഗം പൂർണമായും ഉപേക്ഷിച്ചെന്നാണ് റിപ്പോർട്ട്. റായ്പൂരിലെ ഡിബി ഗേൾസ് കോളേജിൽ നിന്ന് ചരിത്രം, സാമ്പത്തിക ശാസ്ത്രം, ഭൂമിശാസ്ത്രം എന്നിവയിൽ യൂണിവേഴ്സിറ്റി ടോപ്പറായി ബിരുദം നേടിയെങ്കിലും ആദ്യ ശ്രമത്തിൽ യുപിഎസ്‌സി പരീക്ഷ പാസാകാൻ അവൾക്ക് കഴിഞ്ഞില്ല.

എന്നാൽ യുപിഎസ്‌സി നേടിയെടുക്കുമെന്ന ദൃഢനിശ്ചയം നേഹയ്ക്കുണ്ടായിരുന്നു. അതിനായി അവൾ ഒരു സുപ്രധാന തീരുമാനമെടുത്തു, തുടർച്ചയായി മൂന്ന് വർഷം സ്മാർട്ട്‌ഫോൺ ഒഴിവാക്കി. സോഷ്യൽ മീഡിയയും മൊബൈൽ ഫോണും ഉപയോഗിക്കാതെ നേഹ തൻ്റെ നാലാം ശ്രമത്തിൽ യുപിഎസ്‌സി നേടിയെടുത്തു. അഖിലേന്ത്യാ തലത്തിൽ 569ാം റാങ്ക് നേടിയായിരുന്നു നേഹയുടെ വിജയം.

നേഹ മൂന്ന് വർഷം മൊബൈൽ ഫോണില്ലാതെ പഠിച്ചു എന്നത് തന്നെയാണ് സോഷ്യൽ മീഡിയയിലെ ചർച്ച. എഐ യുഗത്തിൽ സാങ്കേതിക വിദ്യയുടെ സഹായമില്ലാതെ പഠിച്ച് മുന്നേറിയ നേഹയ്ക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്. സ്ക്രീൻ ടൈം നിയന്ത്രിക്കാൻ പാടുപെടുന്ന തലമുറയ്ക്ക് നേഹ ഒരു മാതൃകയാണെന്നാണ് ചില ഉപയോക്താക്കൾ പറയുന്നത്.

അതേസമയം നേഹയുടെ മൊബൈൽ ഫോൺ ഡിടോക്സിനെതിരെ ചില വിമർശനങ്ങളും ഉയരുന്നുണ്ട്. ദിവസം മുഴുവൻ ഇരുന്ന് നോട്ടുകൾ മനഃപാഠമാക്കുന്നതുകൊണ്ട് മാത്രം ഒരു മികച്ച യുപിഎസ്‌സി ഉദ്യോഗസ്ഥയാവാൻ കഴിയില്ലെന്നതാണ് ഉയർന്ന പ്രധാന വിമർശനം. "ഈ യുപിഎസ്‌സി പ്രിപ്പറേഷൻ കൾട്ടിനെ പൊളിച്ചുമാറ്റണം. 24 മണിക്കൂറും പഠനമുറിയിലിരുന്ന്, അതിന് പുറത്തുള്ള ഇന്ത്യ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത സാമൂഹിക വിരുദ്ധരാണ് ഒടുവിൽ പൊതുജനങ്ങളെ ഭരിക്കുന്നത്," ഒരു ഉപയോക്താവ് എക്സിൽ കുറിച്ചു.

"സ്വന്തം ഇഷ്ടത്തിനപ്പുറം എങ്ങനെ ചിന്തിക്കണമെന്ന് ഒരു പിടിയുമില്ലാതെ, രാഷ്ട്രീയക്കാരുടെ ഇഷ്ടങ്ങൾക്ക് വഴങ്ങി അവർ ഭരണം സ്വന്തം സ്വത്തായി കൈകാര്യം ചെയ്യുന്നു," ഒരു ഉപയോക്താവ് കമന്റ് ചെയ്തു. "കോച്ചിങ് ക്ലാസിലെ കുറിപ്പുകൾ മനഃപാഠമാക്കി, ഇന്ത്യയെ ശരിക്കും മനസ്സിലാക്കുന്നത് പോലെ പെരുമാറുന്നു എന്നതാണ് ഏറ്റവും മോശം കാര്യം," മറ്റൊരു ഉപയോക്താവ് എഴുതി.

SCROLL FOR NEXT