ഫെയ്സ്ബുക്ക് ലൈവില്‍ തെറിവിളിയുമായി കലാമണ്ഡലം സത്യഭാമ Source: Facebook/ Kalamandalam Sathyabhama
SOCIAL

"ആരാടാ നിന്റെ അമ്മച്ചി"; ഫേസ്ബുക്ക് ലൈവില്‍ അധിക്ഷേപ വർഷവുമായി കലാമണ്ഡലം സത്യഭാമ

തന്നെ വിമ‍ർശിച്ച ഓരോരുത്തരുടെയും പേര് എടുത്ത് പറഞ്ഞായിരുന്നു സത്യഭാമയുടെ അധിക്ഷേപം.

Author : ന്യൂസ് ഡെസ്ക്

നടി മല്ലികാ സുകുമാരനെതിരായ പ്രതികരണത്തിന് പിന്നാലെ ഏറ്റുവാങ്ങുന്ന സൈബ‍ർ ആക്രമണത്തിനെതിരെ അധിക്ഷേപ വർഷവുമായി കലാമണ്ഡലം സത്യഭാമ. തന്നെ വിമ‍ർശിച്ച ഓരോരുത്തരുടെയും പേര് എടുത്ത് പറഞ്ഞായിരുന്നു സത്യഭാമയുടെ അധിക്ഷേപം. ഫേസ്ബുക്ക് ലൈവിലാണ് സത്യഭാമ ഇത്തരത്തിൽ മറുപടി നൽകിയത്.

തനിക്കെതിരെ ഫേസ്ബുക്കിൽ കമൻ്റിട്ട ഡോ. വിപിൻ എന്നയാൾക്കെതിരെയാണ് ലൈവിൽ ആദ്യം സത്യഭാമ രൂക്ഷവിമർശനം നടത്തുന്നത്. "താൻ ഏത് കോണോത്തിലെ ഡോക്ടറാണ്, നീ വ്യാജ ഡോക്ടറല്ലേ, നീ മല്ലികാ സുകുമാരൻ്റെ ആരാണ്, എന്നെ അറിയാത്ത താൻ എന്തിനാണ് ഇത്തരത്തിൽ മോശമായ ഭാഷയിൽ കമൻ്റ് ചെയ്യുന്നത്," എന്നൊക്കെ സത്യഭാമ ലൈവിൽ ചോദിക്കുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്ന് വെച്ച് എന്തും പറയാനുള്ള അധികാരമുണ്ടെന്നാണോയെന്ന് സത്യഭാമ ചോദിക്കുന്നു. ഫേസ്ബുക്കിൽ തനിക്കെതിരെ കമൻ്റിട്ട മറ്റുള്ളവർക്കെതിരെയും സത്യഭാമ അധിക്ഷേപം നടത്തുന്നുണ്ട്.

ഫേസ്ബുക്ക് ലൈവിലും മല്ലികാ സുകുമാരനെ സത്യഭാമ വിമർശിക്കുന്നുണ്ട്. അവർക്കെന്നാണ് കാറൊക്കെ ഉണ്ടായത്, വായിൽ സ്വർണക്കരണ്ടിയുമായാണോ അവർ ജനിച്ചത് എന്നിങ്ങനെയാണ് മല്ലികയ്‌ക്കെതിരെ സത്യഭാമയുടെ അധിക്ഷേപം.

നേരത്തെ ആർഎൽവി രാമകൃഷ്ണനെ അപമാനിച്ചെന്ന പരാതിയെ തുടർന്ന് വിവാദത്തിലായ സത്യഭാമയെ ഡൂപ്ലിക്കേറ്റ് എന്ന് വിളിച്ച് മല്ലികാ സുകുമാരൻ പരിഹസിച്ചിരുന്നു. വിവാദത്തിലായ സത്യഭാമ ഡൂപ്ലിക്കേറ്റ് സത്യഭാമയാണ്, പലരും കരുതുന്ന സത്യഭാമ ടീച്ചർ മറ്റൊരാളാണെന്നുമായിരുന്നു മല്ലികയുടെ പ്രതികരണം. എന്നാൽ, തനിക്കെതിരെ സംസാരിച്ച മല്ലികയെ സത്യഭാമയും വിമർശിച്ചു. താൻ ഡൂപ്ലിക്കേറ്റാണ് എന്ന് പറയാൻ എന്ത് യോഗ്യതയാണ് മല്ലികയ്ക്കുള്ളത്, ആ പെണ്ണുംപിള്ളയ്ക്ക് എന്നാണ് കാറൊക്കെ ഉണ്ടായത് എന്നൊക്കെയായിരുന്നു സത്യഭാമയുടെ പ്രതികരണം. ഇതിന് പിന്നാലെ സത്യഭാമ വലിയ രീതിയിൽ സൈബർ ആക്രമണം നേരിട്ടതോടെയാൈണ് ഫേസ്ബുക്ക് ലൈവിലൂടെ പരസ്യപ്രതികരണവുമായി രംഗത്തെത്തിയത്.

നേരത്തെ ആർഎൽവി രാമകൃഷ്ണനെതിരെ വർണാധിക്ഷേപം നടത്തിയതിനായിരുന്നു സത്യഭാമ വിവാദത്തിൽ അകപ്പെട്ടത്. പുരുഷനാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കിൽ നല്ല സൗന്ദര്യമുള്ള ആളാകണം, ചിലർ കാക്കയുടെ നിറമാണ്, പെറ്റ തള്ള സഹിക്കില്ല തുടങ്ങിയ അധിക്ഷേപങ്ങളാണ് സത്യഭാമ നടത്തിയത്. പിന്നാലെ സത്യഭാമയ്ക്കെതിരെ രാമകൃഷ്ണൻ പരാതി നൽകുകയായിരുന്നു.

SCROLL FOR NEXT