വൈറൽ കഫെയുടെ ദൃശ്യങ്ങൾ Source: X/ Enezator 1 Mn
SOCIAL

ഇരിക്കാൻ ഇടമില്ല, കൗണ്ടറായി ഉപയോഗിക്കുന്നത് ഭിത്തിയിലെ ദ്വാരം; വൈറലായി ക്വാലാലംപൂരിലെ 'ഹോൾ ഇൻ ദ വാൾ കഫെ'

കഫെയാണെന്ന് രേഖപ്പെടുത്തുന്ന ഒരടയാളം പോലും എങ്ങും കാണാനില്ല. വായ്മൊഴിയിലൂടെ കേട്ടറിഞ്ഞാണ് പലരും ഇവിടെ എത്തുന്നത്

Author : ന്യൂസ് ഡെസ്ക്

കഫെകൾ ക്ലിക്ക് ആകുന്നത് ഭക്ഷണത്തിന്റെയും പാനീയത്തിന്റെയും രുചി കൊണ്ട് മാത്രമല്ല, ലുക്ക് ആന്റ് ഫീലും പ്രധാനമാണ്. എന്നാൽ കഫെ തയ്യാറാക്കാതെ തന്നെ വൈറലായ ഒരു കഫെ ഉണ്ട് ക്വാലാലംപൂരിൽ. ഹോൾ ഇൻ ദ വാൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ കഫെയുടെ ദൃശ്യങ്ങൾ നിരവധി പേരാണ് ഇതിനോടകം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

കടന്നുപോകുന്ന വഴിയരികിലെ കെട്ടിടത്തിൽ കിലുക്കത്തിന്റെ ഒരു കൂട്ടം തൂങ്ങികിടക്കുന്നു. അരികിലായി ഒരു ഭിത്തിയിൽ വലിയൊരു ദ്വാരവും. കൗതുകം തോന്നി ഒരു യാത്രക്കാരൻ മണി കിലുക്കി. അപ്പോളതാ ദ്വാരത്തിൽ നിന്ന് ഒരു കൈ പുറത്തേക്ക് വരുന്നു. കൈവിരലുകളുടെ ആംഗ്യത്തോടെ ഭിത്തിയിൽ തൊട്ടടുത്തായി സ്ഥാപിച്ചിരിക്കുന്ന കുറെ കാർഡുകളിലേക്ക് അയാളുടെ ശ്രദ്ധ തിരിച്ചു. അയാൾ അത് എന്താണെന്ന് നോക്കിയപ്പോഴാണ് കഥയുടെ ചുരുളഴിയുന്നത്. അത് മെനുവാണ്. ഓരോ ഐറ്റത്തിനും പ്രത്യേകം കാർഡ്. ഇഷ്ടമുള്ള വിഭവത്തിന്റെ കാർഡ് അവിടെ നിന്ന് എടുത്ത ശേഷം മണി അടിക്കണം. അപ്പോൾ ഒരു കൈ പുറത്തേക്ക് വരും. ആ കയ്യിലേക്ക് കാർഡ് നൽകണം. പിന്നാലെ പൈസയും. കുറച്ച് നേരെ കാത്തുനിന്നാൽ വിഭവവും പുറത്തുവരും, അതേ ദ്വാരത്തിലൂടെ.

അതേ ഭിത്തിക്കുള്ളിൽ ഒളിപ്പിച്ച ഒരു കുഞ്ഞ് കഫെ. കഫെയാണെന്ന് രേഖപ്പെടുത്തുന്ന ഒരടയാളം പോലും എങ്ങും കാണാനില്ല. വായ്മൊഴിയിലൂടെ കേട്ടറിഞ്ഞാണ് പലരും ഇവിടെ എത്തുന്നത്. പലർക്കും ഇത് ഒരു നവ്യാനുഭവമാണ്. ആരെയും കാണാതെ, മുഖം നോക്കാതെ, ആവശ്യമുള്ളത് വാങ്ങി മടങ്ങാം. ഇത്തിരി അന്തർമുഖനായ ഒരാൾക്ക് പറ്റിയ കഫെ. അല്ലെങ്കിൽ അന്തർമുഖനായ ഒരു വ്യക്തിക്കും കഫെ നടത്താനുള്ള പുതിയ മാർഗം.

വേറിട്ട ഈ കഫെയുടെ ഒട്ടനവധി ദൃശ്യങ്ങളും റീലുകളും ഇതിനോടകം സോഷ്യൽ മീഡിയകളിൽ ഇടംപിടിച്ചുകഴിഞ്ഞു. വിദേശീയരായ വിനോദസഞ്ചാരികളാണ് കഫെ തേടിയെത്തുന്നവരിലേറെയും.

SCROLL FOR NEXT