ശനിയാഴ്ച വിർജീനിയയിലെ ഒരു മദ്യശാലയിലെ ജീവനക്കാരാണ് രസകരമായി ഒരു മോഷണത്തിന് സാക്ഷ്യം വഹിച്ചത്. രാവിലെ ജോലിക്കെത്തിയ ജീവനക്കാർ കണ്ടത് നിലത്ത് ചിതറിക്കിടക്കുന്ന മദ്യക്കുപ്പികളും പരന്നൊഴുകിയ മദ്യവുമാണ്. മോഷണം നടന്നുവെന്നുറപ്പാക്കിയ ജീവനക്കാർ ബാത്റൂം തുറന്നതോടെയാണ് കള്ളൻ ബാത്റൂമിനകത്ത് അടിച്ചു പൂസായി കിടക്കുന്നത് കണ്ടത്. പക്ഷേ കള്ളൻ മനുഷ്യനായിരുന്നില്ല, ഒരു റാക്കൂൺ ആയിരുന്നുവെന്ന് മാത്രം.
തുടക്കത്തിൽ രാത്രി വൈകി കള്ളൻ കയറിയതാണ് ജീവനക്കാർ കരുതിയത്. എന്നാൽ സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് നാലു കാലുകളുള്ള കുറ്റവാളി സീലിംഗ് പാനലിലൂടെ ഇടിച്ചുകയറി സ്കോച്ചും വിസ്കിയും സൂക്ഷിച്ചിരുന്ന താഴത്തെ റാക്കിലേക്ക് എത്തിയതാണെന്ന് മനസിലായത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ബാത്റൂമിൽ മദ്യപിച്ച് ബോധം കെട്ട നിലയിൽ റാക്കൂണിനെ കണ്ടെത്തിയത്.
പൊട്ടിയ മദ്യക്കുപ്പികളും തറയിലെ അവസ്ഥയും കാണുമ്പോൾ കള്ളൻ ശുചിമുറിയിലേക്ക് പോകുന്നതിനുമുമ്പ് ചെറിയൊരു ആഘോഷം തന്നെ നടത്തിയിട്ടുണ്ടെന്ന് ഉറപ്പാണ്. റാക്കൂണിനെ തറയിൽ കണ്ടെത്തിയ ഉടനെ തന്നെ മൃഗസംരക്ഷണ വകുപ്പും സ്ഥലത്തെത്തി.
മൃഗ സംരക്ഷണ ഓഫീസറായ സമാന്ത മാർട്ടിൻ പിന്നീട് റാക്കൂണിനെ കൗണ്ടി ഷെൽട്ടറിലേക്ക് കൊണ്ടുപോയി. ഒരു പുസ്തകത്തിനുള്ള എപ്പിസോഡ് തന്നെ ഇതുണ്ടെന്ന് അവർ തമാശ രൂപേണ അസോസിയേറ്റഡ് പ്രസിനോട് പ്രതികരിച്ചു. ഹാനോവർ കൗണ്ടി അനിമൽ പ്രൊട്ടക്ഷൻ ആൻഡ് ഷെൽട്ടറും റാക്കൂൺ ദുരിതത്തിൽ നിന്ന് കരകയറിയതായി സ്ഥിരീകരിച്ചു. വിശ്രമമൊക്കെ കഴിഞ്ഞ ശേഷം റാക്കൂൺ സുഖമായിരിക്കുന്നുവെന്ന് ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. കുറച്ചു നേരത്തെ നിരീക്ഷണത്തിന് ശേഷം പിന്നീട് റാക്കൂണിനെ സുരക്ഷിതമായി കാട്ടിലേക്ക് തിരികെ വിട്ടു.