മരണശേഷം യുവതിയുടെ മൃതദേഹത്തിൽ സിന്ദൂരം ചാർത്തുന്ന യുവാവ്  Source: x/ prashant sharma
SOCIAL

"കാമുകിക്ക് കൊടുത്ത വാക്ക് പാലിക്കണം"; മരണശേഷം മൃതദേഹത്തിൽ സിന്ദൂരം ചാർത്തി യുവാവ്

ഉത്തർപ്രദേശിലെ മഹാരാജ് ഗഞ്ച് ഗ്രാമത്തിലാണ് സംഭവം.

Author : ന്യൂസ് ഡെസ്ക്

പ്രണയ കാലത്ത് കാമുകിക്ക് കൊടുത്ത വാക്ക് പാലിക്കാൻ മൃതദേഹത്തിൽ സിന്ദൂരം ചാർത്തി യുവാവ്. ഉത്തർപ്രദേശിലെ മഹാരാജ് ഗഞ്ച് ഗ്രാമത്തിലാണ് സംഭവം.

കാമുകിക്ക് നൽകിയ വാഗ്‌ദാനം പാലിക്കുന്നതിനായി യുവാവ് ബന്ധുക്കളുടെ അനുമതി വാങ്ങിയാണ് സിന്ദൂരം ചാർത്തിയത്. കാമുകിയുടെ മരണ ശേഷവും അവള്‍ക്ക് നല്‍കിയ വാഗ്‌ദാനം പാലിച്ച കാമുകൻ്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കഴിഞ്ഞ ദിവസമാണ് പ്രിയങ്കാ മധേസിയ സ്വന്തം വീട്ടിനുള്ളിൽ വെച്ച് ജീവനൊടുക്കിയത്. അവൾക്ക് കൊടുത്ത വാക്ക് പാലിക്കുന്നതിന് വേണ്ടി അവളുടെ നെറ്റിയിൽ സിന്ദൂരം ചാർത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാമുകനായ സണ്ണി ബന്ധുക്കളെ സമീപിച്ചപ്പോൾ അവർ അതിന് സമ്മതം മൂളുകയായിരുന്നു.

"അവളുടെ അവസാന ആഗ്രഹം നിറവേറ്റാനുള്ള എൻ്റെ വഴിയായിരുന്നു ഇത്. ഞാൻ അവളെ വളരെയധികം സ്നേഹിച്ചിരുന്നു" സണ്ണിയുടെ വാക്കുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. നവംബറിലാണ് ഇരുവരുടേയും കല്യാണം തീരുമാനിച്ചിരുന്നത്. അവൾ ഇപ്പോൾ ഇല്ലെങ്കിലും വിവാഹമെന്ന ഞങ്ങളുടെ സ്വപ്‌നം സഫലീകരിക്കാൻ ഞാൻ ആഗ്രഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഇരുവർക്കുമിടയിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്നും, അന്ന് രാത്രി പ്രിയങ്കയെ കിടപ്പുമുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്യുകയായിരുന്നു. ഉടനെ നിച്ച്‌ലൗളിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്ക് കൊണ്ടുപോകുകയും, അവിടെ എത്തുമ്പോഴെക്കും പ്രിയങ്ക മരിച്ചിരുന്നുവെന്നും മെഡിക്കൽ സ്റ്റാഫ് അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.

പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പരാതിയൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. സണ്ണി തന്നെയാണ് പ്രിയങ്കയുടെ ചിതയ്ക്ക് തീ കൊളുത്തിയത്. ഇതിനിടെ ഇരുവരുടേയും പ്രതീകാത്മക വിവാഹം നടത്തിയെന്നും അതിന് ഇവരുടെ കുടുംബത്തിൻ്റെ പിന്തുണ ഉണ്ടായിരുന്നുവെന്നും നിച്ച്‌ലൗൾ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ അഖിലേഷ് കുമാറിൻ്റെ വാക്കുകളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

SCROLL FOR NEXT