അയൽക്കാർ തമ്മിൽ തർക്കം ഉണ്ടാകുന്നത് പുതിയ കാര്യമൊന്നുമല്ല.നോക്കി, ചിരിച്ചു, കുറ്റം പറഞ്ഞു തുടങ്ങി രൂക്ഷമായ അതിർത്തി തർക്കം വരെ സ്വാഭാവികമാണ്. പക്ഷെ ചിലപ്പോഴൊക്കെ അയൽവാസിയുടെ വിചിത്രമായ ശീലം അടുത്തുള്ള മറ്റ് താമസക്കാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഇപ്പോഴിതാ തന്റെ അയൽക്കാരുടെ വിചിത്രമായ ശീലത്തെക്കുറിച്ചുള്ള റെഡിറ്റ് പോസ്റ്റാണ് സോഷ്യൽ മീഡിയിയിൽ ചർച്ചയാകുന്നത്.
താന്‍ താമസിക്കുന്ന അപ്പാർട്ട്മെന്‍റ് സമുച്ചയത്തില്‍ തന്‍റെ അയൽക്കാരന്‍ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്ന സ്റ്റാൻഡിൽ പച്ചമാംസം വെയിലത്ത് ഉണക്കാനായി തൂക്കിയിട്ടു. ആദ്യം ദുർഗന്ധം തോന്നിയപ്പോൾ അത് കാര്യമാക്കിയില്ല, അദ്യമായി ചെയ്തതാകും, എന്തെങ്കിലും ആചാരമോ മറ്റോ ആകുമെന്ന് കരുതി പ്രതികരിച്ചില്ല. പക്ഷെ അത് ശീലമായതോടെ ജീവിതം തന്നെ ദുസഃഹമായതായാണ് പരാതി. പ്രദേശമാകെ പച്ച മാംസത്തിന്‍റെയും രക്തത്തിന്‍റെ മണം പടർന്നു.
അപ്പാര്‍ട്ട്മെന്‍റിലുള്ളവരും അസ്വാഭാവികമായ മണത്തെ കുറിച്ചും ദുർഗന്ധം വമിക്കുന്ന വെള്ളം ഒഴുകുന്നതിനെ കുറിച്ചും പരാതിപ്പെട്ടു. ഒടുവില്‍ സംഭവം അറിഞ്ഞതോടെ എല്ലാവരും കെട്ടിത്തിന്റെ മാനേജ്‌മെന്‍റിനെ സമീപിച്ച് ഔപചാരികമായി പരാതി നൽകി. പച്ച മാംസത്തിൽ നിന്ന് ഇറ്റിറ്റു വീഴുന്ന ദ്രാവകമാണെന്ന് സ്ഥിരീകരിച്ചതോടെ സ്ഥിതി കൂടുതൽ രൂക്ഷമായി.ഏതായാലും പരാതിയും, ഉത്തരവാദിത്തപ്പെട്ടവരുടെ ഇടപെടലും ഗുണം ചെയ്തു. അയൽ വാസി ബാൽക്കെണിയിൽ മാംസം ഉണക്കുന്നത് നിർത്തിയെന്നും കുറിപ്പിൽ പറയുന്നു.
ബാൽക്കണിയിൽ തുണികൾ വിരിക്കുന്ന സ്റ്റാൻഡിൽ പച്ചമാംസം ഉണക്കാനിട്ടിരിക്കുന്ന ചിത്രം സഹിതമാണ് പോസ്റ്റ് റെഡിറ്റിൽ പങ്കുവച്ചത്. മാംസത്തിൽ ഈച്ചകൾ വന്നിരിക്കുന്നതും, രോഗങ്ങൾ ഉണ്ടാക്കുന്ന ബാക്ടീരിയകൾ വരുമെന്നുമുള്ള ആശങ്കകൾ, മാംസം ഉണക്കി സൂക്ഷിക്കുന്നതിന് അപ്പാർട്ട് മെന്റിലെ ബാൽക്കെണി തെരഞ്ഞെടുത്തത് മോശമായിപ്പോയെന്നും ഉൾപ്പെടെ പറഞ്ഞുകൊണ്ട് നിരവധിപ്പേരാണ് പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്.