ലോകകപ്പ് സമയത്ത് വീണ്ടും വൈറലാവുകയാണ് ലിയോണൽ മെസ്സിയുടെയും ലമിൻ യമാലിൻ്റെയും ചിത്രം. കുഞ്ഞ് യമാലിനെ മെസ്സി എടുത്തുനിൽക്കുന്ന ചിത്രമാണ് വീണ്ടും വൈറലാവുന്നത്. ആ ചിത്രം വന്ന വഴിയെങ്ങനെയെന്ന് നോക്കാം.
ലോകകപ്പ് വേദിയിൽ ലിയോണൽ മെസ്സിയും സ്പെയിനിൻ്റെ ലാമിൻ യമാലും തങ്ങളുടെ ജൈത്രയാത്ര തുടരുമ്പോൾ, സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും വൈറലാവുകയാണ് ഒരു അപൂർവ്വ ചിത്രം. ഏതാനും മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞ് യമാലിനെ പ്ലാസ്റ്റിക് ടബ്ബിലിരുത്തി കുളിപ്പിക്കുന്ന ഇരുപതുകാരനായ ലിയോണൽ മെസ്സിയുടെ ചിത്രമാണ് ഫുട്ബോൾ ലോകത്ത് ഇപ്പോൾ വീണ്ടും തരംഗം സൃഷ്ടിക്കുന്നത്. അന്ന് മെസ്സിയുടെ കൈകളിൽ നിന്ന് ആ മാന്ത്രിക സ്പർശം ഏറ്റുവാങ്ങിയ കുഞ്ഞാണ് ഇന്ന് യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും വലിയ അത്ഭുതമായി വളർന്നു പന്തലിച്ചിരിക്കുന്നത്.
2007 ഡിസംബറിലാണ് ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ ക്യാംപ് നൗവിൽ വെച്ച് ഈ ചരിത്ര നിമിഷം പിറക്കുന്നത്. പ്രശസ്ത മാധ്യമമായ ഡയറിയോ സ്പോർട്സും യുണിസെഫും ചേർന്ന് നടത്തിയ ഒരു ചാരിറ്റി കലണ്ടർ ഫോട്ടോഷൂട്ടിന് വേണ്ടിയായിരുന്നു ചിത്രമെടുത്തത്. ബാഴ്സലോണയിലെ റോക്കാ ഫോണ്ടയിലെ പ്രാദേശിക കൂട്ടായ്മയിൽ നിന്ന് ലോട്ടറിയിലൂടെയാണ് അന്ന് ലാമിൻ യമാലിൻ്റെ കുടുംബത്തിന് ഫോട്ടോഷൂട്ടിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. പ്രശസ്ത ഫോട്ടോഗ്രാഫർ യോവാൻ മോൺഫോർട്ടാണ് ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ഫ്രെയിം ക്യാമറയിലാക്കിയത്.
അന്ന് ഫോട്ടോഷൂട്ടിനായി ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ മെസ്സിക്ക് കടുത്ത നാണമായിരുന്നുവെന്നും, ഒരു കുഞ്ഞിനെ എങ്ങനെ എടുക്കണമെന്ന് പോലും മെസ്സിക്ക് അറിയില്ലായിരുന്നുവെന്നും ഫോട്ടോഗ്രാഫർ ഓർത്തെടുത്ത് പറഞ്ഞിരുന്നു. വർഷങ്ങൾക്കിപ്പുറം 2024 ജൂലൈയിൽ യൂറോകപ്പ് സെമിഫൈനലിൽ കിലിയൻ എംബപ്പെയുടെ ഫ്രാൻസിനെതിരെ യമാൽ വിസ്മയ ഗോൾ നേടിയപ്പോളാണ്, യമാലിൻ്റെ പിതാവ് മുനീർ നസ്രാവി കാലങ്ങളായി ഒളിപ്പിച്ചുവെച്ച ചിത്രം രണ്ട് ഇതിഹാസങ്ങളുടെ തുടക്കം എന്ന അടികുറിപ്പോടെ പുറത്തുവിട്ടത്. അന്ന് മെസ്സിയുടെ കൈകളിൽ നിന്ന് അനുഗ്രഹം വാങ്ങിയ കുഞ്ഞ്, ഇന്ന് വിശ്വവേദിയിൽ സ്പെയിനിൻ്റെ രക്ഷകനായി കളം നിറയുമ്പോൾ, അതിനെ ദൈവത്തിനെ കൈയൊപ്പ് എന്നല്ലാതെ എന്ത് വിളിക്കാൻ.