എംഎല്‍എമാരുടെ കാറുകളിലെ ബോര്‍ഡ് Soource: Facebook Page
SOCIAL

"നിയമസഭാംഗത്തിന്റെ വാഹനത്തിന് പാര്‍ക്കിങ് ഇല്ലേ?", ഇല്ല, സർ... "ഇവിടെ MLAമാരുടെ വാഹനങ്ങൾക്കു മാത്രമേ പാർക്കിങ് അനുവദിക്കൂ"

പതിവില്ലാത്തൊരു ബോര്‍ഡ് കണ്ടപ്പോഴുള്ള വാച്ച് ആന്‍ഡ് വാര്‍ഡിന്റെ സ്വാഭാവിക മറുപടിയാണ് ചിരിയും ചിന്തയുമുണര്‍ത്തിയത്.

Author : ന്യൂസ് ഡെസ്ക്

പൊതുവേ ഉപയോഗിക്കാറുള്ള ഇംഗ്ലീഷ് പ്രയോഗമോ, വാക്കുകളോ ഒഴിവാക്കി മലയാളം പറഞ്ഞാല്‍ എന്താകും പെട്ടെന്ന് മറ്റുള്ളവരിലുണ്ടാകുന്ന പ്രതികരണം. ഒരു അമ്പരപ്പ് സ്വഭാവികമാണ്. അത് എത്രത്തോളം ആകാമെന്ന് മാത്യു ടി. തോമസ് എംഎല്‍എ പറഞ്ഞുതരും. ഔദ്യോഗിക കാറില്‍ ഇംഗ്ലീഷിനു പകരം മലയാളം ബോര്‍ഡ് വച്ചതോടെയാണ് മാത്യു ടി. തോമസ് അത് നേരിട്ടറിഞ്ഞത്. നിയമസഭാ വളപ്പിലെ കാര്‍ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ടായിരുന്നു രസകരമായ സംഭവം.

മാത്യു ടി. തോമസിന്റെ കാറില്‍ നിയമസഭാംഗം എന്ന മലയാളം ബോര്‍ഡാണുള്ളത്. MLA എന്ന് ഇംഗ്ലീഷില്‍ എഴുതിയ ബോര്‍ഡാണ് നിയമസഭാംഗങ്ങള്‍ പൊതുവേ ഉപയോഗിക്കാറ്. നിയമസഭയുടെ ഔദ്യോഗിക ഭാഷാ സമിതിയുടെ അധ്യക്ഷൻ കൂടിയായ മാത്യു ടി. തോമസ് അത് മലയാളത്തിലാക്കി. അതാണ് രസകരമായ സംഭവത്തിന് വഴിയൊരുക്കിയത്.

സ്വയം ഡ്രൈവ് ചെയ്ത് നിയമസഭയിലെത്തിയ മാത്യു ടി. തോമസിനോട്, അത്ര പരിചയമില്ലാത്ത വാച്ച് ആന്‍ഡ് വാര്‍ഡ് അംഗങ്ങളിലൊരാള്‍ "ഇവിടെ എംഎല്‍എമാരുടെ വാഹനങ്ങള്‍ക്കു മാത്രമേ പാര്‍ക്കിങ് അനുവദിക്കൂ" എന്ന് പറയുകയായിരുന്നു. "നിയമസഭ അംഗങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പറ്റില്ലേ?" എന്ന മാത്യു ടി. തോമസിന്റെ ചോദ്യത്തിന് "എംഎല്‍എമാരുടെ വാഹനം മാത്രമേ പറ്റൂ" എന്നായിരുന്നു മറുപടി. പതിവില്ലാത്തൊരു ബോര്‍ഡ് കണ്ടപ്പോഴുള്ള വാച്ച് ആന്‍ഡ് വാര്‍ഡിന്റെ സ്വാഭാവിക മറുപടിയാണ് ചിരിയും ചിന്തയുമുണര്‍ത്തുന്ന ഒന്നായി മാറിയത്.

മാത്യു ടി. തോമസ് ഫേസ്ബുക്കില്‍ എഴുതിയ വാക്കുകള്‍

ഞാൻ 2018 മുതൽ ഉപയോഗിക്കുന്ന കാറാണിത്. 2¼ ലക്ഷം കി മി ഓടിക്കഴിഞ്ഞു.

ഇന്ന് നിയമസഭയിൽ ചെന്ന് പാർക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ എന്നെ അത്ര പരിചയം ഇല്ലാത്ത ഒരു വാച്ച് & വാർഡ്, ഡ്രൈവർ സീറ്റിൽ ഇരിക്കയായിരുന്ന എന്നോട് വളരെ വിനയത്തോടെ പറഞ്ഞു.. "ഇവിടെ MLA മാരുടെ വാഹനങ്ങൾക്കു മാത്രേ പാർക്കിങ് അനുവദിക്കൂ"

നിയമസഭ അംഗങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പറ്റില്ലേ എന്ന എന്റെ ചോദ്യത്തിന് ഉടനെ മറുപടി വന്നു.., MLA മാരുടെ വാഹനം മാത്രമേ പറ്റു.

MLA എന്ന് ഇംഗ്ലീഷിൽ എഴുതിയാലേ ഒരു ഗമ ആവൂ എന്ന് പല തവണ എന്റെ ഡ്രൈവർ വിഷ്ണു പറഞ്ഞിട്ടുള്ളത് എത്ര ശരിയാണ് എന്ന് ഇന്ന് ബോധ്യപ്പെട്ടു. നിയമസഭയുടെ ഔദ്യോഗിക ഭാഷ സമിതിയുടെ അധ്യക്ഷൻ കൂടിയായ ഞാൻ ഇതിങ്ങനെ പോട്ടെ എന്ന് തീരുമാനിക്കുന്നു.

SCROLL FOR NEXT