ഒന്നാം പിറന്നാളാഘോഷിച്ച് സെൻസേഷൻ മൂ ഡെങ് ഹിപ്പോ Source: X
SOCIAL

ജനിച്ച നാൾ മുതൽ സോഷ്യൽ മീഡിയ താരം; മൂ ഡെങ് ഹിപ്പോയുടെ ഒന്നാം പിറന്നാളാഘോഷിച്ച് ആരാധകർ

ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആരാധകരാണ് കുഞ്ഞ് ഹിപ്പോയുടെ പിറന്നാളിന് പങ്കുചേർന്നത്.

Author : ന്യൂസ് ഡെസ്ക്

ജനിച്ച നാള് മുതൽ സോഷ്യൽ മീഡിയ സെൻസേഷനാണ് മൂ ഡെങ് എന്ന പിഗ്മി ഹിപ്പോ. മൂ ഡെങ്ങിന്റെ മീമുകൾ കാണാത്തവർ കുറവായിരിക്കും. ആള് ചില്ലറക്കാരിയല്ല, ട്രംപിന്റെ വിജയം പ്രവചിച്ച കക്ഷിയാണ് ഹിപ്പോ. വൈറൽ മൂൺ വാക്ക് വരെ ചെയ്യാനറിയാം, എന്തിന്, സ്വന്തം പേരിൽ ക്രിപ്റ്റോ കറൻസി വരെയുണ്ട്. ഇന്നലെയായിരുന്നു മൂ ഡെങ്ങിന്റെ ഒന്നാം പിറന്നാൾ. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആരാധകരാണ് കുഞ്ഞ് ഹിപ്പോയുടെ പിറന്നാളിന് പങ്കുചേർന്നത്.

പിറന്നാൾ കേക്ക് കഴിച്ച് മൂ ഡെങ്

തായ്‌ലൻഡിലെ ചോൻബുരിയിലെ ഖാവോ ഖിയോ എന്ന ഓപ്പൺ സൂവിലാണ് മൂ ഡെങ് എന്ന പിഗ്മി ഹിപ്പോ പൊട്ടാമസിന്റെ ജനനം. ജനിച്ച നാള് മുതൽ കുഞ്ഞു ഹിപ്പോ സോഷ്യൽ മീഡിയയിൽ സെൻസേഷനാണ്. കുഞ്ഞ് ഹിപ്പോ മൂ ഡെങ്ങിന്റെ കെയർടേക്കറാണ് അറ്റപോ നുൻഡീ. അറ്റപോ നുൻഡീ ഫേസ്ബുക്കിലും ടിക് ടോക്കിലും കുഞ്ഞ് മൂ ഡെങ്ങിന്റെ ഓമനത്തമുള്ള വീഡിയോകൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിരുന്നു. അങ്ങനെ ക്യൂട്ട്നെസ് വാരിവിതറി കുഞ്ഞൻ പെൺഹിപ്പോ എല്ലായിടത്തും തരംഗമായി.

മൂ ഡെങ്ങിന്റെ കുസൃതികൾ വൈറലായതോടെ നിരവധി മീമുകളും, മൂ ഡെങ് മേക്കപ്പ് എന്ന പേരിൽ പുതിയൊരു മേക്കപ്പ് രീതി പോലും പ്രചാരത്തിൽ വന്നു. മൂ ഡെങ്ങിന്റെ മുഖകാന്തിയും ചുറുചുറുക്കും വേണ്ടവർ 'മൂ ഡെങ് മേക്കപ്പ്' ചെയ്താൽ മതി എന്നാണ് വെപ്പ്. കഴിഞ്ഞ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിർണായക പ്രവചനം നടത്തിയും മൂ ഡെങ് തരംഗമായി. കമല ഹാരിസിന്റെയും ഡൊണാൾഡ് ട്രംപിന്റെയും പേരെഴുതിയ തണ്ണിമത്തനുകൾ മൂ ഡെങ്ങിന് മുന്നിൽ വച്ചു പ്രവചനത്തിനായി. ഇതിൽ ട്രംപിന്റെ പേരെഴുതിയ തണ്ണിമത്തനാണ് മൂ ഡെങ് എടുത്തത്.

നാലു ദിവസം നീണ്ടുനിന്ന പിറന്നാൾ ആഘോഷമായിരുന്നു മൂ ഡെങ്ങിന്റേത്. പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് നിർമിച്ച 20 കിലോഗ്രാം ഭാരമുള്ള കേക്കോടെയാണ് മൂ ഡെങ് ആദ്യ പിറന്നാൾ ആഘോഷിച്ചത്. തായ്‌ലൻഡ് പാരമ്പര്യ ശൈലിയിൽ അലങ്കരിച്ച ഈ കേക്ക് മൂന്ന് സൂ കീപ്പർമാർ ചേർന്ന് മൂ ഡെങ്ങിന്റെ കൂട്ടിലേക്ക് കൊണ്ടുപോയി. നാലു ദിവസം നീണ്ടുനിന്ന ആഘോഷങ്ങളിൽ ഫോട്ടോ പ്രദർശനം, പരേഡ്, ചാരിറ്റി ലേലം എന്നിവ ഉൾപ്പെട്ടിരുന്നു. ലേലത്തിൽ മൂ ഡെങ്ങിന്റെ വിലപ്പെട്ട വസ്തുക്കൾ വിൽപ്പനയ്ക്ക് വച്ചു. മൂ ഡെങ് ജനിച്ചതു മുതൽ ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് ബാത്ത് ടബ് 1.31 ലക്ഷം രൂപയ്ക്കും അവളുടെ കാൽപ്പാടുകളുടെ ഒരു മാതൃക 18.39 ലക്ഷം രൂപയ്ക്കുമാണ് വിറ്റുപോയത്.

SCROLL FOR NEXT