ഇന്ത്യയുടെ ഗാനകോകിലം ശ്രേയ ഘോഷാൽ പാടിയ പുതിയ കൃഷ്ണ ഭക്തിഗാനം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. "ഓ കൻഹാ രേ" എന്ന മ്യൂസിക്കൽ ആൽബത്തിൽ കുഞ്ഞായ കൃഷ്ണനുമായുള്ള ഒരു ഗോപികയുടെ സ്നേഹവും അഭേദ്യമായ ബന്ധവുമാണ് ദൃശ്യവത്കരിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച ശ്രേയ ഘോഷാലിൻ്റെ തന്നെ ഒഫീഷ്യൽ യൂട്യൂബ് പേജിൽ പുറത്തിറക്കിയ വീഡിയോ ഇതിനോടകം 1.60 ലക്ഷം പേരാണ് കണ്ടിരിക്കുന്നത്. മനോഹരമായ വേഷവിധാനങ്ങളിലാണ് ശ്രേയ ഈ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
'കൃഷ്ണൻ്റെ സ്നേഹം കണ്ടെത്താനായില്ല, അത് എപ്പോഴും കൊണ്ടുനടന്ന ഒരു ഓർമ പോലെ നിങ്ങളിൽ ഉണർത്തുന്നു' എന്ന അർത്ഥമുള്ള വരികളാണ് ആൽബത്തിലുള്ളത്. ശ്രേയ ഘോഷാലിനൊപ്പം നാലു വയസ്സുകാരനായ ദേവ്യാൻ മുഖോപാധ്യായയാണ് കൃഷ്ണനായി വേഷമിട്ടിരിക്കുന്നത്.
സംഗീതത്തോടുള്ള എന്റെ സ്നേഹം, ഒരു അമ്മ എന്ന നിലയിലുള്ള എന്റെ യാത്ര, എന്റെ സ്വന്തം കുട്ടിയുമായി ഞാൻ ഇപ്പോൾ പങ്കിടുന്ന കൃഷ്ണന്റെ കാലാതീതമായ കഥകൾ എന്നിവ ഒരുമിച്ച് നെയ്തെടുക്കുന്ന ഈ ഗാനം എനിക്ക് കൂടുതൽ സവിശേഷമാണെന്ന് ശ്രേയ ഘോഷാൽ പറയുന്നു. 'ഓ കൻഹാ രേ' ഭക്തിക്കും ആഗ്രഹത്തിനും കീഴടങ്ങലിനും കുസൃതിക്കും ഇടയിലുള്ള സൂക്ഷ്മമായ രേഖയെ മറികടക്കുന്നുവെന്നും ശ്രേയ പറഞ്ഞു.
ആലാപനം: ശ്രേയ ഘോഷാൽ, സംഗീതസംവിധാനം: ശ്രേയസ് പുരാണിക്, വരികൾ: സാവേരി വർമ്മ, സംഗീതം നിർമ്മാണം, ക്രമീകരണം: ദുർഗേഷ് ആർ രാജ്ഭട്ട്.