പെരുമ്പാമ്പ് Source: News Malayalam 24x7
SOCIAL

നാല് ദിവസത്തിനിടയില്‍ പിടികൂടിയത് 30ലേറെ പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളെ; പാമ്പ് പേടിയില്‍ ലോക്കായ ഗ്രാമം

പാമ്പുകൾ കാരണം വീടുകൾ പോലും ഒഴിഞ്ഞുപോകേണ്ട അവസ്ഥയിലാണ് നാട്ടുകാർ

Author : ന്യൂസ് ഡെസ്ക്

പാമ്പുകളെ കൊണ്ട് പൊറുതിമുട്ടിയ ഒരു നാടിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? നാടോടിക്കഥയൊന്നുമല്ല. കണ്ണൂരിലെ കയരളം മൊട്ടയുടെ കഥയാണ്. ഇവിടെ നിന്ന് നാലുദിവസത്തിനിടെ പിടികൂടിയത് 30 ലേറെ പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെയാണ്. കഴിഞ്ഞ വർഷവും ഇതേ സമയത്ത് പാമ്പ് ശല്യമുണ്ടായിരുന്നു. പാമ്പുകൾ കാരണം വീടുകൾ പോലും ഒഴിഞ്ഞുപോകേണ്ട അവസ്ഥയിലാണ് നാട്ടുകാർ.

പറയുമ്പോൾ തമാശ പോലെ തോന്നുമെങ്കിലും ഈ നാട്ടിലിപ്പോൾ ഇതാണ് സീൻ. വീട്ടുമുറ്റത്തും മുറ്റത്തെ മരക്കൊമ്പിലും അടുക്കളയിലും ബാത്റൂമിലും വരെ പാമ്പിൻ കുഞ്ഞുങ്ങൾ. കഴിഞ്ഞ നാലു ദിവസത്തിനിടെ പിടികൂടിയത് 30 ഓളം പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെയാണ്. കണ്ണൂർ മയ്യിൽ പഞ്ചായത്തിലെ കയരളം മൊട്ടയിലാണ് പത്തോളം വീട്ടുകാർക്ക് ഈ ദുർഗതി.എങ്ങോട്ട് തിരിഞ്ഞാലും പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങൾ. പേടിച്ച് പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് നാട്ടുകാർ.

കഴിഞ്ഞ രണ്ട് വർഷങ്ങളിലായാണ് പ്രദേശത്ത് ഇത്രയധികം പാമ്പുകളുടെ സാന്നിധ്യമുണ്ടായി തുടങ്ങിയത്. ഇതേ സമയത്തായിരുന്നു കഴിഞ്ഞ വർഷവും 40 ലേറെ പാമ്പുകളെ പിടികൂടിയത്. എന്താണ് കാരണം എന്ന് ആർക്കും വ്യക്തതയില്ല. സമീപത്തെ കുറ്റികാടുകളിൽ നിന്നാണ് പാമ്പുകൾ വരുന്നത് എന്നാണ് സംശയം.

പെരുമ്പാമ്പ് ഒരു തവണ നൂറോളം മുട്ടകളിടുമെന്നാണ് വനം വകുപ്പ് പറയുന്നത്. പുതിയതെരു - ചാലോട് റോഡ് കടന്നാണ് ഈ വീടുകൾക്ക് സമീപത്തേക്ക് പാമ്പുകൾ എത്തുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഇങ്ങനെ വരുന്നവയിൽ ചിലത് വാഹനങ്ങൾ കയറി ചാകുന്നതും പതിവാണ്. ശല്യം സഹിക്കാതെ വീടുകളിൽ നിന്ന് താമസം മാറുന്നത് വരെ കാര്യങ്ങൾ എത്തി. ഇന്നെത്ര പാമ്പുകളെ പിടികൂടേണ്ടി വരും എന്നാലോചിച്ച് ദിവസം തുടങ്ങേണ്ട അവസ്ഥക്ക് എന്ത് പരിഹാരം എന്ന് പരസ്പരം ചോദിക്കുകയാണ് ഇവരെല്ലാം.

SCROLL FOR NEXT