SOCIAL

പഞ്ച് ദ മങ്കി: തരംഗമായി ഗൂഗിള്‍ ഡൂഡിലില്‍ ബേബി പഞ്ച്

അമ്മ ഒപ്പമില്ലാതെ, അതിജീവനത്തിനായി ബുദ്ധിമുട്ടിയ പഞ്ചിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ തരംഗമായിരുന്നു

Author : ന്യൂസ് ഡെസ്ക്

ഗൂഗിളില്‍ തരംഗമായി കുഞ്ഞു പഞ്ചിന്റെ ഡൂഡില്‍. ഗൂഗിളില്‍ Punch the monkey എന്ന് സെര്‍ച്ച് ചെയ്താല്‍ നിങ്ങളുടെ സ്‌ക്രീന്‍ നിറയെ ഓറങൂട്ടാനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന കുഞ്ഞു പഞ്ചിന്റെ ചിത്രങ്ങള്‍ നിറയും.

കുഞ്ഞു ജാപ്പനീസ് കുരങ്ങനായ പഞ്ചിന് ആഗോള തലത്തില്‍ സ്വീകാര്യത ലഭിക്കുന്നതിനിടെയാണ് ഗൂഗിളും ഡൂഡില്‍ നല്‍കി പിന്തുണ അറിയിക്കുന്നത്. ഏഴ് മാസം പ്രായമുള്ള കുരങ്ങനാണ് പഞ്ച്. അമ്മ ഒപ്പമില്ലാതെ, അതിജീവനത്തിനായി ബുദ്ധിമുട്ടിയ പഞ്ചിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചിരുന്നത്.

കഴിഞ്ഞ ജൂലൈ മാസത്തിലെ കഠിനമായ ചൂടിലാണ് ഇച്ചിക്കാവ മൃഗശാലയിലെ കുരങ്ങുകളുടെ കൂട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പഞ്ചിനെ ആദ്യമായി കണ്ടെത്തുന്നത്. അമ്മക്കുരങ്ങ് ചൂടും മാനസിക സമ്മര്‍ദവും കാരണം പഞ്ചിനെ ഉപേക്ഷിക്കുകയായിരുന്നു. പിന്നാലെ മറ്റു കുരങ്ങുകള്‍ പഞ്ചിനെ ഒറ്റപ്പെടുത്താനും ആക്രമിക്കാനും ശ്രമിച്ചു.

അനാഥനായ പഞ്ചിനെ പക്ഷേ മൃഗശാല ജീവനക്കാര്‍ കൈവിട്ടില്ല, ഹൃദയത്തോട് ചേര്‍ത്തു. കുരങ്ങുകള്‍ക്ക് ജനിച്ചയുടന്‍ അമ്മയുടെ ശരീരത്തില്‍ മുറുകെപ്പിടിക്കുന്ന ശീലമുണ്ട്. എങ്കില്‍ മാത്രമേ അവയ്ക്ക് പേശീബലവും സുരക്ഷിതബോധവും ലഭിക്കൂ.

പഞ്ചിന് പിടിച്ചുനില്‍ക്കാന്‍ മൃഗശാലാ അധികൃതര്‍ പല വസ്തുക്കളും നല്‍കിനോക്കി. പക്ഷേ അതൊന്നും അവന്റെ അമ്മയ്ക്ക് പകരമായില്ല. അങ്ങനെയാണ് ഒരു ജീവനക്കാരന്‍ അവന് ഒരു സ്റ്റഫ്ഡ് ഒറാങ്ങുട്ടാന്‍ പാവയെ നല്‍കുന്നത്. ഇതിന് പിന്നാലെ പഞ്ച് ഓടുന്നതും അതുമായി കളിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി. പതിയെ പഞ്ച് തന്റെ വര്‍ഗത്തിലെ മറ്റ് കുരങ്ങുകളുമായി ഇണങ്ങിച്ചേരുന്നുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു.

SCROLL FOR NEXT