സിഡ്നി ഏകദിനത്തിൽ ഓസ്‌ട്രേയിക്കെതിരെ ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം നേടി പരമ്പരയിലെ പ്ലെയര്‍ ഓഫ് ദി സീരീസായി കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ ഹിറ്റ്മാൻ, രോഹിത് ശർമ തെരഞ്ഞെടുക്കപ്പെട്ടത്. അന്താരാഷ്ട്ര കരിയറിലെ 50ാം സെഞ്ച്വറിയും ഏകദിനത്തിലെ 33ാം സെഞ്ച്വറിയും കൂടിയാണ് കഴിഞ്ഞ മല്‍സരത്തില്‍ രോഹിത് കുറിച്ചത്. അതിന് പിന്നാലെ മറ്റൊരു അപൂർവനേട്ടം കൂടി സ്വന്തമാക്കി, സമൂഹമാധ്യമങ്ങളിലും താരമായിരിക്കുകയാണ് രോഹിത് ശർമ. ഇൻസ്റ്റഗ്രാമിൽ 45 മില്യൺ ഫോളേവ്ഴ്സ് എന്ന അപൂർവ നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്.
ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരമാണ് രോഹിത് ശർമ. ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സുള്ള ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ വിരാട് കോഹ്‌ലിയാണ് ഒന്നാമത്. 274 മില്യൺ ഫോളോവേഴ്സാണ് താരത്തിനുള്ളത്. പ്ലാറ്റ്‌ഫോമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ഇന്ത്യക്കാരനും കോഹ്‌ലിയാണ്. വിരാടിനു പിന്നാലെ 51.3 മില്യൺ ഫോളോവേഴ്‌സുള്ള സച്ചിൻ ടെണ്ടുൽക്കറും 49.8 മില്യൺ ഫോളോവേഴ്സോടെ ഇന്ത്യൻ ടീമിൻ്റെ മുൻ നായകൻ മഹേന്ദ്രസിങ് ധോണിയുമാണ് രോഹിത്തിന് മുന്നിൽ പട്ടികയിലുള്ളത്.
തന്റെ ഫോമിനെയും ഫിറ്റ്നസിനെയും കുറിച്ച് സംശയിച്ചവര്‍ക്ക് ഹിറ്റ്മാന്‍ ബാറ്റ് കൊണ്ടു മറുപടി നല്‍കുകയായിരുന്നു കഴിഞ്ഞ ദിവസം. സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ മാച്ച് വിന്നിങ് സെഞ്ച്വറി കുറിച്ചതിനു പിന്നാലെ രോഹിത് ശര്‍മയുടെ വിരമിക്കലിനെ കുറിച്ച് ആദ്യകാല കോച്ചായ ദിനേഷ് ലാഡ് പ്രതികരിച്ചു. 2027ലെ അടുത്ത ഏകദിന ലോകകപ്പിലും രോഹിത് കളിക്കും, അതിനു ശേഷം മാത്രമേ വിരമിക്കുകയുള്ളൂവെന്നും ലാഡ് പറഞ്ഞു.