യാത്ര ഇഷ്ടപ്പെടുന്നവരുടെ റൂള്‍ ബുക്ക് തികച്ചും വ്യത്യസ്തമാണ്. ലീവുകള്‍, ഇഷ്ടപ്പെട്ട സ്ഥലം, താമസസൗകര്യം, യാത്രാമാര്‍ഗം, ബജറ്റ്... ഇത്യാദി കാര്യങ്ങള്‍ക്കായിരിക്കും പ്രയോറിറ്റി. ചിലപ്പോള്‍ കൃത്യമായ പ്ലാനിങ്ങോടെ, ചിലപ്പോള്‍ ഒരു പ്ലാനിങ്ങും ഇല്ലാതെ അലക്ഷ്യമായ യാത്രകള്‍. ഇവരില്‍ ലാവിഷായി അടിച്ചുപൊളിച്ച് ടൂര്‍ പോയി തിരികെ വരുന്നവരും, ബജറ്റ് യാത്ര ചെയ്യുന്നവരുമുണ്ട്. ഇനി ചിലരാകട്ടെ, ഒരു തരത്തിലുള്ള കോംപ്രമൈസിനും തയ്യാറാകില്ല; ചെലവും റിസ്ക് എലമെന്റുമൊന്നും അവരെ ഏശില്ല. എന്നാല്‍, എല്ലാത്തരം സഞ്ചാരികളെയും രണ്ടാമതൊന്ന് ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്ന തരത്തിലാണ് ഒരു പരസ്യം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.
സ്വകാര്യ ജെറ്റില്‍ 23 ദിവസത്തെ യാത്ര. സന്ദര്‍ശിക്കുക ഏഴ് രാജ്യങ്ങള്‍. ഒരാള്‍ക്ക് ചെലവ് 99 ലക്ഷം! എന്നാണ് പത്രപ്പരസ്യത്തിലെ വാചകങ്ങള്‍. ദി ക്യൂ ഒഡീസി എന്നാണ് ലോക സഞ്ചാര പാക്കേജിന് നല്‍കിയിരിക്കുന്ന പേര്. ദി ക്യൂ എക്സ്പീരിയന്‍സാണ് സഞ്ചാര പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. ജൂണ്‍ ആറു മുതല്‍ 28 വരെ നീളുന്ന സഞ്ചാരം. മുംബൈയില്‍ നിന്ന് തുടങ്ങി ഏഴ് രാജ്യങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ച് മുംബൈയില്‍ എത്തുന്ന ടൂര്‍ പാക്കേജ്. യൂറോപ്പ്, ആഫ്രിക്ക, നോര്‍ത്ത് അമേരിക്ക, ഏഷ്യ രാജ്യങ്ങളിലൂടെയാണ് സഞ്ചാരം. മുംബൈയില്‍ തുടങ്ങുന്ന യാത്ര വാലെറ്റ (മാള്‍ട്ട), മറാക്കേഷ് (മൊറോക്കോ), നൂക്ക് (ഗ്രീന്‍ലാന്‍ഡ്), ആങ്കറേജ് (അലാസ്ക), സിയോള്‍ (ദക്ഷിണ കൊറിയ), ഗോബി (മംഗോളിയ), ലിജിയാങ് (ചൈന) എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് മുംബൈയില്‍ തന്നെ അവസാനിക്കും വിധമാണ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. എല്ലായിടത്തും മൂന്ന് രാത്രിയാണ് തങ്ങുക.
ലോകം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, സമയം നോക്കിയുള്ള വിമാനയാത്രയും, വിമാനത്താവളങ്ങളിലെ കാത്തിരിപ്പും, മാറിമാറിയുള്ള യാത്രയുടെ ക്ഷീണവുമൊക്കെ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടിയാണ് ഈ പാക്കേജ്. യാത്രാസൗകര്യങ്ങളില്‍ ആഡംബരത്തിന് യാതൊരു കുറവുമില്ല. നേരംപോക്കിനും വിനോദത്തിനുമായി പ്രത്യേക പരിപാടികള്‍. ആരോഗ്യ പരിചരണത്തിനായി ഫിസിഷ്യന്‍. രുചികരമായ ഭക്ഷണമൊരുക്കാന്‍ സെലിബ്രിറ്റി ഷെഫ് വിക്കി രത്നാനി എന്നിങ്ങനെ പോകുന്നു സൗകര്യങ്ങള്‍.
വസ്ത്രങ്ങളൊക്കെ അപ്പപ്പോള്‍ തന്നെ കഴുകി, ഉണക്കി, തേച്ചുമടക്കി ഫ്രഷായി കൈയില്‍ തരും. സഞ്ചാരികളുടെ ലഗേജുകള്‍ കൈകാര്യം ചെയ്യാനും പ്രത്യേക സംവിധാനങ്ങളും സ്റ്റാഫുകളുമുണ്ടാകും. ഓരോ സ്ഥലത്തും കൂട്ടിക്കൊണ്ടുപോകാനും കാര്യങ്ങള്‍ വിശദീകരിച്ചുതരാനും പ്രൊഫഷണല്‍ ഗൈഡുമാരുണ്ടാകും. ഇത്രയും സ്ഥലങ്ങളൊക്കെ കണ്ട്, ഫോണില്‍ സെല്‍ഫിയുമെടുത്ത് മടങ്ങേണ്ടിയുംവരില്ല. ഇക്കാര്യത്തില്‍ സഹായിക്കാന്‍ പ്രൊഫഷണല്‍ ഫിലിംമേക്കേഴ്‌സിന്റെ സംഘവും ഒപ്പമുണ്ടാകും. യാത്രയിലെ അസുലഭ,സുന്ദര നിമിഷങ്ങളെല്ലാം അവര്‍ ഒപ്പിയെടുക്കും. അത് ചിത്രങ്ങളായും ദൃശ്യങ്ങളായും നിങ്ങളിലേക്കെത്തും.
ഒറ്റ യാത്രയില്‍ നാല് ഭൂഖണ്ഡങ്ങളിലൂടെ ഏഴ് രാജ്യങ്ങള്‍. അത്യാഡംബര സുഖ, സൗകര്യങ്ങള്‍... ഇതാണ് ദി ക്യൂ ഒഡീസിയുടെ ലോക സഞ്ചാര പാക്കേജിന്റെ ആകര്‍ഷണം. എന്നാല്‍ ഇത്രയും പൈസയൊക്കെ മുടക്കി, ഇത്ര ദിവസം യാത്ര ചെയ്യാന്‍ ആരെങ്കിലും മെനക്കെടുമോ എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരിക്കുന്ന ചോദ്യം. ഇതൊക്കെ ഏഴ് ലക്ഷം രൂപ കൈയിലുണ്ടെങ്കില്‍ സാധ്യമാകുമെന്ന് പറയുന്നവരും, ഇച്ചിരി ലാവിഷായാല്‍ പോലും പത്ത് പതിനഞ്ചോ ലക്ഷം രൂപ മതിയാകുമെന്നു പറയുന്നുവരുമുണ്ട്.
ഇത്രയും രാജ്യങ്ങളൊക്കെ സഞ്ചരിക്കാന്‍ ആര് വിസ തരും? ഇന്ത്യക്കാര്‍ക്ക് എന്തെങ്കിലും ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ടോ? ഇനിയിപ്പോ വിസ കൂടി റെഡിയാക്കി തരുമെന്നാണെങ്കില്‍, കള്ളപ്പണം വെളുപ്പിക്കാന്‍ നോക്കുന്നവര്‍ എല്ലാവരും കൂടി ജെറ്റ് നിറയ്ക്കുമെന്ന് വിമര്‍ശിക്കുന്നുവരുമുണ്ട്. 2025ല്‍ 70 ലക്ഷം രൂപ ചെലവിട്ട് 45ലധികം രാജ്യങ്ങള്‍ കണ്ടയാളുടെ വ്ളോഗ് ഒന്ന് കാണുന്നത് നല്ലതാണെന്ന് ബുദ്ധി ഉപദേശിക്കുന്നവരെയും സമൂഹമാധ്യമങ്ങളില്‍ കാണാം. ഇനി ഈ പരസ്യത്തിനു പിന്നില്‍ ആദായ നികുതി വകുപ്പെങ്ങാനും ആണോ എന്നും ചിലര്‍ വിരുതര്‍ കമന്റ് ചെയ്തിട്ടുണ്ട്.