SOCIAL

UTOPIA | ഹൈക്കമാന്‍ഡ് പോലും കണ്ണുമിഴിച്ച വിസ്മയക്കാഴ്ചകള്‍; എന്‍ഡിഎയില്‍ ട്വന്റി20 വക ബിഗ് ബോസ്

പ്രായവും പക്വതയും അനുഭവസമ്പത്തും, മന്ത്രിക്കസേരയിലും എംഎല്‍എ, എംപി പദവിയിലും ഇരുന്ന് മൂട്ടിലുണ്ടായ തഴമ്പും, മൂലക്കുരുവുമൊന്നും ഇവിടെ പ്രശ്നമല്ല...

Author : എസ്. ഷാനവാസ്

വിസ്മയങ്ങളുടെ വിസ്ഫോടന കാലം. നിയമസഭാ തെരഞ്ഞെടുപ്പു കാലത്തെ, എല്ലാവര്‍ക്കും മനസിലാകുന്ന വാക്കുകളില്‍ ഒന്ന് പരിചയപ്പെടുത്തിയതാണ്. ഒരൊറ്റ ടീമാണെന്ന് പറയുന്നവര്‍ തമ്മിലിടിച്ച് സീറ്റ് സ്വന്തമാക്കാന്‍ ഓടിനടക്കുന്ന കാലം. അതിപ്പോള്‍ നിന്ന നില്‍പ്പില്‍ ഡല്‍ഹിയില്‍ വരെ പോയിട്ടാണെങ്കില്‍ അങ്ങനെ. പ്രായവും പക്വതയും അനുഭവസമ്പത്തും, മന്ത്രിക്കസേരയിലും എംഎല്‍എ എംപി പദവിയിലും ഇരുന്ന് മൂട്ടിലുണ്ടായ തഴമ്പും, മൂലക്കുരുവുമൊന്നും അവിടെ പ്രശ്നമല്ല. ജനങ്ങളെ സേവിക്കണമെങ്കില്‍ ഏതെങ്കിലുമൊരു കസേര കൂടിയേ തീരൂ. അതിപ്പോള്‍ ഇത്രകാലം പോറ്റിയ പാര്‍ട്ടി വിട്ടിട്ടാണെങ്കില്‍ അങ്ങനെ... ഉട്ടോപ്യയിലേക്ക് സ്വാഗതം.

എല്‍ഡിഎഫ്; ആദ്യ ഫൈനലിസ്റ്റ്

തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇച്ചിരി വൈകിയെങ്കിലും, നിയമസഭാ തെരഞ്ഞെടുപ്പില്‍ കച്ച മുറുക്കിക്കെട്ടി ആദ്യമിറങ്ങിയത് എല്‍ഡിഎഫ് ആണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവന്നു. മുന്നണിയിലെ കക്ഷികളെല്ലാം അധികം തട്ടുകേട് കൂടാതെ തങ്ങളുടെ ഭാഗം ക്ലിയറാക്കി. പാര്‍ട്ടി സെക്രട്ടറിയായ എംഎല്‍എയുടെ ഭാര്യയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചര്‍ച്ചകളൊക്കെ വന്നപോലെ തന്നെ കെട്ടടങ്ങി.

നാട്ടികയില്‍ ഇടഞ്ഞ് കോണ്‍ഗ്രസില്‍ കണ്ണുവച്ചിറങ്ങിയ മുകുന്ദന്, ഒടുവില്‍ താമരച്ചോലയാണ് അഭയം നല്‍കിയത്. വൈക്കത്ത് അജിത്തിനും കിട്ടി താമരയുടെ സീറ്റ്. അധികാരമോഹം തലയ്ക്കുപിടിച്ച വിപ്ലവമണ്ണിലെ കവിവര്യനും കലഹിച്ച് പടിയിറങ്ങിപ്പോയി. അമ്പലപ്പുഴയിലെ ഉണ്ണിക്കണ്ണനോടു പോലും പരിഭവം പറയാന്‍ പറ്റാത്ത സ്ഥിതിയിലാണിപ്പോള്‍. പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയാല്‍ ഞാനും ശൂ... എന്നൊരു മറുപടി അങ്ങ് ഇടുക്കിയില്‍ നിന്നെത്തി. പാര്‍ട്ടി പറയുന്നതാണ് ശരിയെന്നും, മത്സരിക്കാന്‍ പറഞ്ഞാല്‍ മത്സരിക്കുമെന്നും മാറിനില്‍ക്കാന്‍ പറഞ്ഞാല്‍ അങ്ങനെയെന്നും പറയുന്നവരുമുണ്ട്. അതിനെല്ലാം ഇടയില്‍, ഞാനീ കളിക്കില്ലെന്നും പറഞ്ഞ്... സ്ഥാനാര്‍ഥിയാക്കിയതില്‍ കെറുവിച്ച് ഒരു മന്ത്രി മാറിയിരിക്കുന്ന അപൂര്‍വതയും അരങ്ങേറി.

വിത്തിന്‍ 24 അവേഴ്സ്...

അല്ലേലും ചിലരങ്ങനെയാണ്. ക്വാര്‍ട്ടറും സെമിയുമൊക്കെ എങ്ങനേലും കടന്ന് ഫൈനലിലെത്തും.ആ ഒരൊറ്റ കാരണം കൊണ്ടുണ്ടാകുന്ന അമിത ആത്മവിശ്വാസത്തില്‍ പിന്നീട് കാണിച്ചുകൂട്ടുന്നതെല്ലാം വെപ്രാളങ്ങള്‍ ആയിരിക്കും. എന്തായി എന്ന് ആരെങ്കിലും ചോദിച്ചാല്‍ വിത്തിന്‍ 24 അവേഴ്സ്... എല്ലാം സെറ്റാണെന്ന് അങ്ങ് കാച്ചും.

ഇനി ഞങ്ങളാണ് ഭരിക്കാന്‍ പോകുന്നതെന്ന് ദിവസം നൂറാവര്‍ത്തി പറഞ്ഞിരുന്നവര്‍, കൃത്യസമയത്ത് നോമിനേഷനെങ്കിലും കൊടുക്കുമോ എന്നാരെങ്കിലും സംശയിച്ചിട്ടുണ്ടെങ്കില്‍ കുറ്റം പറയാനൊക്കില്ല. അതുകൊണ്ട് 24 മണിക്കൂറിന്റെ കാര്യം മാധ്യമപ്രവര്‍ത്തകര്‍ ഒന്ന് ഓര്‍മിപ്പിച്ചു. ദേ വരുന്നു, സ്റ്റഡി ക്ലാസ്. നിങ്ങളിങ്ങനെയൊക്കെ വാര്‍ത്ത കൊടുത്താല്‍ ക്രെഡിബിലിറ്റി പോകുമെന്നൊരു സാരോപദേശവും കിട്ടി.

മാധ്യമപ്രവര്‍ത്തകര്‍ ചെയ്തത് ഒട്ടും ശരിയായില്ല എന്നാണ് ഉട്ടോപ്യയുടെ അഭിപ്രായം. ഇത്രയും കാലം വളരെ സത്യസന്ധമായി തന്നെ കാര്യങ്ങള്‍ പറഞ്ഞ്, നടത്തി കാണിച്ച ആളോടാണ് നിങ്ങളിതൊക്കെ ചെയ്തത്. നിങ്ങള്‍ക്ക് പാപം കിട്ടും, സൂക്ഷിച്ചോ...

പക്ഷേ, തെറ്റ് പറയരുതല്ലോ, അങ്ങ് ഡല്‍ഹിയിലിരുന്ന് ഹൈക്കമാന്‍ഡ് ആളുകളുടെ പേരെഴുതുന്ന സമയത്ത്, ഇവിടെ ഫ്ലക്സും പോസ്റ്ററുമൊക്കെ അടിച്ച് അണികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം നേരത്തെ തന്നെ തുടങ്ങിവച്ചു. മണ്ടയില്ലാത്ത തെങ്ങെന്നു പറയുംപോലെ, മണ്ഡലമില്ലാത്ത പോസ്റ്ററില്‍ അരികിലുണ്ടായിരുന്നു ചാമക്കാല.

കൊച്ചിയില്‍ ദീപ്തമായ ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ പോസ്റ്ററിലും ഫ്ലക്സിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഒപ്പത്തിനൊപ്പമായിരുന്നു. മേയര്‍ പട്ടം നഷ്ടപ്പെട്ട ദീപ്തിയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും നേര്‍ക്കുനേര്‍.

കണ്ണൂരെന്ന ഹൃദയരക്തം ചീന്തിക്കാണിച്ചിട്ടും, ഇതെന്ത് ചെമ്പരത്തിപ്പൂവ് എന്ന് പറഞ്ഞ് പഴയ സിംഹത്തെ ചിലര്‍ കുത്തിനോവിച്ചു. പാവം സുധാകരന്‍ നൊന്തും കരഞ്ഞും രാത്രിക്ക് രാത്രി ഡല്‍ഹിയില്‍ പോയി. തന്നെ വെട്ടാന്‍ നോക്കിയവരുടെ പേര് പറഞ്ഞ് ഉറഞ്ഞുതുള്ളി. ദുഖഭാരം താങ്ങാനാകാതെ വിമാനത്താവളത്തിലെ ഏതോ ടോയ്‌ലറ്റില്‍ പോയി ചൂടുചായ ഊതി ഊതി കുടിച്ചു. ഇതൊക്കെ കണ്ട് കാവി പരവതാനി വിരിച്ച് ചിലര്‍ കാത്തിരുന്നു. പക്ഷേ, ഹൈക്കമാന്‍ഡിനു മുന്നില്‍ സിംഹം വെറും പൂച്ചയായി.

കോന്നിയില്‍ ഇപ്പോള്‍ കൊമ്പനിറങ്ങുമെന്ന് ഹൈപ്പ് കൊടുത്ത്... ഒടുവില്‍ വിനീത വിധേയനായി പാര്‍ട്ടി തീരുമാനം അംഗീകരിക്കാന്‍ തീരുമാനമെടുത്ത സമയത്തായിരുന്നു ഹൃദയരക്തത്തിന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നതായി അടൂരില്‍ വാര്‍ത്തയെത്തിയത്. എന്നാല്‍ പിന്നെ എനിക്കും തന്നുകൂടെ കുറച്ച് രക്തം എന്നായി അടൂരുകാരന്റെ നിലവിളി. ഒന്നും ഏറ്റില്ല.

എവിടെയാണ് അത്താണിയെന്ന് അറിയാതെ ലീഗില്‍നിന്ന് ഇടതുമാറി നിന്ന രണ്ടത്താണിയും, തലസ്ഥാന നഗരിയില്‍ കലാപക്കൊടി നാട്ടിയ ശിവകുമാറും, വഞ്ചകീ നിനക്കെന്തു കൊഞ്ചലാണിപ്പോഴും എന്ന് നീട്ടി ചൊല്ലി കവി എല്‍ദോസും കലാപം തുടര്‍ന്നപ്പോഴും ഭാവി മുഖ്യന്ത്രി പറഞ്ഞു, ഒരു അപസ്വരം പോലും ഇല്ലാതെയാണ് ടീം യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. സണ്ണിയെയും ജാനുവിനെയുമൊക്കെ പറഞ്ഞുപറ്റിച്ച നേതാവ് പറയുന്നു, വേണമെങ്കില്‍ വിസ്മയം ഇനിയും തുടരാമെന്ന്...

ബിജെപിക്കായി ട്വന്റി20 വക ബിഗ് ബോസ്

മുണ്ടുടുക്കാന്‍ അറിയാവുന്ന ജീ അവതരിച്ചതോടെ, ബിജെപിയുടെ കാര്യങ്ങള്‍ ആകെ രസകരമാണ്. മണ്‍കുടം പേറി നടന്ന തുഷാറിനൊപ്പം, ചക്കയുമായി സാബു കൂടി എത്തിയതോടെ കാര്യങ്ങള്‍ കളറായിട്ടുണ്ട്. തുഷാറും സംഘവും മണ്‍കുടം വിട്ട് തെങ്ങിന്‍തോപ്പിലേക്കും ചേക്കേറി. ഒരു ട്വന്റി 20 സിനിമയെങ്കിലും ആയാല്‍ മതി എന്ന് കാത്തിരിക്കുമ്പോഴാണ്, ബിഗ് ബോസിന്റെ മറ്റൊരു സീസണായി അത് മാറുന്നത്. ബിഗ് ബോസ് കണ്ടവരൊക്കെ വോട്ട് ചെയ്താല്‍ ജയിക്കുമെന്നതാണ് കോട്ടാത്തല അഖിലിന്റെ കോണ്‍ഫിഡന്‍സ്.

ഒരു ഷോ ഇറക്കാമെന്ന് വെച്ച് കാത്തിരിക്കുമ്പോള്‍ എവിക്ട് ആയിപ്പോയ അവസ്ഥയിലാണ് ലക്ഷ്മി പ്രിയ. പ്രചാരണത്തിന് മമ്മൂക്കയും ലാലേട്ടനുമൊക്കെ വരുന്നത് സ്വപ്നം കണ്ട പിഞ്ചുമനസ് എന്തോരം നൊന്തിട്ടുണ്ടാകണം. ബിഗ് ബോസ് എന്‍ട്രി കാര്‍ഡ് അല്ല തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മാനദണ്ഡം എന്ന് ഇവരോടൊന്ന് പറഞ്ഞുകൊടുക്കാന്‍ പറ്റുന്ന ആരും ഈ പാര്‍ട്ടിയില്‍ ഇല്ലേ എന്ന് ചോദിച്ചാല്‍, ആരെങ്കിലും ചക്കയോ തേങ്ങയോ എടുത്ത് എറിഞ്ഞാലോ? അതോര്‍ത്തുമാത്രം മിണ്ടുന്നില്ല. രണ്ട് മുന്നണികളുടെയും പടിവാതില്‍ക്കല്‍ ഇപ്പോഴും ജീയ്ക്കൊരു കണ്ണുണ്ട്. അവിടെ നിന്ന് ആരെങ്കിലും ഒരു ചായ കുടിക്കാന്‍ പുറത്തിറങ്ങിയാല്‍ പോലും അംഗത്വമോ, സീറ്റോ വാഗ്ദാനം ചെയ്യാനുള്ള സംവിധാനമൊക്കെ ഒരുക്കിയിട്ടുണ്ടെന്നാണ് വിസ്മയം കാത്തിരിക്കുന്ന പാണന്മാര്‍ പാടിനടക്കുന്നത്.

വിസ്മയങ്ങളുടെ ചെറിയൊരു ചെപ്പ് മാത്രമാണ് ഇപ്പോള്‍ തുറന്നത്. ഇനിയുമേറെ പറയാനുണ്ട്. 24 മണിക്കൂറിനുള്ളില്‍ അതെല്ലാം പറഞ്ഞുതീര്‍ക്കാമെന്ന ഉറപ്പില്‍ ഇപ്പോള്‍ തല്‍ക്കാലം നിര്‍ത്തുന്നു.

SCROLL FOR NEXT