അമൃത സുരേഷ് Source: Facebook/ Amritha Suressh
SOCIAL

"45,000 രൂപ നഷ്ടമായി, എനിക്ക് സംഭവിച്ചത് നിങ്ങൾക്കുണ്ടാകരുത്"; വാട്സ്‌ആപ്പ് തട്ടിപ്പിനിരയായതായി അമൃത സുരേഷ്

അടുത്ത ബന്ധുവിൻ്റെ നമ്പറിൽ നിന്ന് പണം ആവശ്യപ്പെട്ടുകൊണ്ട് മെസേജ് വന്നുവെന്നും, അത്യാവശ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് മെസേജ് വന്നതെന്നും അമൃത വീഡിയോയിൽ പറയുന്നു.

Author : ന്യൂസ് ഡെസ്ക്

വാട്സാപ്പ് തട്ടിപ്പിലൂടെ 45,000 രൂപ നഷ്ടമായെന്ന് ഗായിക അമൃത സുരേഷ്. സ്വന്തം യൂട്യൂബ് ചാനലായ അമൃതം ഗമയയിലൂടെയാണ് താൻ തട്ടിപ്പിനിരയായതായി അമൃതയും സഹോദരി അഭിരാമി സുരേഷും വെളിപ്പെടുത്തിയത്. തൻ്റെ അടുത്ത ബന്ധുവിൻ്റെ നമ്പറിൽ നിന്ന് പണം ആവശ്യപ്പെട്ടുകൊണ്ട് വാട്സ്ആപ്പ് മെസേജ് വന്നുവെന്നും, അത്യാവശ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് മെസേജ് വന്നതെന്നും അമൃത വീഡിയോയിൽ പറയുന്നു. തൻ്റെ യുപിഐക്ക് എന്തോ പ്രശ്നമുണ്ടെന്നും സന്ദേശത്തിൽ പറഞ്ഞതായും അമൃത വെളിപ്പെടുത്തി.

45,000 രൂപയാണ് ഇവർ ആവശ്യപ്പെട്ടതെന്നും ഒരു മണിക്കൂറിനുള്ളിൽ പണം തിരികെ തരാമെന്നും സന്ദേശത്തിൽ പറഞ്ഞതായി അമൃത പറയുന്നു. "സാധാരണ അത്യാവശ്യത്തിന് ബന്ധുവിന് പണം നൽകാറുണ്ട്. അതിനാൽ സംശയം തോന്നിയില്ല. താൻ ഉടൻ തന്നെ പണം അയച്ചുകൊടുത്ത് സ്ക്രീൻഷോട്ട് നൽകി. ഉടനെ നന്ദിയെന്ന് മെസേജ് വന്നു. ശേഷം വീണ്ടും 30,000 രൂപ കൂടി ആവശ്യപ്പെട്ടുകൊണ്ട് മെസേജ് വന്നു. അപ്പോൾ സംശയം തോന്നി വീഡിയോ കോൾ ചെയ്തപ്പോൾ ഫോൺ കട്ട് ചെയ്തു. ഇതേ തുടർന്ന് സാധാരണ രീതിയിൽ ഫോൺ ചെയ്തു, അപ്പോഴാണ് ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായി ബന്ധു അറിയിച്ചതെ"ന്നും അമൃത പറയുന്നു. ബന്ധുവിൻ്റെ ഫോൺ എങ്ങനെയാണ് ഹാക്ക് ചെയ്യപ്പെട്ടതെന്ന് അഭിരാമി വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.

ഇതുവരെയും കാൾ ചെയ്യുമ്പോൾ കേൾക്കാറുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ് അവഗണിക്കാറുണ്ടായിരുന്നു എന്നും ഇപ്പോഴാണ് അതിൻ്റെ പ്രാധാന്യം തനിക്ക് വ്യക്തമായതെന്നും അമൃത പറയുന്നു. ഇന്ന് ഞാനാണെങ്കിൽ നാളെ നിങ്ങളാകാൻ സാധ്യതയുണ്ടെന്നും, എല്ലാവരും ഇത്തരം സൈബർ ആക്രമണങ്ങൾ കരുതിയിരിക്കണമെന്നും അമൃത വീഡിയോയിൽ പറയുന്നു. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഗായിക അറിയിച്ചു. തട്ടിപ്പ് നടന്ന് ആദ്യത്തെ ഒരു മണിക്കൂർ 'ഗോൾഡൻ അവർ' ആണെന്നും ആ സമയത്തിനുള്ളിൽ പരാതി നൽകണമെന്നും ഗായിക പറയുന്നുണ്ട്.

SCROLL FOR NEXT