രാജ് ഷാമനിയുടെ പോഡ്‌കാസ്റ്റിനെ 'വാഷിങ് മെഷീനെ'ന്ന് വിളിക്കുന്ന മീമുകളും സോഷ്യൽ മീഡിയയിൽ കാണാം Source: X/ @Itstheanurag, @aadmi_fakeer
SOCIAL

"വാഷിങ് മെഷീൻ പോഡ്‌കാസ്റ്റ്"; രാജ് ഷാമനി-വിജയ് മല്യ പോഡ്‌കാസ്റ്റിന് പിന്നാലെ ട്രോളുകളാൽ നിറഞ്ഞ് സോഷ്യൽ മീഡിയ

സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്‌ലറും ഹാരിപോർട്ടർ വില്ലൻ ലോർഡ് വോൾഡമോട്ടുമെല്ലാം പാവങ്ങളാണെന്ന് പറയുന്ന മീമുകളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ട്രെൻ്റിങ്ങാണ്

Author : ന്യൂസ് ഡെസ്ക്

യൂട്യൂബർ രാജ് ഷാമനിയും മുൻ കിങ്ഫിഷർ എയർലൈൻസ് മേധാവി വിജയ് മല്യയുമായുള്ള പോഡ്‌കാസ്റ്റാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യത്തെ ചർച്ചാവിഷയം. നാല് മണിക്കൂറിലധികം ദൈർഘ്യമുള്ള പോഡ്‌കാസ്റ്റ് എപിസോഡ് അഞ്ച് ദിവസത്തിനകം 22 മില്ല്യൺ ആളുകളാണ് യൂട്യൂബിൽ കണ്ടത്. പിന്നാലെ പോഡ്‌കാസ്റ്റിനെ ചൊല്ലിയുള്ള ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

ഇന്ത്യൻ നിയമം തെറ്റുകാരനാണെന്ന് വിധിച്ച വിജയ് മല്യയെ വൈറ്റ്‌വാഷ് ചെയ്തെന്ന വിമർശനമാണ് പോഡ്‌കാസ്റ്റിനെതിരെ ഉയരുന്നത്. വിജയ് മല്യക്ക് പിന്നാലെ വിവിധ കുറ്റവാളികൾ രാജ് ഷാമനിയുടെ പോഡ്‌കാസ്റ്റിനായി കാത്തിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയുടെ പരിഹാസം. രാജ് ഷാമനിയുടെ പോഡ്‌കാസ്റ്റിനെ വാഷിങ് മെഷീനെന്ന് വിളിക്കുന്ന മീമുകളും സോഷ്യൽ മീഡിയയിൽ കാണാം.

ഭാവിയിൽ രാജ് ഷാമനി പോഡ്‌കാസ്റ്റിലേക്കെത്തേണ്ട ഗസ്റ്റുകളുടെ ലിസ്റ്റ് പരിഹാസരൂപേണ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഒരു ഉപയോക്താവ്. മീറത്ത് കൊലപാതക കേസിലെ പ്രതി മുസ്‌കാൻ രസ്തോഗിയും മേഘാലയ കേസിലെ പ്രതി സോനവുമെല്ലാം ഈ ലിസ്റ്റിലുണ്ട്.

ചിലരാകട്ടെ പാരഡി തമ്പ്നൈലുകൾ നിർമിച്ചാണ് മീമുകൾ ഉണ്ടാക്കുന്നത്. സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്‌ലറും ഹാരിപോർട്ടർ വില്ലൻ ലോർഡ് വോൾഡമോട്ടുമെല്ലാം പാവങ്ങാളാണെന്ന് ഈ തമ്പ്നൈലുകൾ പറയുന്നു.

സാമ്പത്തിക തട്ടിപ്പ് നടത്തിയ നീരവ് മോദിയും, മെഹുൽ ചോക്സിയും, ദാവൂദ് ഇബ്രാഹിമുമെല്ലാം പണവും കൊണ്ട് പോഡ്‌കാസ്റ്റ് സ്റ്റുഡിയോക്ക് പുറത്ത് കാത്തിരിക്കുന്ന മീമും സോഷ്യൽ മീഡിയയിൽ വൈറലാണ്.

അതേസമയം, പോഡ്‌കാസ്റ്റിന് ലഭിച്ച മികച്ച പ്രതികരണത്തിന് നന്ദി പ്രകടനവുമായി വിജയ് മല്യ രംഗത്തെത്തി. എക്സ് പോസ്റ്റിലൂടെയായിരുന്നു മല്യയുടെ നന്ദി പ്രകടനം. “ @rajshamani-യോടൊപ്പം എന്റെ 4 മണിക്കൂറിലധികം ദൈർഘ്യമുള്ള പോഡ്‌കാസ്റ്റ് കാണാൻ സമയം കണ്ടെത്തിയ എല്ലാവർക്കും ഹൃദയംഗമമായ നന്ദി. നാല് ദിവസത്തിനുള്ളിൽ യൂട്യൂബിൽ മാത്രം 20 മില്ല്യൺ ആളുകളാണ് വീഡിയോ കണ്ടത്. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും നിരവധി റീപോസ്റ്റുകളും എത്തുന്നുണ്ട്. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ," വിജയ് മല്യ കുറിച്ചു.

നീതിയുക്തമായ വിചാരണ ഉറപ്പാക്കിയാൽ യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് പരിഗണിക്കുമെന്ന് അഭിമുഖത്തിനിടെ വിജയ് മല്യ പറഞ്ഞിരുന്നു. രാജ്യത്തേക്ക് മടങ്ങുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുമെന്നായിരുന്നു മല്യയുടെ പ്രസ്താവന.

SCROLL FOR NEXT