"ഞങ്ങളോട് ക്ഷമിക്കണം..." ഈ വാചകത്തിൽ തുടങ്ങുന്ന പരസ്യമായി ക്ഷമ ചോദിക്കുന്ന കത്തുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയാകുന്നത്. വൻകിട കമ്പനികളുടെയും ബ്രാൻഡുകളുടെയുമെല്ലാം ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിൽ അടുത്തിടെയാണ് ഇത്തരത്തിൽ ക്ഷമാപണ കത്തുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. പിന്നെ പിന്നെ എങ്ങോട്ട് നോക്കിയാലും അവിടെയൊക്കെ ഈ അപ്പോളജി ലെറ്ററുകളായി. ഇലക്ട്രോണിക്സ് ഭീമന്മാരും, ഫുഡ് ബ്രാൻഡുകളും, സിമന്റ് കമ്പനികളും വരെ അപ്പോളജി ലെറ്ററുമായി രംഗത്തെത്തി...
"ഉപഭോക്താക്കൾക്കുണ്ടായ അസൗകര്യത്തിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു..." ഇത്തരത്തിൽ തുടങ്ങുന്ന അപ്പോളജി ലെറ്റർ കാണുമ്പോൾ ഇവർക്കെന്തോ കാര്യമായ അബദ്ധം പറ്റിയിട്ടുണ്ടെന്ന് എല്ലാവരും കരുതും. എല്ലാവരും ഇതെന്താണ് ഇങ്ങനെ പരസ്യമായി ക്ഷമാപണം നടത്തുന്നതെന്ന് ചിന്തിച്ച് കത്ത് മുഴുവൻ വായിക്കുമ്പോഴാണ് ട്വിസ്റ്റ് മനസിലാവുക. ഇവർ അബദ്ധം പറ്റിയതിനല്ല, പരസ്യമായി മാപ്പ് ചോദിക്കുന്നത്. മറിച്ച് നൽകുന്ന സേവനങ്ങൾ കൂടുതൽ നന്നായിപ്പോയതിനാണ്. മാർക്കറ്റിങ് സ്ട്രാറ്റജിയുടെ ഭാഗമായാണ് ഇത്തരത്തിലുള്ള കത്തുകൾ ബ്രാൻഡുകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്.
കഴിഞ്ഞ വർഷം ഫിലിപ്പീൻസിലാണ് അപ്പോളജി ലെറ്ററിൻ്റെ തുടക്കം. സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്ന ഈ കത്തുകൾക്ക് ആഗോളശ്രദ്ധ ലഭിച്ചുതുടങ്ങിയത് ഈ അടുത്ത കാലത്താണ്. സ്കോഡ, ടി-സീരീസ്, റിലയൻസ് ഡിജിറ്റൽ, അദാനി അംബുജ സിമന്റ്, ഹാൽദിറാംസ്, കെവെന്റേഴ്‌സ്, ഷെഫ് രൺവീർ ബ്രാർ, ഫോക്‌സ്‌വാഗൺ ഡൗൺടൌൺ മുംബൈ വരെ ഇത്തരത്തിൽ രസകരമായ അപ്പോളജി ലെറ്ററുകൾ പങ്കുവച്ചു.
സിമന്റ് ഉപയോഗിച്ചിരുന്ന ഉപഭോക്താക്കൾക്ക് ഇപ്പോൾ ചുമരുകളിൽ ആണികൾ തറയ്ക്കാൻ പോലും സാധിക്കുന്നില്ല, അത്രയ്ക്ക് ഗുണമേന്മയുള്ള സിമൻ്റാണ് ഞങ്ങളുടേതെന്നാണ് അംബുജ സിമൻ്റ് അപ്പോളജി ലെറ്ററിൽ പങ്കുവെച്ചത്. ഞങ്ങളുടെ റിസിപ്പികൾ അത്രയ്ക്ക് സ്വാദിഷ്ടമായതിനാൽ ആളുകൾക്ക് അവരുടെ പാചകരീതികൾ മാറ്റേണ്ടി വരുന്നു, അതിന് ക്ഷമ ചോദിക്കുന്നുവെന്ന് പറഞ്ഞാണ് ഷെഫ് രൺവീർ ബ്രാർ അപ്പോളജി ലെറ്റർ പങ്കുവെച്ചത്.
ചുരുക്കി പറഞ്ഞാൽ, അപ്പോളജി ലെറ്ററല്ല, അപ്പോളജി അഡ്വർഡൈസ്മെൻ്റാണ് സംഭവം. ട്രെൻഡിന് ആകെമൊത്തത്തിൽ നല്ല പ്രചാരം ലഭിച്ചെങ്കിലും ഈ ട്രെൻഡ് ഒരു ശല്യമാണെന്ന് പറയുന്നവരുമുണ്ട്. ഗുണമേന്മയെ പുകഴ്ത്തിക്കൊണ്ടുള്ള ബ്രാൻഡുകളുടെ പോസ്റ്റുകളുടെ താഴെ പ്രോഡക്ടുകളുടെ ഗുണനിലവാരം വളരെ കുറവാണെന്ന് പറയുന്നവരും നിരവധിയാണ്. അർഥശൂന്യമായ ഈ ക്ഷമാപണം കാണിക്കുന്നത് ബ്രാൻഡുകളുടെ ഉത്തരവാദിത്തമില്ലായ്മ ആണെന്നാണ് ചില സോഷ്യൽ മീഡിയ ഉപഭോക്താക്കൾ പറയുന്നത്. എന്തായാലും അപ്പോളജി ലെറ്റർ സമൂഹമാധ്യമങ്ങളൊക്കെ ഏറ്റെടുത്തു കഴിഞ്ഞു.