കോഴിക്കോട്: ഓണം തുടങ്ങിയാൽ സോഷ്യൽ മീഡിയ മുഴുവൻ ആഘോഷങ്ങളുടെ വീഡിയോകളാണ്. ഇവയെല്ലാം പലപ്പോഴും വൈറലാവാറുമുണ്ട്. എന്നാൽ ഇത്തവണ കോളേജിലെയോ സ്‌കൂളിലെയോ അല്ല, മകൾക്കൊപ്പം അംഗനവാടിയിൽ എത്തിയ അമ്മയും ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. കുഞ്ഞുമക്കളോടൊപ്പം വിവിധ പരിപാടികളിൽ പങ്കെടുത്ത അമ്മയ്ക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്.
കോഴിക്കോട് വളയം നിരവുമ്മൽ അംഗനവാടിയിൽ മകൾ വിഭ്രദേവിക്കൊപ്പമെത്തിയ അമ്മ ടിൻ്റുമോളാണ് ഓണാഘോഷം കളറാക്കാൻ കുട്ടികളോടൊപ്പം വിവിധ കളികളിലും ഏകാഭിനയത്തിലും പങ്കെടുത്തത്. പരിപാടി കളറാക്കുന്നതിനൊപ്പം ലഹരിക്കെതിരെയുള്ള സന്ദേശം കൂടി നൽകിയ ഏകാഭിനയം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
ഓണാഘോഷം കളറാക്കാനും കുട്ടികളെ ചിരിപ്പിക്കാനും വേണ്ടി നടത്തിയ പ്രകടനമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ ഇതിനോടകം കണ്ടത്. ഇതോടെ അഭിനന്ദന പ്രവാഹമായിരുന്നു. ആരോഗ്യ മന്ത്രി വീണാ ജോർജ് ഉൾപ്പെടെ നിരവധി ആളുകൾ ടിൻ്റുമോളെ അഭിനന്ദിച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിപ്പുമിട്ടു.
ചിരി നിറക്കുന്ന പ്രകടനം വൈറലായതോടെ ടിൻ്റുവിനെ അന്വേഷിച്ച് പലരും എത്തുന്നുണ്ട്. മദ്യപാനിയായായിരുന്നു ഏകാഭിനയമെങ്കിലും ആരും മദ്യപാനികളാകരുത് എന്നാണ് ഒരു രക്ഷിതാവെന്ന നിലയിൽ ആഗ്രഹിക്കുന്നതെന്ന് ടിൻ്റു പറഞ്ഞു. ആഘോഷങ്ങൾ പലതും ലഹരിയിൽ മുങ്ങുന്ന കാലത്ത് അമിത മദ്യപാനത്തിന്റെ പ്രശ്നങ്ങൾ ഓർമ്മിപ്പിക്കുകയും ബോധവത്കരിക്കുകയുമാണ് ഇതിലൂടെ ചെയ്യാൻ ശ്രമിച്ചതെന്ന് ടിൻറു തന്നെ പറയുന്നു.