ജി. വേണുഗോപാൽ, മധു, ശ്രീകുമാരൻ തമ്പി  NEWS MALAYALAM 24x7
SOCIAL

മധു ചേട്ടനെ പോലുള്ളവരെ കുറിച്ച് അറിയാത്ത കാര്യങ്ങള്‍ എഴുതി കയ്യടി നേടാന്‍ ശ്രമിക്കരുത്; ജി. വേണുഗോപാലിനെതിരെ ശ്രീകുമാരന്‍ തമ്പി

വ്യക്തമായ അറിവോ ധാരണയോ ഇല്ലാതെ വലിയ വ്യക്തികളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും തെറ്റായി എഴുതുകയും പറയുകയും ചെയ്യുന്ന സ്വഭാവം ജി. വേണുഗോപാലിനുണ്ടെന്നും വിമർശനം

Author : ന്യൂസ് ഡെസ്ക്

ഗായകന്‍ ജി. വേണുഗോപാലിനെ വിമര്‍ശിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. നടന്‍ മധുവിനെ കുറിച്ച് വേണുഗോപാല്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിനു പിന്നാലെയാണ് ശ്രീകുമാരന്‍ രംഗത്തെത്തിയത്.

വ്യക്തമായ അറിവോ ധാരണയോ ഇല്ലാതെ വലിയ വ്യക്തികളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും തെറ്റായി എഴുതുകയും പറയുകയും ചെയ്യുന്ന സ്വഭാവം ജി. വേണുഗോപാലിനുണ്ടെന്നും തനിക്കും ചില അനുഭവങ്ങളുമുണ്ടെന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു.

മധുവിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തെ പുകഴ്ത്തുകയാണെന്ന മട്ടില്‍ ജി. വേണുഗോപാല്‍ പങ്കുവെച്ച കുറിപ്പ് അങ്ങേയറ്റം ഇകഴ്ത്തുന്നതാണെന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു.

തിരുവനന്തപുരത്ത് കണ്ണമ്മൂലയുടെ കാതലായ ഭാഗം മുഴുവന്‍ ഭൂപ്രഭുക്കളായിരുന്ന മധുവിന്റെ കുടുംബ സ്വത്തായിരുന്നു. ഇന്ന് അദ്ദേഹം ഏകനായി താമസിക്കുന്ന ഒരു ചെറിയ വീട് മാത്രമാണ് ബാക്കിയുള്ളത്. സിനിമയില്‍ നിന്ന് കിട്ടിയതും കുടുംബ സ്വത്തും സിനിമയ്ക്ക് കൊടുത്തു. എന്നായിരുന്നു വേണുഗോപാല്‍ മധുവിന്റെ തൊണ്ണൂറ്റി രണ്ടാം ജന്മദിനത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നത്.

എന്നാല്‍, വേണുഗോപാല്‍ പറഞ്ഞത് അസത്യമാണെന്നും സിനിമാ നിര്‍മ്മാണം മധുവിന് നഷ്ടമുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം താമസിക്കുന്നത് വേണുഗോപാല്‍ പറഞ്ഞതു പോലെ ചെറിയ വീട്ടിലല്ലെന്നും ശ്രീകുമാരന്‍ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ശ്രീകുമാരന്‍ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ജി വേണുഗോപാല്‍ നന്നായി പാടുന്ന ഗായകനാണ്. ഏതാനും ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹത്തിന്റേതായി മലയാള ഗാനശാഖയ്ക്കു ലഭിച്ചിട്ടുണ്ട്. ഇളയരാജയുടെ സംഗീതത്തില്‍ ഞാന്‍ എഴുതിയ ''ഉണരുമീ ഗാനം ''.. എന്ന പാട്ടിനായിരുന്നു അദ്ദേഹത്തിന് ലഭിച്ച സംസ്ഥാന അവാര്‍ഡുകളില്‍ ഒന്ന് . പക്ഷെ ഭാഗ്യം കൊണ്ടോ നിര്‍ഭാഗ്യം കൊണ്ടോ അദ്ദേഹത്തിന് യേശുദാസിന്റെയോ പി ജയചന്ദ്രന്റെയോ എം ജി ശ്രീകുമാറിന്റെയോ നിലയിലേക്ക് ഉയരാന്‍ സാധിച്ചില്ല. ഇന്ന് വേദനയോടെ അദ്ദേഹത്തെ കുറിച്ച് ഒരു സത്യം പറയട്ടെ.

വ്യക്തമായ അറിവോ ധാരണയോ ഇല്ലാതെ വലിയ വ്യക്തികളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും ചിലപ്പോഴെങ്കിലും തെറ്റായി എഴുതുകയും പറയുകയും ചെയ്യുന്ന ഒരു സ്വഭാവം അദ്ദേഹത്തിനുണ്ട്. ഒന്ന് രണ്ടു അനുഭവങ്ങള്‍ വ്യക്തിപരമായി എനിക്കും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്ന് ഞാന്‍ ഇതിവിടെ പറയാന്‍ കാരണം, ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായ ശ്രീ. മധു എന്ന അതുല്യ നടനെ കുറിച്ച് അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്നലെ അദ്ദേഹത്തെ പുകഴ്ത്തുകയാണെന്ന മട്ടില്‍ അങ്ങേയറ്റം ഇകഴ്ത്തിക്കൊണ്ട് ജി വേണുഗോപാല്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ്.

കഴിഞ്ഞ അറുപതു വര്‍ഷക്കാലമായി മധുച്ചേട്ടനോടൊപ്പം സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുകയും ഒരു അനുജനെപ്പോലെ അദ്ദേഹത്തിന്റെ കുടുംബവുമായി ഇടപഴകുകയും ചെയ്യുന്ന എനിക്ക് ഈ വിവരക്കേടിനെതിരെ പ്രതികരിയ്ക്കാതിരിക്കാനാവില്ല. ഞാന്‍ സംവിധാനം ചെയ്ത ഇരുപത്തൊന്‍പത് പടങ്ങളില്‍ പത്ത് പടങ്ങളില്‍ നായകന്‍ ശ്രീ. മധുവാണ്. അതുപോലെ മധു ചേട്ടന്‍ നിര്‍മ്മിച്ച പല ചിത്രങ്ങള്‍ക്കും പാട്ടെഴുതിയത് ഞാന്‍ ആയിരുന്നു. മധു ചേട്ടന്റെ ജീവിതത്തെക്കുറിച്ചും സ്വത്തുക്കളെക്കുറിച്ചും അദ്ദേഹത്തിന്റെ ഇന്നത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുമൊക്കെ ജി വേണുഗോപാല്‍ എഴുതിയത് മുഴുവന്‍ ശുദ്ധ അസംബന്ധമാണ്. മധുച്ചേട്ടന്റെ സ്വദേശം കണ്ണമ്മൂല അല്ല, ഗൗരീശപട്ടം ആണ്. ധാരാളം സ്വത്തുവകകള്‍ ഉള്ള ഒരു ജന്മിത്തറവാട്ടിലെ അംഗം. മധു ചേട്ടന്റെ പിതാവ് പരമേശ്വരന്‍ നായര്‍ തിരുവനന്തപുരം നഗരസഭ മേയര്‍ ആയിരുന്നു. മധു ചേട്ടന്‍ ഇന്നു താമസിക്കുന്ന കണ്ണമ്മൂലയിലുള്ള '' ശിവഭവനം'' എന്ന വീട് അദ്ദേഹത്തിന്റെ ജീവിതപങ്കാളിയുടെ ജന്മഹൃഹമാണ്.

ധാരാളം ഭൂസ്വത്തുക്കള്‍ സ്വന്തമായുള്ള ഒരു വലിയ തറവാട്. അദ്ദേഹം ''ഏകനായി താമസിക്കുന്ന ചെറിയ വീട് ''എന്നു വേണുഗോപാല്‍ വിശേഷിപ്പിക്കുന്ന മധു ചേട്ടന്റെ വീടിനു ഒരു ഹാളും അഞ്ചു മുറികളും ഉണ്ട്. രണ്ടുമുറികള്‍ ബേസ്മെന്റില്‍ ആണുള്ളത്. ആ വീട് മധു ചേട്ടന്‍ സ്വന്തം പണം കൊണ്ട് തന്റെ സ്വന്ത ഇഷ്ടപ്രകാരം നിര്‍മ്മിച്ചതാണ്. അവിടെ അദ്ദേഹം തനിച്ചല്ല താമസം. അദ്ദേഹത്തിന്റെ ഒരു പേര്‍സണല്‍ ഓഫീസ് പോലെയാണ്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും ആരാധകരെയും സ്വീകരിക്കുന്ന ഇടം. ആ കോമ്പൗണ്ടില്‍ ആകെ മൂന്നു വലിയ കെട്ടിടങ്ങള്‍ ഉണ്ട്. ഒന്ന് മധുച്ചേട്ടന്റെ ഭാര്യയുടെ ജന്മഗൃഹമായ ശിവഭവനം. അതിനു പിന്നിലായി പണിത പുതിയ വീട്ടില്‍ മധുച്ചേട്ടന്റെ ഏക മകള്‍ ഡോ. ഉമാ നായരും ഭര്‍ത്താവ് എന്‍ജിനീയറും വിദ്യാഭ്യാസ വിദഗ്ധനുമായ കൃഷ്ണകുമാറും അവരുടെ ഏക മകനും കുടുംബവും താമസിക്കുന്നു. കൃഷ്ണകുമാറിന്റെ പിതാവ് ശ്രീ. പദ്മനാഭന്‍ നായരും അവരോടൊപ്പം സന്തോഷമായിരിക്കുന്നു. മധു ചേട്ടന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് അദ്ദേഹം.

മധു ചേട്ടന്റെ സഹായികളായി രണ്ടു പേര്‍ കൂടിയുണ്ട് ആ വലിയ വീട്ടില്‍ . ഞങ്ങളെ പോലെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പതിവായി ഇവരെയെല്ലാം ഒരുമിച്ചു സന്ദര്‍ശിച്ചു സന്തോഷ നിമിഷങ്ങള്‍ പങ്കുവെയ്ക്കുന്നു. ഇങ്ങനെ ഒരു വലിയ കൂട്ടൂ കുടുംബത്തിന്റെ നായകനായ മധു ചേട്ടനെയാണ് പാട്ടുകാരന്‍ വേണുഗോപാല്‍ ഏകനും അനാഥനുമുമായി ചിത്രീകരിച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കളും വേണ്ടപ്പട്ടവരും നടന്‍ മധുവിനെ ശ്രദ്ധിക്കുന്നില്ല എന്ന ഒരു ധ്വനി വേണുഗോപാലിന്റെ പോസ്റ്റില്‍ ഉണ്ട് വേണുഗോപാലിനെ പോലുള്ളവര്‍ ഇങ്ങനെ നിജസ്ഥിതി അറിയാതെ അപവാദം പറഞ്ഞു പരത്തുമ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ആലോചിക്കുന്നില്ല.

വേണുഗോപാല്‍ പറഞ്ഞിരിക്കുന്ന മറ്റൊരു അസത്യം മധു ചേട്ടന്‍ സിനിമയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ എല്ലാം വിറ്റു തുലച്ചു എന്നതാണ്. എന്നാല്‍ മധുച്ചേട്ടന്‍ സിനിമയ്ക്ക് വേണ്ടി ഒരു സെന്റ് ഭൂമി പോലും നഷ്ടപ്പെടുത്തിയിട്ടില്ല. മറിച്ച് സിനിമ അദ്ദേഹത്തിന് നേട്ടങ്ങളേ നല്‍കിയിട്ടുള്ളൂ. അദ്ദേഹം അഭിനയിച്ചു സമ്പാദിച്ച പണം കൊണ്ടാണ് ഉമാ സ്റ്റുഡിയോ സ്ഥാപിച്ചത്.( ഉമാ സ്റ്റുഡിയോ ആദ്യം തുടങ്ങിയത് ചെന്നൈയില്‍ ആയിരുന്നു. അന്ന് അതിനു വേണ്ടി പ്ലാന്‍ തയ്യാറാക്കുകയും നിര്‍മ്മാണം തുടങ്ങുകയും ചെയ്ത എഞ്ചിനീയര്‍ ഞാന്‍ ആയിരുന്നു. അതുകൊണ്ട് അന്നു മുതലുള്ള കാര്യങ്ങള്‍ എനിക്കറിയാം). തിരുവനന്തപുരത്തെ ഉമാ സ്റ്റുഡിയോ ഏഷ്യാനെറ്റിന് വിറ്റു കിട്ടിയ പണവും അദ്ദേഹം പാഴാക്കുകയോ സിനിമയില്‍ നിക്ഷേപിക്കയോ ചെയ്തില്ല. ആ പണം കൊണ്ട് പുളിയറക്കോണം എന്ന സ്ഥലത്തു തന്നെ ഒരു വലിയ പുരയിടം വാങ്ങി കെട്ടിടം വെച്ചു. വീണ്ടും അതു ലാഭത്തിനു വിറ്റു പുതിയ പുരയിടങ്ങള്‍ വാങ്ങുകയും കെട്ടിടങ്ങള്‍ വെയ്ക്കുകയും ചെയ്തതല്ലാതെ ഒരു രൂപ പോലും നശിപ്പിക്കുകയോ സിനിമയ്ക്കായി കൊടുക്കുകയോ ചെയ്തിട്ടില്ല.

സിനിമാ നിര്‍മ്മാണവും മധു ചേട്ടന് നഷ്ടമൊന്നും വരുത്തിയിട്ടില്ല. സിനിമാ നിര്‍മ്മാണവുമായി യാതൊരു ബന്ധവുമില്ലാത്ത വേണുഗോപാലിന് അതു പറഞ്ഞാലും മനസ്സിലാവില്ല. ഇരുപത്താറു ചിത്രങ്ങള്‍ സ്വന്തമായി നിര്‍മ്മിക്കുകയും അതുവഴി ലാഭ നഷ്ടങ്ങള്‍ മനസിലാക്കുകയും ചെയ്ത എനിക്കതറിയാം.

അതുകൊണ്ട് വേണുഗോപാലിനോട് എനിക്ക് ഒരു അഭ്യര്‍ത്ഥന ഉണ്ട്. സിനിമാ രംഗത്തും സംഗീതരംഗത്തുമുള്ളവരെയുമൊക്കെ കുറിച്ച് അവിടുന്നും ഇവിടുന്നുമൊക്കെ പാതി കേട്ട് പിന്നെ അതു പൊലിപ്പിച്ച് ഗോസിപ്പാക്കി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് ഒരു ഫാഷനായി ചിലര്‍ കൊണ്ടു നടക്കുന്ന ഈ കാലത്ത് മധു ചേട്ടനെ പോലുള്ളവരെ കുറിച്ച് അറിയാത്ത കാര്യങ്ങള്‍ എഴുതി കയ്യടി നേടാന്‍ ശ്രമിയ്ക്കരുത്.

ലാളിത്യത്തിന്റെയും മഹത്വത്തിന്റെയും പ്രതീകമാണ് മധു ചേട്ടന്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തുന്നവരോട് യാതൊരു വിധ പ്രതാപത്തിന്റെയും അകമ്പടിയില്ലാതെ തികച്ചും എളിമയോട് കൂടി ഇടപെടുന്നു മലയാളത്തിന്റെ അഭിമാനവും ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരത്തിനുള്‍പ്പെടെ അര്‍ഹനുമായ ആ വലിയ കലാകാരന്‍...!

ജി. വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

മധു സാറിന് ഇന്ന് തൊണ്ണൂറ്റി രണ്ട് വയസ്.

നാനൂറിലേറെ ചിത്രങ്ങളില്‍ അഭിനയം. പന്ത്രണ്ട് ചിത്രങ്ങളുടെ സംവിധായകന്‍. പതിനഞ്ച് ചിത്രങ്ങളുടെ നിര്‍മ്മാതാവ്. തിരുവനന്തപുരം പുളിയറക്കോണത്ത് അദ്ദേഹത്തിന്റെ സ്വന്തം സ്റ്റുഡിയോ കോംപ്ലക്‌സ് ഒരിക്കലുണ്ടായിരുന്നു. ഉമ സ്റ്റുഡിയോ . ഇപ്പോള്‍ ഏഷ്യാനെറ്റ് സ്റ്റുഡിയോ ഇരിയ്ക്കുന്നിടത്ത്.

ആദ്യമായി അദ്ദേഹത്തെ നേരിട്ടു കാണുന്ന അവിസ്മരണീയമായൊരോര്‍മ്മ! ഞാന്‍ സ്‌കൂളില്‍ ആറില്‍ പഠിക്കുന്ന സമയം. വല്യച്ഛന്റെ കാര്‍ തിരുവനന്തപുരത്ത് മരിക്കാര്‍ മോട്ടോര്‍സ് പെട്രോള്‍ പമ്പില്‍ കയറുന്നു. കുട്ടികളായ ഞങ്ങള്‍ പിന്‍സീറ്റില്‍ . പെട്രോളടിക്കാന്‍ സ്ലോ ചെയ്ത് നിര്‍ത്തുന്ന ഞങ്ങളുടെ കാറിനെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ഒരു വെള്ള അംബാസഡര്‍ കാര്‍ ചീറിപ്പാഞ്ഞ് തൊട്ടു മുന്നില്‍ സഡന്‍ ബ്രേക്കിട്ട് നിര്‍ത്തുന്നു. പിന്‍ വാതില്‍ തുറന്ന് ഒരു ആജാനബാഹു വെളിയിലിറങ്ങി ഒന്നാടിയുലഞ്ഞ് കാറില്‍ ചാരി നിന്ന് മുണ്ട് ഇറുക്കി കെട്ടുന്നു. പെട്രോള്‍ പമ്പിലെ ജോലിക്കാരും ചുറ്റുമുള്ളവരും കണ്ണെടുക്കാതെ ആ വ്യക്തിയെത്തന്നെ നോക്കുന്നു.

അതേ, അതായിരുന്നു ഞാനാദ്യമായ് കണ്ട നടന്‍ മധു .

പിന്നീട് അദ്ദേഹത്തെ കാണുന്നത് മെറിലാന്‍ഡ് സ്റ്റുഡിയോയില്‍ ' ഹൃദയം ഒരു ക്ഷേത്രം ' ഷൂട്ടിങ്ങിനിടയില്‍.

ഒന്ന് രണ്ട് യാത്രകള്‍ ഞങ്ങള്‍ പില്‍ക്കാലത്ത് ഒരേ കാറില്‍ ചെയ്തിട്ടുണ്ട്. ചില ഉദ്ഘാടനങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കുമായി. ഒരിക്കലും മധു സാര്‍ ഒരു സീനിയറിന്റെ അകല്‍ച്ച പ്രകടിപ്പിച്ചിട്ടില്ല. ആരെക്കുറിച്ചം ഒരു മോശം അഭിപ്രായം പറഞ്ഞിട്ടില്ല. എപ്പോഴും സംഗീതരംഗത്ത് പുതുതായി സംഭവിക്കുന്നതിനെക്കുറിച്ചായിരുന്നു അദ്ദേഹം എന്നോട് സംസാരിച്ചത്. അദ്ദേഹത്തിന്റെ സമകാലീനരെ നോക്കുമ്പോള്‍ സ്വന്തം ശരീരമോ ആരോഗ്യമോ ശ്രദ്ധിക്കാത്ത ഒരാളായിരുന്നു മധു സാര്‍. അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്, ഇത് വരെ ഉദയ സൂര്യനെ കണ്ടിട്ടില്ലെന്ന് . നട്ടുച്ച നേരത്ത് മാത്രമാണു് ഉറക്കമുണരുക പതിവ്. 'ഉദയം പടിഞ്ഞാറ് ' എന്ന അദ്ദേഹം സംവിധാനം ചെയ്ത് അഭിനയിച്ച സിനിമയില്‍ അദ്ദേഹത്തിന്റെ പ്രഭാത ഷോട്ടുകള്‍ എല്ലാം അസിസ്റ്റന്റ് ചന്ദ്രകുമാര്‍ രവലമ േചെയ്ത് എടുത്തവയാണ്. ഒരു പ്രാവശ്യം മാത്രം അദ്ദേഹം തെല്ല് ദു:ഖത്തോടെ ഒരു അഭിമുഖത്തില്‍ പറയുന്നത് കേട്ടു. ' ഞാനിപ്പോള്‍ ടി.വി. തുറക്കാറില്ല. എല്ലാം ഡെഡ് ബോഡീസായില്ലേ?' നടി ശ്രീവിദ്യ അന്തരിച്ച ദിവസം 'റിപ്പോര്‍ട്ടര്‍ ടി.വി. ' യില്‍ സാര്‍ ഒന്ന് മിന്നി മറഞ്ഞു.

'നികേഷ്: ശ്രീ മധു, ശ്രീവിദ്യയെ കുറിച്ച് താങ്കളുടെ ഓര്‍മ്മകള്‍ ഒരു രണ്ട് മിനിറ്റില്‍ താഴെ പറയാമോ?

മധു: ആത്മബന്ധമുള്ളൊരാളെ കുറിച്ച് രണ്ട് മിനിറ്റില്‍ താഴെ പറയാമോ എന്ന് ചോദിക്കുന്നത് ശുദ്ധ ഭോഷ്‌ക്കത്തരമാണ് '

ക്ലിക്ക് ...... .

മധു അപ്രത്യക്ഷനാകുന്നു ടി വി സ്‌ക്രീനില്‍ നിന്നും.

മധു സാര്‍ എക്കാലവും അദ്ദേഹത്തിന്റെ മനസ്സ് കൃത്യമായി വെളിപ്പെടുത്തിയിരുന്നു. ആരോടും. മറകളില്ലാതെ.

തിരുവനന്തപുരത്ത് കണ്ണമ്മൂല എന്ന സ്ഥലത്തിന്റെ കാതലായ ഭാഗം മുഴുവന്‍ ഭൂപ്രഭുക്കളായിരുന്ന അദ്ദേഹത്തിന്റെ കുടുംബ സ്വത്തായിരുന്നു. ഇന്ന് അദ്ദേഹം ഏകനായി താമസിക്കുന്ന ഒരു ചെറിയ വീട് മാത്രമേ ബാക്കിയുള്ളൂ. സിനിമയില്‍ നിന്ന് കിട്ടിയതും, സ്വന്തം കുടുംബ സ്വത്തും സിനിമയ്ക്കായി കൊടുത്ത വ്യക്തികളിലൊരാള്‍.

മലയാള സിനിമയുടെ ഈ രാജ് കപൂറിന് എന്റെ ജന്മദിനാശംസകള്‍. സാര്‍ ഇനിയും ഏറെ നാള്‍ ഞങ്ങളോടൊപ്പം ആരോഗ്യവാനായ് ഇരിക്കണേ എന്നു പ്രാര്‍ത്ഥന!

SCROLL FOR NEXT