Swiggy Deletes Viral 2016 vs 2026 Diwali Post Following Massive Backlash Over Economic Remarks  News Malayalam 24x7
SOCIAL

'പത്ത് കൊല്ലത്തിനിടെ നമ്മുടെ അവസ്ഥ ഇത്രയും മോശമായോ': ചര്‍ച്ചയായി 'സ്വിഗ്ഗിയുടെ' ദീപാവലി പോസ്റ്റ്; വിവാദമായപ്പോള്‍ പിന്‍വലിച്ചു?

കഴിഞ്ഞ നവംബർ 3-ന് വൈകുന്നേരം സ്വിഗ്ഗിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റിലാണ് വിവാദ താരതമ്യം ഉണ്ടായത് എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പറയുന്നത്.

Author : ന്യൂസ് ഡെസ്ക്

മുംബൈ: 2016-ലെയും 2026-ലെയും ദീപാവലി ആഘോഷങ്ങളെ താരതമ്യം ചെയ്തുകൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റ് കടുത്ത വിവാദങ്ങൾക്ക് വഴിവെച്ചതിനു പിന്നാലെ, മണിക്കൂറുകൾക്കകം പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി പിന്‍വലിച്ചതായി സോഷ്യല്‍ മീഡിയയില്‍ ആരോപണം. ദീപാവലി വേളയിലെ രാജ്യത്തെ സാമ്പത്തിക സ്ഥിതിയെയും ഉപഭോഗ സംസ്കാരത്തെയും പരോക്ഷമായി വിമർശിക്കുന്ന തരത്തിലുള്ള പരാമർശമാണ് പോസ്റ്റിലുണ്ടായിരുന്നതെന്ന ആക്ഷേപം ശക്തമായതോടെയാണ് കമ്പനി എക്‌സിൽ നിന്നടക്കം പോസ്റ്റ് നീക്കം ചെയ്തത്. ദീപാവലിയോടനുബന്ധിച്ച് സ്വിഗ്ഗി നടത്തിയ ഈ താരതമ്യ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൻതോതിലുള്ള വിരുദ്ധ പ്രതികരണങ്ങൾക്കും ചൂടേറിയ സംവാദങ്ങൾക്കുമാണ് വഴിയൊരുക്കിയത്.

കഴിഞ്ഞ നവംബർ 3-ന് വൈകുന്നേരം സ്വിഗ്ഗിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റിലാണ് വിവാദ താരതമ്യം ഉണ്ടായത്. 2016-ലെ ദീപാവലിയിൽ പരമ്പരാഗത പലഹാരങ്ങളും മധുരങ്ങളും നിറഞ്ഞ വലിയൊരു ബോക്സ് കാണിച്ചപ്പോൾ, 2026-ലെ ദീപാവലിക്ക് കുറേ നാണയതുട്ടുകളും നോട്ടുമാണ് കാണിച്ചത്. ഒരു ദശാബ്ദത്തിനിടെ ജനങ്ങളുടെ വാങ്ങൽ ശേഷിയിലുണ്ടായ ഇടിവ്, അവശ്യസാധനങ്ങളുടെ വിലക്കയറ്റം, ലളിതവൽക്കരിക്കപ്പെട്ട ഉത്സവരീതികൾ എന്നിവയിലേക്കുള്ള ഒളിയമ്പായാണ് വലിയൊരു വിഭാഗം ആളുകൾ ഈ പോസ്റ്റിനെ വ്യാഖ്യാനിച്ചത്. ഉത്സവ സീസണിൽ ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലും രാജ്യത്തിൻ്റെ സാമ്പത്തിക സ്ഥിതിയെ താഴ്ത്തിക്കെട്ടുന്ന വിധത്തിലുമാണ് മുൻനിര കമ്പനിയുടെ മാർക്കറ്റിംഗ് പോസ്റ്റ് വന്നതെന്ന വിമർശനം ഇതിനു പിന്നാലെ വ്യാപകമായി ഉയർന്നു.

പോസ്റ്റ് വൈറലായതോടെ എക്‌സിലും ഫേസ്ബുക്കിലും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. രാജ്യത്ത് വർധിച്ചുവരുന്ന പണപ്പെരുപ്പത്തിൻ്റെയും സാധാരണക്കാരൻ്റെ ചെലവുചുരുക്കലിൻ്റെയും യാഥാർഥ്യമാണ് പോസ്റ്റിലൂടെ വ്യക്തമാക്കപ്പെട്ടതെന്ന് ചിലർ വാദിച്ചപ്പോൾ, കോർപ്പറേറ്റ് ബ്രാൻഡുകൾ ഇത്തരം ഉത്സവ വേളകളിൽ അനാവശ്യമായ സാമ്പത്തിക, രാഷ്ട്രീയ വ്യാഖ്യാനങ്ങൾക്ക് ഇടം നൽകുന്നത് തെറ്റായ പ്രവണതയാണെന്ന് മറുവിഭാഗം കുറ്റപ്പെടുത്തി.

വിമർശനം അതിരുകടക്കുകയും വ്യാപകമായ ബഹിഷ്‌കരണ ആഹ്വാനങ്ങളിലേക്ക് നീങ്ങുകയും ചെയ്തതോടെ പോസ്റ്റ് പ്രസിദ്ധീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്വിഗ്ഗി അത് പിൻവലിക്കുകയായിരുന്നു. ദീപാവലി വിപണി ലക്ഷ്യമിട്ട് നടത്തിയ മറ്റ് വിപണന കാമ്പയിനുകൾക്കിടയിൽ ഈ വിവാദവും തുടർന്നുണ്ടായ പോസ്റ്റ് പിൻവലിക്കലും കമ്പനിക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. എന്നാല്‍ ഈ പോസ്റ്റിനെക്കുറിച്ച് ഔദ്യോഗികമായി സ്വിഗ്ഗി പ്രതികരിച്ചിട്ടില്ല.

SCROLL FOR NEXT