ശശി തരൂരിനെ തേടി കഴിഞ്ഞ ദിവസം ചൂട് ഇഡലി എത്തി, കഴിഞ്ഞ ദിവസം ഇഡലിയെ പ്രകീര്‍ത്തിച്ച് തരൂര്‍ പോസ്റ്റിട്ടതിനു പിന്നാലെ സ്വിഗ്ഗിയാണ് ഇഡലിയുമായി ശശി തരൂരിന്റെ വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസം എക്‌സിലൂടെയായിരുന്നു ഇഡലിയെ പ്രകീര്‍ത്തിച്ചുള്ള തരൂരിന്റെ പോസ്റ്റ് വന്നത്.
സോഷ്യല്‍മീഡിയയില്‍ ഒരാള്‍ ഇഡലിയെ കുറിച്ച് പറഞ്ഞതിനായിരുന്നു തരൂരിന്റെ മറുപടി. 'എന്താണ് എപ്പോഴും ദോശയും ഇഡലിയും. ഈ നാട്ടില്‍ വേറെ ബ്രേക്ക്ഫാസ്റ്റ് ഒന്നും ഇല്ലേ?' എന്നായിരുന്നു ആദ്യത്തെ പോസ്റ്റ്. ഇതിനു മറുപടിയായി വേറൊരാള്‍ എത്തി 'ആവിയില്‍ വേവിച്ച കുറ്റബോധത്തിന്റെ രുചിയാണ് ഇഡലിക്ക്' എന്ന് പരിഹസിച്ചു.
ഇഡലിയെ പറഞ്ഞതോടെ തരൂരും ചര്‍ച്ചയ്ക്ക് എത്തി. ഇഡലിയെ വാനോളം പുകഴ്ത്തിയ പോസ്റ്റിനൊപ്പം ഇഡലി പാചകം ചെയ്യുന്ന എഐ ചിത്രവും തരൂര്‍ പങ്കുവെച്ചു. ഇഡലിയെ ബീഥോവന്‍ സിംഫണി, ടാഗോറിന്റെ സംഗീതം, ഹുസൈന്റെ പെയിന്റിങ്, സച്ചിന്റെ സെഞ്ച്വറി അങ്ങനെ ആരാധകര്‍ ഏറെയുള്ള വിഷയങ്ങളോടായിരുന്നു തരൂരിന്റെ താരതമ്യം. മാത്രമല്ല, ഇഡലിയെ പരിഹസിച്ചയാള്‍ നല്ല ഇഡലി കഴിച്ചിട്ടില്ലെന്ന് കൂടി അദ്ദേഹം പറഞ്ഞു.
പോസ്റ്റ് വൈറലായതോടെയാണ് തരൂരിന് നല്ല ചൂടുള്ള ഇഡലിയുമായി സ്വിഗ്ഗി എത്തിയത്. ഞായറാഴ്ച തരൂരിന്റെ വീടിനു മുന്നില്‍ ഇഡലിയുമായി സ്വിഗ്ഗി ഡെലിവറി ഏജന്റുമാരും ജീവനക്കാരും എത്തി ഇഡലി നല്‍കി. ഇതിന്റെ ചിത്രവും സ്വിഗ്ഗി പങ്കുവെച്ചിട്ടുണ്ട്.