Source: Screengrab
SOCIAL

ഭക്ഷണം കഴിച്ചവരുടേയെല്ലാം ബില്ലടച്ചു; റസ്റ്ററന്റില്‍ സര്‍പ്രൈസായി എത്തി സാംസങ് മുതലാളിയും ഹ്യൂണ്ടായി മുതലാളിയും

കൊറിയൻ ഇഷ്ടവിഭവങ്ങൾ ഉൾപ്പടെ ഓർഡർ ചെയ്ത മൂവരും റസ്റ്ററന്റിൽ ഉണ്ടായിരുന്നവരുമായി ഭക്ഷണം പങ്കിടുകയും ചെയ്തു

Author : ന്യൂസ് ഡെസ്ക്

സൗത്ത് കൊറിയ: സിയോളിലെ എറ്റവും തിരക്കേറിയ ഫ്രൈഡ് ചിക്കൻ സെൻ്ററിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർ പെട്ടെന്നെത്തിയ അതിഥികളെ കണ്ട് ഒന്ന് ഞെട്ടി. എഐ ചിപ്പ് പവർഹൗസ് എൻവിഡിയ സിഇഒ, സാംസങ് ചെയർമാൻ, ഹ്യുണ്ടായ് ചെയർമാൻ എന്നിവരാണ് ഫ്രൈഡ് ചിക്കൻ സെൻ്ററിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയത്. മൂവരും മടങ്ങിയതാകട്ടെ ഭക്ഷണം കഴിച്ച മുഴുവൻ പേരുടേയും ബില്ലുകൾ അടച്ചതിന് ശേഷമാണ്.

വ്യാഴാഴ്ചയാണ് സിയോളിലെ പ്രശസ്തമായ ഫുഡ് സ്പോട്ടായ കാൻബു ചിക്കനിൽ എൻവിഡിയ സിഇഒ ജെൻസൺ ഹുവാങ്, സാംസങ് ഇലക്ട്രോണിക്സ് ചെയർമാൻ ലീ ജെയ്-യോങ്, ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ ചുങ് ഇയു-സൺ എന്നിവർ ഒരു അപ്രതീക്ഷിത എൻട്രി നടത്തിയത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരെല്ലാം ശതകോടീശ്വരൻമാരെ ഒന്നിച്ച് കണ്ടതോടെ ഞെട്ടി. പിന്നെ ഫോട്ടോ പകർത്താനും സംസാരിക്കാനുമുള്ള തിരക്കായിരുന്നു. കൊറിയൻ ഇഷ്ടവിഭവങ്ങൾ ഉൾപ്പടെ ഓർഡർ ചെയ്ത മൂവരും റസ്റ്ററന്റിൽ ഉണ്ടായിരുന്നവരുമായി ഭക്ഷണം പങ്കിടുകയും ചെയ്തു.

ഗ്യോങ്ജുവിൽ നടക്കുന്ന എപിഇസി ഉച്ചകോടിയിൽ പങ്കെടുക്കാനായി പോകുന്നതിന് മുൻപാണ് മൂവരും കാൻബു ചിക്കനിൽ എത്തിയത്. സുഹൃത്തുക്കളോടൊപ്പം ഫ്രൈഡ് ചിക്കനും ബിയറും കഴിക്കാൻ വളരെ ഇഷ്ടമാണെന്നും അതിന് പറ്റിയ ഇടമാണ് കാൻബുവെന്നുമാണ് ജെൻസൺ ഹുവാങ് പറഞ്ഞത്. പക്ഷെ ട്വിസ്റ്റ് ഇവിടെയൊന്നുമല്ല ഭക്ഷണമൊക്കെ കഴിച്ച ശേഷം എല്ലാവരുടെയും ബില്ലുകൾ താൻ അടയ്ക്കുമെന്നതിൻ്റെ സൂചനയായി ഹുവാങ് റെസ്റ്റോറന്റിന്റെ ഗോൾഡൻ ബെൽ മുഴക്കി. ഇതോടെ ചുറ്റും നിന്ന ജനക്കൂട്ടം ആർപ്പുവിളിച്ചു. പിന്നീട് ബില്ലുകളെല്ലാം മൂന്ന് പേരും ഒരുമിച്ച് അടക്കാമെന്നും തീരുമാനിച്ചു. മുഴുവൻ ബില്ലുമടച്ച് റെസ്റ്ററന്റിലുണ്ടായിരുന്നവരുടെ മനസും നിറച്ചാണ് മൂവരും മടങ്ങിയത്.

SCROLL FOR NEXT