"സ്കിന്നിടോക്ക്" എന്ന ഹാഷ്‌ടാഗ് സെർച്ചിൽ നിന്ന് ഉപയോക്താക്കളെ ബ്ലോക്ക് ചെയ്ത് ടിക്‌ടോക്. അമിതവും അനാരോഗ്യകരവുമായി ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള കണ്ടൻ്റുകൾ പ്രോത്സാഹിപ്പിക്കുന്നതിന് കടുത്ത വിമർശനം നേരിട്ടതിനെ തുടർന്നാണ് ടിക്‌ടോക് ആഗോളതലത്തിൽ ഹാഷ്‌ടാഗ് നീക്കം ചെയ്തത്. യുവ ഉപയോക്താക്കളുടെ മാനസികാരോഗ്യത്തിൽ ഈ പ്രവണതയുടെ പ്രതികൂല സ്വാധീനത്തെക്കുറിച്ച് യൂറോപ്യൻ റെഗുലേറ്റർമാരും ഫ്രഞ്ച് ഉദ്യോഗസ്ഥരും ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഈ നീക്കം.
അങ്ങേയറ്റം മെലിഞ്ഞ ശരീരത്തോടുള്ള ആരാധനയെ സൂചിപ്പിക്കുന്ന കണ്ടൻ്റുകളിലേക്ക് ആളുകളെ നയിക്കുന്നതിനാലാണ് ഇതെന്നാണ് വിമർശകർ ഇതേക്കുറിച്ച് പറയുന്നത്. ആളുകളുടെ വ്യായാമ മുറകൾ അല്ലെങ്കിൽ ഒരു ദിവസം അവർ എന്താണ് കഴിക്കുന്നതെന്ന് കാണിക്കുന്ന വീഡിയോകൾ ഹാഷ്‌ടാഗുമായി ബന്ധപ്പെട്ടുള്ള കണ്ടൻ്റുകളിൽ ഉൾപ്പെടുന്നു.
സ്കിന്നിടോക്ക് എന്ന ഹാഷ്ടാഗ് അനാരോഗ്യകരമായി ശരീരഭാരം കുറയ്ക്കുന്നതുമായ ബന്ധപ്പെട്ട കണ്ടൻ്റുകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു, അതിനാൽ ഹാഷ്ടാഗുമായി ബന്ധപ്പെട്ട സെർച്ചുകൾ ബ്ലോക്ക് ചെയ്യുന്നുവെന്നും ടിക്‌ടോക് വക്താവ് പോളോ ഗാനിനോ അറിയിച്ചു. ഇനി മുതൽ ഹാഷ്‌ടാഗ് ഉപയോഗിക്കുന്ന ആളുകളെ മാനസികാരോഗ്യ പിന്തുണയ്ക്കുള്ള സെർച്ചുകളിലേക്ക് റീ-ഡയറക്ട് ചെയ്യുകയും ചെയ്യും.
സ്കിന്നിടോക്ക് എന്ന ഹാഷ്‌ടാഗിൽ അര ദശലക്ഷത്തിലധികം പോസ്റ്റുകളാണ് ഉണ്ടായിരുന്നത്. അമിതമായ ഭക്ഷണക്രമവും അനാരോഗ്യകരമായ ശരീരഭാരം കുറയ്ക്കുന്നതിനുള്ള നുറുങ്ങുകളും പിന്തുണയ്ക്കുന്ന മെലിഞ്ഞ യുവതികളുടെ ചിത്രങ്ങൾ പല വീഡിയോകളിലും ഉണ്ടായിരുന്നു. ചില ഉള്ളടക്കങ്ങളിൽ "നിങ്ങൾ വിരൂപിയല്ല, എന്നാൽ തടിച്ചവരാണ്" എന്നതുപോലുള്ള സന്ദേശങ്ങളും ഉണ്ടായിരുന്നു.