Source: Freepik
SOCIAL

കുട്ടിയില്ലെങ്കിലെന്താ പൂച്ചയ്ക്ക് ചെലവില്ലേ? മുൻ ഭാര്യക്ക് പൂച്ചയെ നോക്കാൻ പ്രതിവർഷം 84000 രൂപ, ചർച്ചയായി വിവാഹ മോചന കരാർ

പൂച്ചകളുടെ ഭക്ഷണം, വാക്സിനേഷനുകൾ, മെഡിക്കൽ ആവശ്യങ്ങൾ, മറ്റ് ചെലവുകൾ എന്നിവയ്ക്കായിട്ടുള്ളതാണ് ഈ പണം.

Author : ന്യൂസ് ഡെസ്ക്

ഇസ്താംബുൾ: തമ്മിൽ ഒത്തു പോകാൻ കഴിയില്ലെങ്കിൽ പിരിയുക എന്ന തീരുമാനത്തിലെത്തുന്ന ദമ്പതികൾ നിരവധിയുണ്ട്.അതിൽ തെറ്റുപറയാനില്ല. എന്നാൽ പങ്കാളികളുടെ സാമ്പത്തിക ജീവിത സാഹചര്യങ്ങളും മറ്റും പരിഗണിച്ച് സ്ത്രീകൾക്ക് ജീവനാംശം പോലുള്ള സാമ്പത്തിക പിന്തുണ ഉറപ്പാക്കാനുള്ള കരാറുകളും വിവാഹ മോചനത്തിൽ ഉണ്ടാകും. പലപ്പോഴും കുട്ടികളുടെ സംരക്ഷണം ഉൾപ്പെടെ മുന്നിൽ കണ്ടായിരിക്കും സാമ്പത്തിക സഹായങ്ങൾ തീരുമാനിക്കുക.

ഇനി കുട്ടികളില്ലെങ്കിൽ വലിയ സാമ്പത്തിക ഒത്തു തീർപ്പുകൾ വേണ്ടി വരില്ലെന്ന് ആശ്വസിക്കുന്നവരുണ്ടാകും. അവർക്ക് ഒരു ഷോക്കാണ് ഇപ്പോൾ തുർക്കിയിൽ നിന്ന് വരുന്ന വാർത്ത. കുട്ടികളില്ലാത്ത ദമ്പതികൾ വിവാഹമോചനം നേടിയപ്പോൾ ജീവനാംശം നൽകേണ്ടി വന്നത് അവരുടെ പൂച്ചകളെ പരിപാലിക്കാനാണ്. പൂച്ചയ്ക്ക് ഇപ്പോ കൂടിപ്പോയാൽ എന്ത് വരും എന്നാണെങ്കിൽ അറിഞ്ഞോളു പ്രതിവർഷം 84000 രൂപയോളം നൽകണം എന്നാണ് കരാർ.

ഇസ്താംബൂളിൽ നിന്നുള്ള ബുഗ്രയും മുൻ ഭാര്യ എസ്ഗിയുമാണ് രണ്ട് വർഷത്തെ ദാമ്പത്യത്തിന് ശേഷം വേർപിരിഞ്ഞത്. വിവാഹസമയത്ത്, ദമ്പതികൾ രണ്ട് വളർത്തു പൂച്ചകളെ ഒരുമിച്ച് നോക്കിയിരുന്നു. വിവാഹമോചനം നേടുമ്പോഴുള്ള ഒത്തുതീർപ്പിന്റെ ഭാഗമായി, എസ്​ഗിക്കാണ് പൂച്ചകളുടെ സംരക്ഷണം ലഭിച്ചത്. അപ്പോൾ അവയുടെ സംരക്ഷണ ചെലവ് നൽകാൻ ബുഗ്രയ്ക്ക് ചുമതല ലഭിച്ചു.

നിലവിലെ കരാർ പ്രകാരം 10 വർഷത്തേക്ക് പൂച്ചകളുടെ ചെലവിനായി പണം നൽകണം. ഓരോ മൂന്നുമാസം കൂടുമ്പോഴും 10,000 ലിറ അതായത് 21000 രൂപയാണ് നൽകേണ്ടത്. പ്രതിവർഷം 84000 രൂപവരെ. പൂച്ചകളുടെ ഭക്ഷണം, വാക്സിനേഷനുകൾ, മെഡിക്കൽ ആവശ്യങ്ങൾ, മറ്റ് ചെലവുകൾ എന്നിവയ്ക്കായിട്ടുള്ളതാണ് ഈ പണം. ചെലവ് കൂടുന്നതിന് അനുസരിച്ച് ഓരോ വർഷവും ഈ തുക മാറാൻ സാധ്യതയുണ്ട്. പൂച്ചകൾ ജീവിച്ചിരിക്കുന്ന കാലം വരെ ഈ തുക നൽകണം.

പൂച്ചയുടെ ശരാശരി ആയുസായ 15 വർഷത്തെ അടിസ്ഥാനമാക്കിയാണ് തുക കണക്കാക്കുന്നത്. ഇനി ഈ ദമ്പതികളുടെ കാര്യത്തിൽ പൂച്ചകളുടെ ചെലവിന് പുറമേ ബുഗ്ര എസ്​ഗിക്ക് 550,000 ലിറ (ഏകദേശം 11,54,179) നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചിട്ടുണ്ട്. ഏതായാലും മുൻ ഭാര്യക്ക് നഷ്ടപരിഹാരം കൊടുക്കുന്നത് ഓക്കെ പൂച്ചകളുടെ ചെലവാണ് നെറ്റിസൺസിന്റെ ഉറക്കം കളയുന്നത്. ഇത്രയും വരുമാനം പ്രതിവർഷം ലഭിക്കുന്ന പൂച്ചയെ ഏറ്റെടുക്കാമെന്നും നിരവധിപ്പേർ പറയുന്നു.

നമ്മുടെ നാട്ടിലെ വളർത്തു മൃഗങ്ങളുടെ അവസ്ഥയല്ല തുർക്കിയിൽ എന്നും ഓർക്കണം. അവിടെ ളർത്തുമൃഗങ്ങളെ മൈക്രോചിപ്പിംഗ് വഴി രജിസ്റ്റർ ചെയ്തിരിക്കും. ഉടമയായിരിക്കും നിയമപരമായ രക്ഷാധികാരി. അവയെ സ്വത്തായിട്ടല്ല, പകരം ജീവികളായി തന്നെയാണ് കണക്കാക്കുന്നത്. കൂടാതെ വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നത് ധാർമ്മികവും നിയമപരവുമായ ലംഘനമായി കണക്കാക്കപ്പെടും. നിയമനടപടികൾ നേരിചേണ്ട സാഹചര്യവും ഉണ്ടാകും.

SCROLL FOR NEXT