Image: Instagram  NEWS MALAYALAM 24x7
SOCIAL

മുത്തച്ഛന്‍ രാജ് കപൂറില്‍ നിന്ന് കൈമാറി കിട്ടിയ ഭൂമി; 250 കോടിയില്‍ റണ്‍ബീറും ആലിയയും ഒരുക്കുന്ന സ്വപ്‌നഭവനം

മകൾ റാഹയ്ക്കുള്ള സമ്മാനമാണ് പുതിയ വസതി

Author : ന്യൂസ് ഡെസ്ക്

മുംബൈ: റണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ചേര്‍ന്ന് നിര്‍മിച്ച സ്വപ്‌ന ഭവനത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. വര്‍ഷങ്ങളായി ഇരുവരും മുംബൈയിലെ വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു. ആറ് നിലയില്‍ ആഢംഭരവും ആധുനികതയും ചേര്‍ന്നൊരു വസതിയാണ് ഇരുവരും ചേര്‍ന്ന് നിര്‍മിച്ചത്. പുറത്തു നിന്നുള്ള വീടിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

250 കോടി രൂപ ചെലവിലാണ് വീട് നിര്‍മിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുത്തച്ഛന്‍ രാജ് കപൂറില്‍ നിന്നും കൈമാറി ലഭിച്ച ഭൂമിയിലാണ് റണ്‍ബീര്‍ കപൂര്‍ പുതിയ വീട് നിര്‍മിച്ചിരിക്കുന്നത്. രാജ് കപൂര്‍ മകന്‍ ഋഷി കപൂറിനും ഭാര്യ നീതുവിനും നല്‍കിയ സ്ഥലം അദ്ദേഹത്തിന്റെ മരണ ശേഷം റണ്‍ബീറിലേക്കും ആലിയയിലേക്കും വന്നുചേരുകയായിരുന്നു.

ഒരേ സമയം സിംപിള്‍ അതിനൊപ്പം സ്റ്റൈലിഷ് എന്ന് വീടിനെ വിശേഷിപ്പിക്കാം. ആറ് നിലകളുടെ രണ്ട് ഭാഗവും കണ്ണാടിയിലാണ് നിര്‍മിച്ചത്. ഓരോ നിലയിലും ചെടികള്‍ വെച്ച് മനോഹരമാക്കിയിട്ടുണ്ട്. ആറ് നിലകളില്‍ ഓരോ നിലയും പ്രത്യേകം ആവശ്യങ്ങള്‍ക്കായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ വീട്ടിലേക്ക് ഉടനെ തന്നെ ആലിയയും റണ്‍ബീറും മകള്‍ റാഹയും താമസം മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃഷ്ണരാജ് ബ്ലംഗ്ലാവ് എന്നാണ് പുതിയ വീടിന്റെ പേരെന്നും റിപ്പോര്‍ട്ടുകളുണ്ട്. മകള്‍ റാഹയുടെ പേരിലാണ് പുതിയ വീട് രജിസ്റ്റര്‍ ചെയ്യുക.

നിലവില്‍ മുംബൈ ബാന്ദ്രയിലെ പാലി ഹില്‍സിലുള്ള വാസ്തു ബില്‍ഡിങ്ങിലാണ് റണ്‍ബീറും ആലിയയും താമസിക്കുന്നത്. ഇരുവരും പ്രണയത്തിലായിരുന്ന കാലം മുതല്‍ ഈ വീട്ടിലായിരുന്നു താമസം. 2022 ല്‍ ഇരുവരും വിവാഹിതരായതും ഇതേ വീട്ടില്‍ വെച്ചാണ്. 2022 ഏപ്രിലിലായിരുന്നു റണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരായത്.

SCROLL FOR NEXT