വൈറൽ വീഡിയോയിൽ നിന്നും Source: Instagram
SOCIAL

ഇന്ത്യയിൽ നിന്ന് കട്ടെടുത്ത നിധിയും കോഹിനൂർ രത്നവും എന്ന് തിരിച്ച് തരുമെന്ന് ചേച്ചി; കിങ് ചാൾസിനോട് പറയാമെന്ന് സഞ്ചാരികൾ; വീഡിയോ വൈറൽ

തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിൻ്റെ സമീപത്ത് വച്ചാണ് സംഭവം

Author : ന്യൂസ് ഡെസ്ക്

ആതിഥേയത്വത്തിൻ്റെ കാര്യത്തിൽ മലയാളികൾ എന്നും ഒരുപടി മുന്നിലാണ്. അതിനാൽ പല വിദേശ സഞ്ചാരികളും കേരളം തിരഞ്ഞുപിടിച്ച് എത്താറുമുണ്ട്. എന്നാൽ കേരളത്തിൽ നിന്നുണ്ടായ ഒരു വ്യത്യസ്ത അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് ബ്രിട്ടീഷ് വ്ലോഗറായ എമ്മ. വീഡിയോ പങ്കുവെച്ച് മണിക്കൂറുകൾക്കകം സംഗതി വൈറലാവുകയും ചെയ്തു.

തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിൻ്റെ സമീപത്ത് വച്ചാണ് സംഭവം. ക്ഷേത്രത്തിന് സമീപത്ത് മൂന്ന് സ്ത്രീകളുമായി സംഭാഷണം നടത്തുകയാണ് എമ്മയും സഹസഞ്ചാരിയും. അമ്പലത്തിന് സമീപത്തുള്ള പടികളിൽ ഇരിക്കുന്ന ചേച്ചിമാർ, ആദ്യം സഞ്ചാരികളോട് എവിടെ നിന്ന് വരികയാണെന്ന് ചോദിച്ചു. ഇംഗ്ലണ്ടിൽ നിന്നാണെന്ന് പറഞ്ഞതിന് പിന്നാലെ, ഒരു സ്ത്രീ ഇന്ത്യയിൽ നിന്നും ബ്രിട്ടീഷുകാർ മോഷ്ടിച്ച സാധനങ്ങൾ അക്കമിട്ട് പറയുന്നതായി വീഡിയോയിൽ കാണാം.

തമാശരൂപേണയാണ് ഇവർ എമ്മയോട് സംസാരിക്കുന്നത്. "ബ്രീട്ടിഷുകാർ ഞങ്ങളുടെ രാജ്യത്തെ കൊള്ളയടിച്ചു. അതെല്ലാം ഞങ്ങൾക്ക് എന്നാണ് തിരിച്ച് തരിക? ഞങ്ങളുടെ നിധി, കുരുമുളക്, എല്ലാം നിങ്ങളെടുത്തു... ഏറ്റവും വിലപിടിപ്പുള്ള കോഹിനൂർ രത്നം വരെ നിങ്ങൾ കൈക്കലാക്കി," വീഡിയോയിൽ സ്ത്രീ പറയുന്നു. ഇതിനിടെ ഞങ്ങൾ മികച്ച റെയിൽ വേ നിർമിച്ചുനൽകിയെന്നും കിങ് ചാൾസുമായി സംസാരിച്ച് പരിഹാരമുണ്ടാക്കമെന്നും പറഞ്ഞാണ് ബ്രിട്ടീഷ് യാത്രികർ പിടിച്ചുനിൽക്കുന്നത്.

യാത്രയിൽ ഇതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും വിചിത്രമായ അനുഭവമാണിതെന്ന് പറഞ്ഞാണ് എമ്മ ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. "ഇന്ത്യയിൽ എവിടെയും ഇതുപോലൊരു സംഭാഷണം മുമ്പ് നടത്തിയിട്ടില്ല. അതിനാൽ എന്ത് പറയണമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഈ ദേഷ്യം എവിടെ നിന്നാണ് വരുന്നതെന്ന് അറിയാം, അത് ഞങ്ങൾ പൂർണമായും മനസ്സിലാക്കുന്നു. കൊളോണിയൽ കാലഘട്ടത്തിൽ സംഭവിച്ചത് ഭയാനകം തന്നെയാണ്. ഓരോ യാത്രകളിലും കൊളോണിയലിസത്തിന്റെ നിഴലുകൾ എത്ര വലുതാണെന്ന് നമുക്ക് മനസ്സിലാകും. കിങ് ചാൾസിനോട് സംസാരിക്കാമെന്ന് പറഞ്ഞ് ചിരിച്ചുതള്ളിയെങ്കിലും, ഇത് ഞങ്ങളെ ആഴത്തിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചു," എമ്മ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

എന്തായാലും ചേച്ചിമാർ ചിൽ ആണെന്നാണ് കമൻ്റ് ബോക്സിൽ സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്. "പ്രശസ്തമായ ബ്രിട്ടീഷ് ഹ്യൂമറിന് എന്ത് സംഭവിച്ചു? അവർ നിങ്ങളുമായി തമാശ പറയുകയായിരുന്നു. അതിൽ ഇത്രയധികം വിഷമിക്കേണ്ടതില്ല," ഒരു ഉപയോക്താവ് കുറിച്ചു. ഇത് കേരളത്തിലെ സ്ത്രീകളുടെ പവറാണെന്നാണ് മറ്റൊരു കമൻ്റ്. അമ്മാച്ചിമാര് തൂക്കിയെന്നും കമൻ്റുണ്ട്.

SCROLL FOR NEXT