കയ്യിലുള്ള ലിപ്സ്റ്റിക് ആരെങ്കിലും കടിച്ച് തിന്നിട്ടുണ്ടോ! അമേരിക്കയിലെ പ്രമുഖ മ്യൂസിക് അവാർഡുകളിലൊന്നായ വിഎംഎസിൽ ഇക്കഴിഞ്ഞ ദിവസം പോപ് താരം ദോജ കാറ്റ് സ്വന്തം ലിപ്സ്റ്റിക് കടിച്ച് മുറിച്ചങ്ങ് തിന്നു.
പ്രശസ്ത അമേരിക്കൻ ഗായികയും റാപ്പറുമായ ദോജ കാറ്റ് ഒരു ഫാഷൻ ഐക്കണാണ്. പങ്കെടുക്കുന്ന വേദികളിൽ തൻ്റേതായ ഫാഷൻ സ്റ്റേറ്റ്മെൻ്റുകൾ സൃഷ്ടിക്കുന്നതിൽ മുമ്പിലുള്ള ഗായിക. ന്യൂയോർക്കിൽ വെച്ച് നടന്ന എംടിവി വീഡിയോ മ്യൂസിക് അവാർഡ്സ് അഥവാ വിഎംഎസിൽ അതുപോലൊരു മൊമൻ്റാണ് ഗായിക സൃഷ്ടിച്ചത്.
റെഡ് കാർപ്പറ്റിൽ ഫോട്ടോഗ്രാഫേഴ്സിന് മുന്നിൽ വെച്ച് ചുണ്ടിൽ ലിപ്സ്റ്റിക് ഇട്ട ശേഷം അതേ ലിപ്സ്റ്റിക് കടിച്ച് മുറിച്ചങ്ങ് തിന്നു. കണ്ട് നിന്നവരെല്ലാം ഒരു നിമിഷം ഞെട്ടി. സത്യത്തിൽ അതൊരു മാർക്കറ്റിങ് ഗിമ്മിക്കായിരുന്നു. മാക് എന്ന മേക്കപ്പ് ബ്രാൻഡിൻ്റെ ഗ്ലോബൽ അംബാസഡറായ ദോജ കാറ്റ് അവർക്ക് വേണ്ടി നടത്തിയ സമർഥമായ നീക്കമാണ് നമ്മൾ കണ്ടത്.
ലിപ്സ്റ്റിക് എന്ന വ്യാജേന താരം കഴിച്ചത് ഒരു ചോക്ലേറ്റ് സ്നാക്കാണ്. ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ള സ്നാക്ക് ഉണ്ടാക്കിയതാവട്ടെ പ്രശസ്ത പേസ്ട്രി ഷെഫ് അമോരി ഗിഷോണും. മാക്കിൻ്റെ ലേഡി ഡെയ്ഞ്ചർ എന്ന ഷേഡാണ് അവർ റീക്രിയേറ്റ് ചെയ്തത്. എന്തായാലും സംഗതി വൈറലായി ഒപ്പം മാക്കിൻ്റെ സെയിൽസും. കൂടാതെ ബെസ്റ്റ് കെ-പോപിനുള്ള അവാർഡ് ബ്ലാക്ക്പിങ്ക് അംഗം ലിസയോടൊപ്പം നേടിയാണ് താരം മടങ്ങിയത്.