ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിലെ കാട്ടിൽ ആനക്കൂട്ടത്തോടൊപ്പം റോന്ത് ചുറ്റി നടക്കുന്നതിനിടെയാണ് ഒരു കുട്ടിയാന കുഴിയില്‍ വീണത്. ചില്‍കഗുഡ ഗ്രാമത്തിലെ ചളി നിറഞ്ഞ കുഴിയിലാണ് ആനക്കുട്ടി വീണത്. ഇപ്പോള്‍ ആനക്കുട്ടിയെ രക്ഷപ്പെടുത്തുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ലായിലുംഗ ഖാര്‍ഘോഡ എന്നീ വനപ്രദേശങ്ങളിൽ സ്ഥിരമായി ആനകള്‍ കൂട്ടത്തോടെ വെള്ളം കുടിക്കാനും കുളിക്കാനുമായി എത്താറുണ്ട്. ഇത്തരത്തില്‍ എത്തിയ ആനക്കൂട്ടത്തില്‍ നിന്നുമാണ് ആനക്കുട്ടി ഒരു കുഴിയിലേക്ക് വീണത്.
എത്ര പണിപ്പെട്ടിട്ടും കുഴിയില്‍ നിന്ന് പുറത്തുകടക്കാന്‍ കുട്ടിയാനയ്ക്ക് സാധിച്ചില്ല. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ ഫോറസ്റ്റുകാരൊന്നും വരാന്‍ കാത്തുനില്‍ക്കാതെ അവര്‍ തന്നെ ഒരു ജെസിബി കൊണ്ടു വന്ന് ആനയെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങി. പിന്നാലെ ഫോറസ്റ്റുകാരും എത്തി. ജെസിബി ഉപയോഗിച്ച് അരികുകള്‍ ഇടിച്ച് വഴിയാക്കി ആനക്കുട്ടിയെ രക്ഷപ്പെടുത്താന്‍ പാകത്തില്‍ ജെസിബികൊണ്ട് ഒരു വഴിയുണ്ടാക്കിയെടുക്കുകയായിരുന്നു.
കുഴിയില്‍ നിന്നും ഓടുന്നതിനിടെ ആനക്കുട്ടി ജെസിബിയുടെ മണ്ണ് നീക്കുന്ന യന്ത്രഭാഗത്തേക്ക് ഓടിയെത്തുകയും അതിനെ തുമ്പിക്കൈ കൊണ്ട് സ്‌നേഹത്തോടെ ഒന്ന് തലോടുകയും ചുറ്റിപ്പിടിക്കാന്‍ ശ്രമിക്കുന്നതും കാണാം. തുടർന്ന് കുട്ടിയാന കാട്ടിലേക്ക് ഓടിമറഞ്ഞു.
അവിടെ കൂടിനിന്നവരില്‍ ആരോ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് തന്നെ ട്രെന്‍ഡിങ്ങായി. ഒട്ടും വൈകാതെ ആനയെ രക്ഷപ്പെടുത്താനായി ശ്രമിച്ച പ്രദേശവാസികളെ സോഷ്യല്‍മീഡിയയില്‍ നിരവധി പേര്‍ അഭിനന്ദിച്ചുകൊണ്ടും രംഗത്തെത്തുന്നുണ്ട്.