വീഡിയോയിൽ നിന്ന് Source: X/ Mahender Bogi
SOCIAL

"എല്ലാവരും ഫോട്ടോ എടുത്ത് പോയി, പക്ഷെ..."; മനസുകൾ കീഴടക്കി പൂനെയിലെ റോഡരികിൽ നിന്നുള്ള ഈ സ്നേഹക്കാഴ്ച

തിരക്കേറിയ ജീവിതത്തിനിടയിൽ ചുറ്റുമുള്ളവരെ കാണാനും അറിയാനും മറക്കരുതെന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഈ കുഞ്ഞുങ്ങൾ...

Author : ന്യൂസ് ഡെസ്ക്

പൂനെ: സഹാനുഭൂതിയുടെയും കരുതലിൻ്റെയും അനേകം വീഡിയോകൾ ദിനംപ്രതി നമ്മൾ കാണുന്നുണ്ടാകും. അതുപോലെ, ആരുടേയും ഹൃദയം കവരുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. അപരിചിതരായ രണ്ട് കുഞ്ഞുങ്ങൾ സ്നേഹത്തിൻ്റെയും കരുതലിൻ്റെയും സന്ദേശം പങ്കുവയ്ക്കുന്നതാണ് വൈറലായ ഈ വീഡിയോ.

രാവന്തിയോളം ഗാന്ധിജിയുടെ വേഷമണിഞ്ഞ് പൂനെയിലെ തെരുവിൽ നിശ്ചലമായി നിന്ന് ആളുകൾക്ക് കൗതുകമാകുന്ന ഒരു കൊച്ചു ബാലൻ. ശരീരത്തിൽ സിൽവർ നിറത്തിലുള്ള ചായം തേച്ച്, കണ്ണട വച്ച് കയ്യിൽ പുസ്തകവും ദണ്ഡുമേന്തി നിൽക്കുന്ന അവനെ ഒരു ജീവനുള്ള പ്രതിമയായി കണ്ട് കടന്നുപോകുന്നവരാകും ഭൂരിഭാഗം പേരും. പലപ്പോഴും ഫോട്ടോ എടുക്കാനോ മറ്റോ ആകും ആളുകൾ അവന് സമീപം കുറച്ച് നേരം നിൽക്കുന്നത്.

എന്നാൽ, വിശപ്പും ക്ഷീണവും മറന്ന് റോഡരികിൽ നിൽക്കുന്ന ആ ബാലന് കരുതലുമായി എത്തുകയാണ് ഒരു കൊച്ചു പെൺകുട്ടി. താൻ കഴിച്ചുകൊണ്ടിരുന്ന ബ്രഡ് കഷ്ണം പകുത്തുനൽകുകയാണ് അവൾ. അവളുടെ കയ്യിൽ നിന്ന് ആ ബ്രഡ് കഷണം അവൻ ആർത്തിയോടെ കഴിക്കുന്നതും കാണാം.

ഈ 'ചെറിയ വലിയ' കരുതലിൻ്റെ വീഡിയോ ഇതിനകം തന്നെ വലിയ തോതിൽ പങ്കുവയ്ക്കപ്പെടുന്നുണ്ട്. തിരക്കേറിയ ജീവിതത്തിനിടയിൽ ചുറ്റുമുള്ളവരെ കാണാനും അറിയാനും മറക്കരുതെന്ന ഓർമപ്പെടുത്തൽ കൂടിയാകുകയാണ് ഈ കുഞ്ഞുങ്ങൾ. നിരവധി പേരാണ് വീഡിയോയുടെ താഴെ കമൻ്റുമായെത്തുന്നത്. "ഇന്നത്തെ കാലത്ത് യഥാർഥ മനുഷ്യർ വളരെ കുറവാണ്" എന്നാണ് വീഡിയോക്ക് താഴെ വന്ന ഒരു കമൻ്റ്. "വാക്കുകൾക്കതീതമാണ് സ്നേഹ"മെന്ന് മറ്റൊരു കമൻ്റ്.

SCROLL FOR NEXT