SOCIAL

കാലം മാറി ! ജെൻസികൾക്കിടയിൽ ആൻ്റി-അംബീഷൻ വർധിക്കുന്നതായി റിപ്പോർട്ട്

ജെന്‍സി വര്‍ക്കേഴ്സ് സര്‍വേയിലാണ് ഈ കണ്ടെത്തല്‍.

Author : ന്യൂസ് ഡെസ്ക്

ജെന്‍ സികള്‍കളെ ചുറ്റിപ്പറ്റിയുള്ള വാക്കുകളാണ് ഇന്ന് ഏറെയും ചര്‍ച്ചാ വിഷയം. പലതിൻ്റെയും അര്‍ഥം അറിയില്ലെങ്കിലും കേള്‍ക്കുമ്പോള്‍ നല്ല കനമുള്ള വാക്കുകള്‍, ആൻ്റി-അംബീഷൻ എന്നൊക്കെ പോലെ. ജെന്‍സികളില്‍ ആൻ്റി അംബീഷന്‍ പ്രവണത കൂടി വരുന്നതായാണ് പഠനം സൂചിപ്പിക്കുന്നത്. അടുത്തിടെ നടന്ന ജെന്‍സി വര്‍ക്കേഴ്സ് സര്‍വേയിലാണ് ഈ കണ്ടെത്തല്‍.

ജോലി, സാലറി, ഉയര്‍ന്ന പദവി, സേവിങ്‌സ്, എന്നിവയ്ക്ക് മുന്‍ഗണന കൊടുക്കാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ജെന്‍സികളുടെ കരിയര്‍ ചോയ്‌സ് അല്‍പം വ്യത്യസ്തമാണ്. കരിയറിൻ്റെ കുതിപ്പിനെക്കാളും സേവിങ്‌സിനേക്കാളും സ്വന്തം മാനിസികാരോഗ്യത്തിനാണ് ജെന്‍സികൾ പ്രാധാന്യം നല്‍കുന്നതെന്നാണ് സര്‍വേയില്‍ പറയുന്നത്. ജീവിത വിജയം അധികാരമോ പദവിയോ മാത്രമല്ലെന്ന് വിശ്വസിക്കുന്ന സമീപനമാണ് ഇത്.

കരിയറിനേക്കാളും പദവികളേക്കാളും പ്രധാനം മനസമാധാനം ആണെന്ന തിരിച്ചറിവാണ് ജെന്‍സികളെ ആൻ്റി അംബീഷന്‍ പ്രവണതയില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നത്. ഉയര്‍ന്ന പദവിയൊന്നും ലഭിച്ചില്ലെങ്കിലും, ഇപ്പോഴുള്ള ജോലി, സമയം, സമാധാനം, അത് തുടരാന്‍ ആണ് ഇവര്‍ താല്‍പ്പര്യപ്പെടുന്നത്.

സര്‍വേ അനുസരിച്ച് 52 ശതമാനം യുവജനങ്ങളും അവരുടെ കരിയര്‍ വളര്‍ച്ചയെക്കാള്‍ മാനസിക ആരോഗ്യത്തിന് മുന്‍ഗണന കൊടുക്കുന്നുണ്ട്. സാലറി കുറവാണെങ്കിലും, മനസമാധാനം മതിയെന്ന ചിന്തയില്‍ 41 ശതമാനം പേരാണ് ജോലി ചെയ്യാന്‍ സന്നദ്ധരായി നില്‍ക്കുന്നത്.

ഓവര്‍ ടൈം ചെയ്തിട്ടും, ജോലി നഷ്ടപ്പെടുന്നതും, സാലറി വെട്ടിക്കുറയ്ക്കുന്നതുമായ അവസ്ഥയിലാണ് പല സ്ഥാപനങ്ങളും. കഠിനാധ്വാനം തൊഴില്‍ സുരക്ഷ ഉറപ്പു നല്‍കുന്നില്ലെന്ന യാഥാര്‍ഥ്യം ജെന്‍സികള്‍ ഉള്‍ക്കൊണ്ട് കഴിഞ്ഞു. മാനസികാരോഗ്യത്തെ പറ്റിയുള്ള അവബോധവും ജെന്‍സികള്‍ക്കിടയില്‍ വര്‍ധിക്കുന്നു.

ജോലി സ്ഥലങ്ങളിലെ മാനസിക സമ്മര്‍ദവും, ആരോഗ്യം പോലും നോക്കാതെയുള്ള വര്‍ക്കിങ് പാറ്റേണുകളും, കമ്പനികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ജെന്‍സികളെ പ്രേരിപ്പിക്കുന്നു. ഒരു കമ്പനിയില്‍ തന്നെ ദീര്‍ഘകാലം ജോലി ചെയ്യുന്ന രീതി പുതുതലമുറക്കാര്‍ പിന്തുടരുന്നത് കുറവാണ്.

ചുരുക്കത്തില്‍ ജീവിതം മുഴുവന്‍ ജോലിക്ക് പിന്നാലെ ഓടാതെ, സമാധാനത്തോടെ ജീവിക്കുക രീതിയിലേക്കാണ് പുതിയ തലമുറ പോകുന്നത്. നിരന്തരമായ മത്സരത്തിനും മുന്നോട്ട് മാത്രം ഓടണം എന്ന സാമൂഹിക സമ്മര്‍ദത്തിനും എതിരായുള്ള ചിന്താഗതിയാണ് ആൻ്റി-അംബീഷൻ എന്ന വാക്ക് കൊണ്ട് അടിവരയിടന്നത്.

SCROLL FOR NEXT