ബന്ധങ്ങൾ ബന്ധനങ്ങളായി തോന്നിതുടങ്ങുന്നിടത്ത് അതിൻ്റെ ഭംഗി നഷ്ടപ്പെടാൻ തുടങ്ങും അല്ലേ? തലമുറകൾക്കൊപ്പം ബന്ധങ്ങളെല്ലാം ഒരുപാട് മാറിയിട്ടുണ്ട്. പ്രത്യേകിച്ച് പ്രണയബന്ധങ്ങൾ. പ്രണയിക്കുന്നയാളാണ് ലോകം, അയാൾക്ക് പുറമെ ഒന്നുമില്ലെന്ന യാഥാസ്ഥിതിക ചിന്തയൊന്നും ജെൻസീക്ക് ഇല്ല. ഒരു സിനിമാ ഡയലോഗ് പോലെ ജീവിതത്തിലെ ഒരുപാട് കാര്യങ്ങളിൽ ഒന്നു മാത്രമാണ് അവർക്ക് പ്രണയം. ചുരുക്കി പറഞ്ഞാൽ ബന്ധങ്ങളിലെ കൽപ്പിത ഹൈറാർക്കി തകർക്കുകയാണ് പുതിയ തലമുറ. അതെ ബന്ധത്തിൻ്റെ കെട്ടുപാടുകളില്ലാത്ത 'റിലേഷൻഷിപ്പ് അനാർക്കി' അഥവാ 'ആർ.എ' ആണ് ഇപ്പോൾ ട്രെൻ്റിങ്!
എന്താണ് നമ്മൾ? സുഹൃത്തുക്കളാണോ, അടുത്ത സുഹൃത്തുക്കൾ, അതുമല്ലെങ്കിൽ ലവേഴ്സ്? ഏതൊരു ബന്ധത്തിനും ഒരു നിർവചനം നമുക്ക് ആവശ്യമാണ്. ആശയക്കുഴപ്പങ്ങളൊഴിവാക്കാനും.. നൽകുന്ന അല്ലെങ്കിൽ ലഭിക്കേണ്ട സ്നേഹത്തിൻ്റെ തോത് മനസിലാക്കാനും എല്ലാം ബന്ധത്തിന് ഒരു നിർവചനം വേണം. എന്നാൽ ഓരോ ബന്ധത്തിനും വേണ്ട അളവ് നിശ്ചയിച്ചതാരാണ്? നിയമങ്ങളുണ്ടാക്കുന്നതാരാണ്? ഒരു ഹൈറാർക്കി സ്ഥാപിച്ചതാരാണ്? ഇങ്ങനെയൊക്കെ ചിന്തിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ, റിലേഷൻഷിപ്പ് അനാർക്കി എന്താണെന്ന് എളുപ്പത്തിൽ മനസിലാക്കാം.
ചുരുക്കി പറഞ്ഞാൽ ബന്ധങ്ങൾക്ക് നൽകി വരുന്ന പരമ്പരാഗത ലേബലുകളെ നിരസിക്കുന്ന ഫിലോസഫിയാണ് റിലേഷൻഷിപ്പ് അനാർക്കി. ഈ ഫിലോസഫി പ്രകാരം എല്ലാ ബന്ധങ്ങളും ഒരുപോലെ പ്രാധാനമാണ്, അല്ലെങ്കിൽ അതുല്യമാണ്. ഇവിടെ കെട്ടുപാടുകളുണ്ടാകില്ല. ബന്ധങ്ങളിൽ സമൂഹം കൽപ്പിച്ച് നൽകുന്ന പല അലിഖിത നിയമങ്ങളുമുണ്ട്. എന്നാൽ ഇരുകൂട്ടരുടെയും അംഗീകാരമില്ലാതെ ആ നിയമങ്ങൾ പാലിക്കേണ്ട ആവശ്യമില്ലെന്നാണ് റിലേഷൻഷിപ്പ് അനാർക്കി പിന്തുടരുന്നവരുടെ പക്ഷം. ഒരു ലേബൽ വെച്ച് ഇതാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം എന്ന് സമൂഹത്തിന് മുന്നിൽ വിശദീകരിക്കേണ്ട ആവശ്യമില്ലെന്നും റിലേഷൻഷിപ്പ് അനാർക്കി പിന്തുടരുന്നവർ പറയുന്നു.
റിലേഷൻഷിപ്പ് അനാർക്കി പിന്തുടരുന്നവർക്ക് ബന്ധങ്ങൾക്കിടയിൽ ഒരു പ്രയോരിറ്റി ഓർഡർ ഉണ്ടാകില്ല. പാർട്ണർ, സുഹൃത്തുക്കൾ, അയൽക്കാർ, സഹപ്രവർത്തകർ - എല്ലാവരെയും ഒരുപോലെയാകും കണക്കാക്കുക. എല്ലാ ബന്ധത്തിലും വൈകാരികമോ ശാരീരികമോ മാനസികമോ ആയ അടുപ്പത്തിനും പോസിബിളിറ്റി ഉണ്ടെന്നാണ് റിലേഷൻഷിപ്പ് അനാർക്കി ഫോളോ ചെയ്യുന്നവരുടെ പക്ഷം. ഒരു വ്യക്തിക്കും മറ്റൊരാളേക്കാൾ മുൻഗണന നൽകുകയുമില്ല.
എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ആൻഡി നോർഡ്‌ഗ്രെൻ ആണ് ഈ വാക്ക് ആദ്യമായി ഉപയോഗിക്കുന്നത്. ആൻഡി നോർഡ്‌ഗ്രെനിൻ്റെ ചോദ്യം ഇതായിരുന്നു. സ്നേഹം, പ്രണയം ഇവയെല്ലാം കമിതാക്കളിലേക്ക് അല്ലെങ്കിൽ ദമ്പതികളിൽ മാത്രം ചുരുങ്ങി പോകേണ്ട വികാരമാണോ? ഇത് പുതുതലമുറ ഏറ്റെടുത്തു. പ്രത്യേകിച്ച് എൽജിബിടിക്യു വിഭാഗത്തിന് റിലേഷൻഷിപ്പ് അനാർക്കി ഫിലോസഫി നന്നായി ബോധിച്ചു. എൽജിബിടിക്യു ഡേറ്റിങ് ആപ്പായ ഫീൽഡിൻ്റെ റിപ്പോർട്ടനുസരിച്ച് 20 ശതമാനത്തോളം ആളുകൾ റിലേഷൻഷിപ്പ് അനാർക്കി പരീക്ഷിച്ചിട്ടുണ്ട്. ഇതിനൊപ്പം കെട്ടുപാടുകളില്ലാതെ പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം റിലേഷൻഷിപ്പ് അനാർക്കി തെരഞ്ഞെടുക്കുകയാണ്.
ഇനി ഒരുപാട് പേരെ പ്രണയിക്കുന്ന പോളിയോമറിയെ ഒന്നു പോളിഷ് ചെയ്തെടുത്തതല്ലേ റിലേഷൻഷിപ്പ് അനാർക്കിയെന്ന് പലർക്കും തോന്നിയേക്കും. പരസ്പര സമ്മതത്തോടെ ഒന്നിൽക്കൂടുതൽ ആളുകളുമായി പ്രണയത്തിലേർപ്പെടുന്ന സമ്പ്രദായമാണ് പോളിയോമറി. പോളിയോമറി റിലേഷനിലുള്ളവര്‍ക്ക് ഒരാള്‍ പ്രധാന പങ്കാളിയായിരിക്കും. എന്നാൽ റിലേഷൻഷിപ്പ് അനാർക്കിയിൽ അങ്ങനെയല്ല കാര്യങ്ങൾ. ഇവിടെ പ്രൈമറി, സെക്കണ്ടറി പങ്കാളികളില്ല.
വൈകാരിക അടുപ്പം, സത്യസന്ധത, സുതാര്യത എന്നിവയാണ് റിലേഷൻഷിപ്പ് അനാർക്കിയുടെ അടിസ്ഥാന മൂല്യങ്ങൾ. മനഃശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ ആന്യ ജയ് ഇതിനെ മനോഹരമായി വിശദീകരിക്കുന്നു: "ഭരണാധികാരിയില്ലാതെ എന്നർത്ഥമുള്ള ഗ്രീക്ക് വാക്കിൽ നിന്നാണ് റിലേഷൻഷിപ്പ് അനാർക്കിയുടെ ഉത്ഭവവും. അതായത് നിങ്ങളുടെ സ്വകാര്യ ബന്ധങ്ങൾക്കുള്ള നിയമങ്ങൾ നിർമിക്കുന്നത് നിങ്ങളും അതിൽ ഉൾപ്പെട്ടിരിക്കുന്ന ആളുകളും മാത്രമായിരിക്കും. സ്ക്രിപ്റ്റുകളില്ല, ടെംപ്ലേറ്റുകളില്ല, ഇത്ര മാത്രം" ....
ബന്ധങ്ങളിൽ സ്വാതന്ത്ര്യം ഓഫർ ചെയ്യുന്നെങ്കിൽ പോലും റിലേഷൻഷിപ്പ് അനാർക്കിയിലും വെല്ലുവിളികളുണ്ട്. നിയമങ്ങളും ലേബലുകളുമില്ലാതാവുന്നതോടെ ബന്ധത്തിൽ ബൗണ്ടറി സെറ്റ് ചെയ്യാൻ കഴിയാതെ വന്നേക്കുമെന്നതാണ് റിലേഷൻഷിപ്പ് അനാർക്കിയുടെ പ്രധാന പോരായ്മയായി മാനസികാരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ബന്ധങ്ങളിൽ പ്രതിബദ്ധത കാത്തുസൂക്ഷിക്കാൻ കഴിയാത്തവരാണ് റിലേഷൻഷിപ്പ് അനാർക്കി പിന്തുടരുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. എന്നാൽ റിലേഷൻഷിപ്പ് അനാർക്കിയെ പിന്തുണയ്ക്കുന്നവർ പറയുന്നത് മറിച്ചാണ്. ഈ ഫിലോസഫി പിന്തുടരണമെങ്കിൽ കൂടുതൽ പരിശ്രമവും ഇമോഷണൽ ക്ലാരിറ്റിയും ആവശ്യമാണെന്ന് അവർ പറയുന്നു.
എന്തായാലും പ്രണയത്തെയും അറ്റാച്ച്മെൻ്റിനെയും പൂർണമായി നിരാകരിക്കുന്ന ഒന്നല്ല റിലേഷൻഷിപ്പ് അനാർക്കി. ബന്ധങ്ങളുടെ ലിഖിത നിയമത്തെ പൊളിച്ചുമാറ്റി സ്വയം നിയമങ്ങൾ നിർമിക്കുക മാത്രമാണ് ഈ ട്രെൻ്റ് പിന്തുടരുന്നവർ ചെയ്യുന്നത്. ഇവരെ സംബന്ധിച്ചിടത്തോളം അൽപ നേരം സംസാരിച്ചിരിക്കുന്നതും, ഇമോഷണൽ സപ്പോർട്ട് നൽകുന്നതും, ഭക്ഷണം കഴിക്കുന്നതും എല്ലാം പ്രണയത്തിൻ്റെ വലിയ അടയാളപ്പെടുത്തലുകൾ തന്നെയായിരിക്കും. ചുരുക്കി പറഞ്ഞാൽ റിലേഷൻഷിപ്പ് അനാർക്കിയിലൂടെ പ്രണയത്തെ പുനർനിർവചിക്കുകയാണ് ജെൻ സീ.