വൈറ്റ് ഹൗസ് കറസ്പോണ്ടൻ്റുമാരുടെ ഡിന്നർ പരിപാടിക്കിടയിൽ വെടിവയ്പ് നടന്ന സംഭവത്തിനിടെ ചർച്ചയായി 2023ലെ ഒരു ട്വീറ്റ്. ഹെൻറി മാർട്ടിനെസ്” എന്ന് പേരുളള ഒരാളുടെ പഴയ ട്വീറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കോൾ അലൻ എന്ന് മാത്രമായിരുന്നു ആ ട്വീറ്റ്. ട്വീറ്റ് വൈറലായതോടെ ഈ പഴയ പോസ്റ്റും ഇപ്പോൾ നടന്ന സംഭവവും തമ്മിൽ ബന്ധമുണ്ടോ എന്ന ചർച്ച നടക്കുകയാണ് ആളുകൾക്കിടയിൽ.
2026 ഏപ്രിൽ 25-ന് വാഷിംങ്ടണിലെ ഹിൽട്ടൺ ഹോട്ടലിൽ നടന്ന ഡിന്നർ പരിപാടിയ്ക്കിടെയായിരുന്നു സംഭവം. സംഭവത്തിലെ പ്രതി കാലിഫോർണിയയിലെ ടോറൻസ് സ്വദേശിയായ 31 കാരൻ കോൾ ടോമസ് അലനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കോൾ അലൻ എന്ന ട്വീറ്റ് ചർച്ചയാവുന്നത്. വെടിവയ്പിന് പിന്നാലെ തന്നെ സുരക്ഷാസേന വേഗത്തിൽ പ്രതിയെ പിടികൂടിയിരുന്നു . പിന്നാലെ പരിപാടിയിൽ പങ്കെടുത്തിരുന്ന പ്രമുഖരെ സുരക്ഷിതമായി മാറ്റുകയും ചെയ്തു.
അതേസമയം, പഴയ സോഷ്യൽ മീഡിയ പോസ്റ്റിൻ്റെ പശ്ചാത്തലവും അതുകൊണ്ട് എന്താണ് അർഥമാക്കുന്നതെന്നും ഇപ്പോഴും വ്യക്തമായിട്ടില്ല. ഇത് യാദൃശ്ചികമാണോ അല്ലെങ്കിൽ സംഭവവുമായി ബന്ധപ്പെട്ടതാണോ എന്ന കാര്യത്തിൽ അന്വേഷണം നടന്നു വരികയാണ്. 2023 ഡിസംബറിൽ പോസ്റ്റ് ചെയ്തിട്ടുള്ള അക്കൗണ്ടിലുളള ഏക പോസ്റ്റും ഇതുതന്നെയാണ്. പ്രൊഫൈൽ ചിത്രമായി “പെപെ ദ ഫ്രോഗ്” എന്ന കാർട്ടൂൺ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പലരും സംഭവത്തിൻ്റെ യാദൃച്ഛികതയെ സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളും ചർച്ചകളും മുന്നോട്ട് വെക്കുന്നുമുണ്ട്. അവഗണിക്കാനാവാത്തത്രയും യാദൃച്ഛികമാണിതെന്നാണ് ഇതിനെ സംബന്ധിച്ച ഒരാളുടെ കമൻ്റ്. ഇതെങ്ങനെ സംഭവിക്കുമെന്നാണ് ഒരാളുടെ ചോദ്യം. എന്തായാലും പോസ്റ്റ് യാദൃച്ഛികമാണെന്നും അല്ലെന്നും സമർഥിക്കുന്ന രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ.
കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഈ പോസ്റ്റ് ലക്ഷക്കണക്കിന് ആളുകൾ കാണുകയും ആയിരക്കണക്കിന് പ്രതികരണങ്ങളും അഭിപ്രായങ്ങളും നേടുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തെ പറ്റിയുള്ള ചര്‍ച്ചകളും സോഷ്യൽ മീഡിയയിൽ കൂടുതൽ ശക്തമായി തുടരുകയാണ്.