Image: Reddit 
SOCIAL

Xi Mingze | ചൈനീസ് പ്രസിഡന്റിന്റെ മകള്‍ അമേരിക്കയില്‍ രഹസ്യമായി താമസിക്കുന്നോ? ആരാണ് ഷി മിങ്‌സെ ?

ട്രംപ് അനുകൂലിയും തീവ്ര വലതുപക്ഷ രാഷ്ട്രീയവാദിയുമായ ലോറ ലൂമര്‍ ആണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്

Author : ന്യൂസ് ഡെസ്ക്

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ഏക മകളാണ് ഷി മിങ്‌സെ. ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത് ഷി മിങ്‌സെയാണ്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പഠനം പുനരാരംഭിക്കുന്നതിനായി ഷി മിങ്‌സെ അമേരിക്കയിലേക്ക് മടങ്ങിയേക്കാമെന്ന റിപ്പോര്‍ട്ടുകളാണ് മാധ്യമശ്രദ്ധയ്ക്ക് കാരണം.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുകൂലിയും തീവ്ര വലതുപക്ഷ രാഷ്ട്രീയവാദിയുമായ ലോറ ലൂമര്‍ ആണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സുരക്ഷാ വലയത്തില്‍ ഷി മിങ്‌സെ മസാച്യുസെറ്റ്‌സില്‍ താമസിക്കുന്നുവെന്ന ലോറയുടെ എക്‌സ് പോസ്‌റ്റോടെയാണ് വാര്‍ത്താ ഏജന്‍സികള്‍ ഈ വാര്‍ത്ത ഏറ്റെടുത്തത്. ഷി മിങ്‌സെയെ യുഎസ്സില്‍ നിന്ന് നാടുകടത്തണം എന്നാവശ്യപ്പെട്ടായിരുന്നു ലോറയുടെ പോസ്റ്റ്.

ഷി മിങ്‌സെയെ കുറിച്ച്

1992 ജൂണ്‍ 25 നാണ് ഷി ജിന്‍പിങ്ങിന് ഷി മിങ്‌സെ ജനിക്കുന്നത്. ചൈനയിലെ ഫുജാന്‍ പ്രവിശ്യയില്‍ രാഷ്ട്രീയ കുടുംബത്തിലാണ് ഷി മിങ്‌സെ വളര്‍ന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബീജിങ് ജിങ്ഷാന്‍ സ്‌കൂളിലും ഹാങ്ഷോ ഭാഷാ സ്‌കൂളിലുമായിരുന്നു മിങ്‌സെയുടെ വിദ്യാഭ്യാസം. ഹാങ്‌ഷോയില്‍ ഫ്രഞ്ച് ആയിരുന്നു ഷി മിങ്‌സെയുടെ വിഷയം. 2010 ലാണ് മിങ്‌സെ ഹാര്‍വാര്‍ഡ് സര്‍വകലാശായില്‍ പഠനത്തിനായി എത്തുന്നത്. സുരക്ഷാ കാരണങ്ങളാല്‍ അപരനാമത്തിലായിരുന്നു വിദ്യാഭ്യാസം. 2014 ല്‍ സൈക്കോളജിയില്‍ ബിരുദം നേടി.

പൊതു ഇടങ്ങളില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കുന്ന വ്യക്തിയാണ് ഷി മിങ്‌സെ. അതേസമയം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. 2008 ല്‍ സിചുവാന്‍ ഭൂകമ്പത്തെ തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 2013ല്‍, ഷാന്‍സിയിലെ യാനാനിലെ ലിയാങ്ജിയാഹെ ഗ്രാമത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം ജനങ്ങള്‍ക്ക് പുതുവത്സരാശംസ നേരാന്‍ ഷി മിങ്‌സെയും ഉണ്ടായിരുന്നു.

ഷി മിങ്‌സെയുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ ചൈനീസ് ഗവണ്‍മെന്റും ജാഗ്രത പാലിച്ചിരുന്നു. ഇതിന്റെ ഉദാഹരണമാണ് 2019 ല്‍ ഷി മിങ്‌സെയെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ പങ്കുവെച്ചതിനു നിയു തെങ്യൂ എന്നയാളുടെ അറസ്റ്റ്. ഷി മിങ്‌സെയുടെ സ്വകാര്യത ലംഘിച്ചതിന് ഇയാള്‍ക്ക് 14 വര്‍ഷം കഠിന തടവാണ് വിധിച്ചത്.

രാഷ്ട്രീയ ഭാവി

ഷി ജിന്‍പിങ്ങിനു ശേഷം ചൈനയുടെ രാഷ്ട്രീയ ഭാവി ഷി മിങ്‌സെയിലേക്ക് എത്തുമോ എന്ന ചര്‍ച്ചയും ഒരു വശത്ത് നടക്കുന്നുണ്ട്. എന്നാല്‍ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള സൂചനകളോ അഭിലാഷങ്ങളോ ഇതുവരെ ഷി മിങ്‌സെ പ്രകടിപ്പിച്ചിട്ടില്ല.

SCROLL FOR NEXT