വനംവകുപ്പ് ഉദ്യോഗസ്ഥർ വരുന്നതും കാത്തിരുന്ന് മടുത്തു… ഒടുവിൽ കുളത്തിലിറങ്ങി മുതലയെ പിടിച്ച് കൈകളിൽ തൂക്കിയെടുത്ത് വനംവകുപ്പിന് കൈമാറി കർഷകവനിത. മധ്യപ്രദേശിലെ ജബൽപൂരിലാണ് ഏവരെയും അമ്പരപ്പിച്ച സംഭവം. ജബൽപൂരിലെ സൺപുർ ഘാന ഗ്രാമത്തിലെ കുളത്തിലാണ് ഏകദേശം നാല് അടി നീളമുള്ള മുതലയെ കണ്ടെത്തിയത്. കർഷകനായ ലഖ്പത് യാദവും ഭാര്യയുമാണ് തങ്ങളുടെ കൃഷിയിടത്തോട് ചേർന്നുള്ള കുളത്തിൽ മുതലയെ കണ്ടത്. ഇതോടെ ഗ്രാമവാസികളും ഭീതിയിലായി.
വിവരം ഉടൻതന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും രക്ഷാപ്രവർത്തനത്തിനായി ആരും സ്ഥലത്തെത്തിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഒടുവിൽ കാത്തിരിപ്പ് മതിയാക്കി ലഖ്പത് യാദവും ഭാര്യയും തന്നെ മുതലയെ പിടികൂടാൻ തീരുമാനിച്ചു. കുളത്തിൽ വല വിരിച്ച് നടത്തിയ നീക്കത്തിനൊടുവിൽ മുതലയെ കുടുക്കി.
എന്നാൽ അതിനുശേഷമാണ് രംഗം കൂടുതൽ കൗതുകകരമായത്. പിടികൂടിയ മുതലയെ ഭയമൊന്നുമില്ലാതെ കൈകളിൽ തൂക്കിയെടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അടുത്തേക്ക് കൊണ്ടുപോകുകയായിരുന്നു യുവതി. സംഭവം കണ്ട നാട്ടുകാരും അമ്പരന്നു. വന്യജീവികളെ രക്ഷപ്പെടുത്തുന്നതിൽ വനംവകുപ്പിന്റെ അനാസ്ഥയാണോ ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്നതെന്ന ചോദ്യവും ഇതോടെ ഉയരുകയാണ്.