ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭങ്ങളിൽ വ്യത്യസ്ത പ്രതിഷേധ രീതിയുമായി ഇറാനിയൻ സ്ത്രീകൾ. ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയിയുടെ ചിത്രം കത്തിച്ച് അതിൽ നിന്നും സിഗരറ്റ് കൊളുത്തുന്ന സ്ത്രീകളുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സ്ത്രീകളുടെ വസ്ത്രധാരണത്തിനും സ്വാതന്ത്ര്യത്തിനും നിയന്ത്രണങ്ങളുള്ള രാജ്യമാണ് ഇറാൻ എന്നിരിക്കെയാണ് ഇറാനിയൻ സ്ത്രീകളുടെ പുതിയ ട്രെൻഡ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രാജ്യത്തിൻ്റെ രാഷ്ട്രീയ, മത അധികാരത്തിനെതിരായ തുറന്ന വെല്ലുവിളിയായി കൂടിയാണ് ഈ പ്രതിഷേധത്തെ കണക്കാക്കുന്നത്.
എക്സ്, ഇൻസ്റ്റാഗ്രാം, റെഡ്ഡിറ്റ്, ടെലിഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെല്ലാം ഇതിനകം തന്നെ ഈ ചിത്രങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. ആയിരക്കണക്കിന് പേരാണ് ചിത്രങ്ങൾ ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തിരിക്കുന്നത്.
ഇറാനിയൻ നിയമപ്രകാരം പരമോന്നത നേതാവിൻ്റെ ചിത്രം കത്തിക്കുന്നത് ഗുരുതരമായ കുറ്റമായി കണക്കാക്കപ്പെടുന്നതിനിടെയാണ് സ്ത്രീകൾ ഖമനേയിയുടെ ചിത്രം കത്തിച്ച് അവർക്ക് വിലക്കേർപ്പെടുത്തിയിരുന്ന പുകവലിയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്ന കർശനമായ സാമൂഹിക നിയമങ്ങളെ തിരസ്കരിക്കുന്ന രീതിയിലുള്ളതാണ് പ്രതിഷേധം.ഇറാനിയൻ സ്ത്രീകളുടെ ചെറുത്തു നിൽപിനെ അന്താരാഷ്ട്ര ശ്രദ്ധയിലെത്തിക്കുന്നതു കൂടിയാണ് ഈ പ്രതിഷേധം.
അതേസമയം, രാജ്യത്ത് ഇസ്ലാമിക ഭരണകൂടവിരുദ്ധ പ്രക്ഷോഭം ശക്തിയാർജിക്കുകയാണ്.ഇതിനകം നിരവധി പേരാണ് സർക്കാർ വിരുദ്ധ പ്രതിഷേധത്തിൽ കൊല്ലപ്പെട്ടത്. പ്രകടനക്കാർ മുതിർന്ന നേതാക്കളുടെ ചിത്രങ്ങൾ കത്തിക്കുകയും ഭരണ സ്ഥാപനവുമായി ബന്ധപ്പെട്ട പ്രതിമകൾ നശിപ്പിക്കുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്.