കെ.എസ്. രതീഷ് Source: KS Ratheesh FB
SOCIAL

"അങ്ങനെയാണ് ഞാൻ ഒരിക്കലും ജീവനൊടുക്കില്ലെന്ന് തീരുമാനിച്ചത്; എന്തുവന്നാലും മുന്തിരിച്ചാറു പോലുള്ളൊരീ ജീവിതം ആസ്വദിക്കണം"

മരിക്കാന്‍ തീരുമാനിച്ച ഒരു ആറു വയസുകാരനെക്കുറിച്ചുള്ള ഓര്‍മകളും, അവനെ തിരികെ വിളിച്ച സിനിമാപ്പാട്ടിലെ വരികളും പങ്കുവെച്ച് എഴുത്തുകാരനും അധ്യാപകനുമായ കെ.എസ്. രതീഷ്

Author : ന്യൂസ് ഡെസ്ക്

മരിക്കാന്‍ തീരുമാനിച്ച ഒരു ആറു വയസുകാരനെക്കുറിച്ചുള്ള ഓര്‍മകളും, അവനെ തിരികെ വിളിച്ച സിനിമാപ്പാട്ടിലെ വരികളും പങ്കുവെച്ച് എഴുത്തുകാരനും അധ്യാപകനുമായ കെ.എസ്. രതീഷ്. ലോക മാനസികാരോഗ്യ ദിനത്തിലാണ്, എന്തുവന്നാലും മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതം ആസ്വദിക്കണമെന്ന് ആഹ്വാനം ചെയ്തുള്ള ഫേസ്ബുക്ക് കുറിപ്പ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഒരു വേനലവധികഴിഞ്ഞ് അനാഥമന്ദിരത്തിൽ തിരികെ കൊണ്ടുവിട്ടപ്പോൾ പുതിയ തോർത്തും ലൂണാറിന്റെ ഒരു ജോഡി ചപ്പലും,സിന്തോളിന്റെ സോപ്പും അമ്മ വാങ്ങിത്തന്നു. വരുന്നതിന്റെ തലേന്നും കാട്ടിൽക്കയറി കശുവണ്ടി പറിച്ചതും കരിവിലാഞ്ചി മുള്ള് വലിച്ച നീറ്റലും പോയിരുന്നില്ല. കശുവണ്ടിക്കറ വീണ് പൊള്ളിയ കവിൾ എനിക്കും കരിവിലാഞ്ചി മുള്ള് വലിച്ചു മുറിഞ്ഞ കഴുത്ത് അമ്മയ്ക്കും. വീട്ടിൽ നിന്നും വന്നതിന്റെ വേദന മാറിയത് പോലുമില്ല.

എന്റെ ലൂണാറിന്റെ ചെരുപ്പ് മോഷണം പോയി. കഴുകി അലക്കുകല്ലിന്റെ മുകളിൽ ഉണങ്ങാൻ വച്ചതാണ് എന്റെ ഓർമ്മ. അടയാളമായി അതിന്റെ നീല വള്ളിക്ക് താഴെ കെ.എസ്.ആർ എന്ന ചുരുക്കപ്പേരുണ്ട് അതാണ് തെളിവ്. അന്വേഷണം അന്ന് ഒൻപതിൽ പഠിക്കുന്ന സ്‌കൂളിലേക്ക് പോകാൻ വരി നിൽക്കുന്ന രായണ്ണന്റെ കാലിൽ അവസാനിച്ചു. സ്‌കൂൾ വിട്ടുവന്ന് ചെരുപ്പൂരിയിട്ട് പൂന്തോട്ടത്തിൽ വെള്ളം ഒഴിക്കാൻ അണ്ണൻ പോയ തക്കത്തിന് ഞാനും കട്ടച്ചങ്കായ കോടക്കണ്ണൻ ദീപുവും ചെരുപ്പ് പരിശോധിച്ചു. കെ.എസ് ആറിന്റെ നിഴൽ മാഞ്ഞിട്ടില്ല.

ഞങ്ങൾ ചെരുപ്പുമായി രായണ്ണന്റെ മുന്നിൽ ചെന്നു. വെള്ളം കോരുന്ന ബക്കറ്റിന് മുതുകിൽ നാലഞ്ച് ഒത, കഴുത്തിൽ രായണ്ണന്റെ പെരുവിരൽ നഖത്തിന്റെ കീറൽ. ഒരു ചവിട്ടോടെ കട്ടച്ചങ്കായ കോടക്കണ്ണൻ ജീവനുകൊണ്ട് എങ്ങോട്ടോ ഓടി. രണ്ടാം സൺഷെഷെയ്ഡിലിരുന്ന് ഞാൻ അമ്മയെ വിളിച്ചുകരഞ്ഞു. പിന്നീട് ചാകാനായി എന്റെ തീരുമാനം. അവിടുന്ന് തലകീഴായി ചാടുക. തല പിളർന്ന് ആറാം ക്ലാസുകാരൻ ചോര വാർന്ന് ചാകും ഉറപ്പ്.. അപ്പോഴാണ് നീലക്കണ്ണുകളിലെ പാട്ട് സ്പീക്കറിൽ കേൾക്കുന്നത്...

“മരിക്കാൻ ഞങ്ങൾക്ക് മനസില്ല,കരയാൻ ഞങ്ങൾക്ക് മനസില്ല.

തളിരും തിരിയും പോലെ ഞങ്ങടെ തലയും കനിയും നുള്ളുന്നവരേ...

കന്യകമാരുടെ കണ്ണീർ മാറിൽ കാമ നഖങ്ങൾ അമർത്തുന്നവരേ..."

അമ്മയെ ഓർത്തു. രായനെ തിരിച്ചു തല്ലുന്നതോർത്തു. പുതിയ ചെരുപ്പിട്ട് നടക്കുന്നതും കിനാവ് കണ്ടു. കഴുത്തിലെ നഖത്തിന്റെ മുറിവിൽ തടവി പകയോടെ ചാകണ്ടാന്ന് തീരുമാനിച്ചു.

അന്ന് ഒരു ജോഡി ലൂണാറിന്റെയും കിട്ടിയ ഒതകളുടെയും പേരിൽ സ്വയം ചത്തിരുന്നെങ്കിൽ പ്രിയ കൂട്ടുകാരേ! നിങ്ങളെ, എന്റെ അമ്മയെ, എന്റെ മക്കളെ, എന്റെ പങ്കാളിയെ ഈ സ്‌കൂളിലെ കുട്ടികളെ ഒന്നും കാണാനുള്ള ഭാഗ്യം എനിക്കുണ്ടാകുമായിരുന്നില്ല. ഒരു കഥയും എഴുതുമായിരുന്നില്ല. എന്തിനാണ് ഇപ്പോഴിത് പറയുന്നതെന്നാൽ മാനസിക ആരോഗ്യദിനമല്ലേ, വലിയ ഉപദേശങ്ങളൊന്നുമില്ല എനിക്കിങ്ങനെ ചെറിയ കഥയേ ഇന്ന് ക്‌ളാസിലും പറയാനുള്ളൂ അതാണ്. എന്തുവന്നാലും നമുക്കാസ്വദിക്കണം മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതം.

രായണ്ണൻ ആ ചെരുപ്പ് പിന്നെ ഇട്ടില്ല. ഞാനും ഇട്ടില്ല. അത് അന്നത്തെ കൂരി രതീഷിനും കോടക്കണ്ണനും മാത്രമറിയുന്ന പാർട്ടി രഹസ്യമാണ്. അപ്പൊ പാടിക്കോ... മരിക്കാൻ ഞങ്ങൾക്ക് മനസില്ല, കരയാൻ ഞങ്ങൾക്ക് ...

എല്ലാവർക്കും ജീവിത ഉമ്മകൾ

SCROLL FOR NEXT