മാണിക് അലി പാലിൽ കുളിക്കുന്നു Source: X/ @ndtv
SOCIAL

"ഭാര്യ പല തവണ ഒളിച്ചോടി, ഇന്ന് ഞാൻ സ്വതന്ത്രനായി"; വിവാഹമോചനത്തിന് പിന്നാലെ പാലിൽ കുളിച്ച് യുവാവ്

"ഇത്തരം മണ്ടത്തരങ്ങൾ കാണിച്ച് പാൽ പാഴാക്കികളയുന്നതിന് പകരം ആ 40 ലിറ്റർ പാൽ ദരിദ്രർക്ക് വിതരണം ചെയ്യാമായിരുന്നു" സോഷ്യൽ മീഡിയ വിമർശിക്കുന്നു

Author : ന്യൂസ് ഡെസ്ക്

ഇന്ത്യയിൽ വിവാഹ സമയത്ത് നടക്കുന്ന പല വിചിത്രമായ ആചാരങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ വിവാഹമോചനത്തിന് ശേഷം ഒരു യുവാവ് ചെയ്ത 'വിചിത്രമായ ആചാരം' കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ഏറെക്കാലമായി കാത്തിരുന്ന വിവാഹമോചനം ലഭിച്ച ദിവസം പാലിൽ കുളിച്ച് ആഘോഷിക്കുകയാണ് അസം നിവാസിയായ മാണിക് അലി.

"ഇന്ന് മുതൽ ഞാൻ സ്വതന്ത്രനാണെന്ന്" പ്രഖ്യാപിച്ചുകൊണ്ടാണ് മാണിക് അലി പാലിൽ കുളിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ, വീടിന് പുറത്ത് ഒരു പ്ലാസ്റ്റിക് ഷീറ്റിന് മുകളിൽ നാല് ബക്കറ്റ് പാൽ നിറച്ച് നിൽക്കുന്ന അലിയെ കാണാം. പിന്നാലെ ഓരോ ബക്കറ്റിലെയും പാൽ ഒന്നിനുപുറകെ ഒന്നായി തലയിലൂടെ ഒഴിക്കുകയാണ്.

ഭാര്യ പലതവണ കാമുകനൊപ്പം ഒളിച്ചോടിയെന്നും, കുടുംബത്തിൻ്റെ മനസമാധാനത്തിന് വേണ്ടിയാണ് മൗനം പാലിച്ചതെന്നും മാണിക് വീഡിയോയിൽ പറയുന്നുണ്ട്. വിവാഹമോചനം നേടിയ ഇന്ന് സ്വാതന്ത്ര്യം ആഘോഷിക്കാൻ പാലിൽ കുളിക്കുകയാണെന്നും മാണിക് പറയുന്നു. നാട്ടുകാർ പറയുന്നതനുസരിച്ച് വിവാഹമോചനത്തിന് മുൻപായി, രണ്ട് തവണ മാണികിൻ്റെ ഭാര്യ വീട്ടിൽ നിന്നും ഒളിച്ചോടിയിട്ടുണ്ട്.

വീഡിയോക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ഇൻ്റർനെറ്റിൽ നിന്നും ലഭിക്കുന്നത്. "അയാളുടെ മുഖത്തേക്ക് നോക്കൂ, ടെൻഷനിൽ നിന്നും മോചിതനായതിനാൽ അവൻ പുഞ്ചിരിക്കുകയാണ്," ഒരു ഉപയോക്താവ് കുറിച്ചു. മാണിക്കിന് ചിലർ സ്വാതന്ത്ര ദിനാശംസകളും അറിയിക്കുന്നുണ്ട്. എന്നാൽ ഇത്തരം മണ്ടത്തരങ്ങൾ കാണിച്ച് പാൽ പാഴാക്കികളയുന്നതിന് പകരം അയാൾക്ക് ആ 40 ലിറ്റർ പാൽ ദരിദ്രർക്ക് വിതരണം ചെയ്യാമായിരുന്നെന്ന് മറ്റൊരു ഉപയോക്താവ് കുറിച്ചു.

SCROLL FOR NEXT