SPORTS

ബ്രസീലിൻ്റെ രക്ഷകനായി ഹെൻറിക്ക്; അര്‍ജൻ്റീനയ്ക്ക് സമനിലപ്പൂട്ട്

അവസാന നിമിഷത്തില്‍ ലൂയിസ് ഹെൻറിക്‌ നേടിയ ഗോളാണ് ബ്രസീലിന് ആവേശ വിജയം സമ്മാനിച്ചത്

Author : ന്യൂസ് ഡെസ്ക്


2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ചിലിക്കെതിരെ ബ്രസീലിന് ആശ്വാസ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചിലിയെ കാനറികള്‍ വീഴ്ത്തിയത്. അവസാന നിമിഷത്തില്‍ ലൂയിസ് ഹെൻറിക്‌ നേടിയ ഗോളാണ് ബ്രസീലിന് ആവേശവിജയം സമ്മാനിച്ചത്.

മത്സരം സമനിലയിലേക്ക് കടക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ബ്രസീല്‍ മുന്നിലെത്തിയത്. പകരക്കാരനായി എത്തിയ ലൂയിസ് ഹെൻ‌റിക്കാണ് 89-ാം മിനിറ്റില്‍ ഇടങ്കാലന്‍ ഷോട്ടിലൂടെ കാനറിപ്പടയുടെ വിജയഗോള്‍ നേടിയത്.

മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റില്‍ തന്നെ കാനറികളെ ഞെട്ടിച്ച് ചിലിയാണ് ആദ്യം മുന്നിലെത്തിയത്. ഫ്രാന്‍സിസ്‌കോ ലയോളയുടെ അസിസ്റ്റില്‍ നിന്ന് എഡ്വേര്‍ഡോ വര്‍ഗാസാണ് ബ്രസീലിൻ്റെ വല കുലുക്കിയത്. സമനില ഗോളിനായി ബ്രസീൽ പരിശ്രമിച്ചെങ്കിലും സമനില ഗോൾ പിറന്നത് 45ാം മിനിറ്റിലായിരുന്നു.

ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ഇഗോര്‍ ജീസസ് ബ്രസീലിന്റെ രക്ഷകനായി അവതരിച്ചു. സാവീഞ്ഞോയുടെ ക്രോസില്‍ നിന്നാണ് ജീസസ് ബ്രസീലിൻ്റെ സമനില ഗോള്‍ കണ്ടെത്തിയത്.

കഴിഞ്ഞ തവണ പരാഗ്വെയോട് വഴങ്ങിയ തോൽവിയുടെ നിരാശയിലെത്തിയ ബ്രസീലിന് ഈ വിജയം ആത്മവിശ്വാസമേകും. ചിലിക്കെതിരായ ജയത്തോടെ ബ്രസീല്‍ പോയിൻ്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു. ഒൻപത് മത്സരങ്ങളില്‍ 13 പോയിൻ്റാണ് ബ്രസീലിൻ്റെ സമ്പാദ്യം.

അതേസമയം, നിലവിലെ ലോക ചാമ്പ്യന്മാരായ അര്‍ജൻ്റീനയെ വെനസ്വേല സമനിലയില്‍ തളച്ചു. വെനസ്വേലയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു. അര്‍ജൻ്റീനയ്ക്ക് വേണ്ടി നിക്കോളാസ് ഒട്ടാമെന്‍ഡി ഗോളടിച്ചപ്പോള്‍ സലോമോന്‍ റോണ്ടൻ വെനസ്വേലയ്ക്കായി സമനില ഗോൾ കണ്ടെത്തി.

ലയണല്‍ മെസി പരിക്കുമാറി അര്‍ജന്റീനയ്ക്കായി കളത്തിലിറങ്ങിയിരുന്നു. അര്‍ജൻ്റീനയുടെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന് പകരം വല കാത്ത ഗെറോണിമോ റുല്ലി തകർപ്പൻ പ്രകടനം പുറത്തെടുത്തു. മഴ പെയ്തു വെള്ളം നിറഞ്ഞ ഗ്രൗണ്ടിൽ വെനസ്വേലയുടെ ഗോളെന്നുറച്ച നിരവധി അവസരങ്ങള്‍ റുല്ലി തട്ടിയകറ്റി.

SCROLL FOR NEXT